യൂണിഫോം മാത്രം പോര വിദ്യാര്‍ത്ഥികള്‍ക്ക് ഷൂസും കൊടുക്കണം; ബാലാവകാശ സമിതി

യൂണിഫോം മാത്രം പോര വിദ്യാര്‍ത്ഥികള്‍ക്ക് ഷൂസും കൊടുക്കണം; ബാലാവകാശ സമിതി

ഭോപ്പാല്‍: വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ യൂണിഫോമിനൊപ്പം ഷൂസും സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്ന് രാജസ്ഥാന്‍ ബാലാവകാശ സമിതി. അടുത്ത അക്കാദമിക വര്‍ഷം മുതല്‍ ഷൂസും നല്‍കണമെന്നാണ് നിര്‍ദേശം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളില്‍ ഭൂരിഭാഗവും പാദരക്ഷയില്ലാതെയാണ് സ്‌കൂളുകളിലേയ്ക്ക് വരുന്നത്.

യൂണിഫോം ലഭിക്കുന്നുണ്ടെങ്കിലും ഷൂസുകള്‍ അതിനൊപ്പം ലഭിക്കാത്തത് ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ പരാതിയായി കമ്മീഷനെ അറിയിച്ചിട്ടുമുണ്ട്. ‘യൂണിഫോമിന്റെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഘടകമാണ് ഷൂസുകളെന്നും, ചെരുപ്പ് പോലുമില്ലാതെ നഗ്‌നപാദരായാണ് പല കുട്ടികളും സ്‌കൂളില്‍ നടന്നെത്തുന്നതെന്നും, അന്തസ്സുള്ള വസ്ത്രം കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതില്‍ രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ് പരാജയപ്പെട്ടിരിക്കുന്നു, അതിനാല്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ യൂണിഫോമിനൊപ്പം ഷൂസും നല്‍കണമെന്ന് സര്‍ക്കാരിനോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നുവെന്നും’, ബാലാവകാശ സമിതി ചെയര്‍മാന്‍ രഘുവേന്ദ്ര ശര്‍മ്മ അറിയിച്ചു.

കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമിനൊപ്പം ഷൂസും നല്‍കുന്നുണ്ട്. ഷൂസ് നല്‍കുന്ന കാര്യം ഒഡീഷ സര്‍ക്കാറും പരിഗണിക്കുന്നുണ്ട്. സ്‌കൂള്‍ യൂണിഫോമടക്കമുള്ള അവശ്യ സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി ഒരുക്കി കൊടുക്കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നുമുണ്ട്.

Leave a Reply

Your email address will not be published.