ഹരിതാഭമായ ഹരിതവിപ്ലവം നമ്മുടെ ആവശ്യം: കൃഷി മന്ത്രി വി. എസ് സുനില്‍കുമാര്‍

ഹരിതാഭമായ ഹരിതവിപ്ലവം നമ്മുടെ ആവശ്യം: കൃഷി മന്ത്രി വി. എസ് സുനില്‍കുമാര്‍

ഗ്രേറ്റര്‍ നോയിഡ (ഉത്തര്‍പ്രദേശ്): രാസവളങ്ങളും കീടനാശിനികളും കൊണ്ടുളള ഹരിതവിപ്ലവമല്ല, മറിച്ച് ജൈവിക സമ്പത്ത് നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ പ്രകൃതിയെ ഹരിതാഭമാക്കുവാനുളള കാര്‍ഷിക വിപ്ലവമാണ് നമുക്ക് ആവശ്യമെന്ന് കൃഷിമന്ത്രി അഡ്വ. വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന ലോക ജൈവ കോണ്‍ഗ്രസ്സിന്റെ രണ്ടാം ദിവസം പ്ലീനറിസെക്ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവകൃഷി വ്യാപനരംഗത്ത് കേരളത്തിലുണ്ടായിട്ടുളള മുന്നേറ്റങ്ങള്‍ അദ്ദേഹം വിവരിച്ചു.

പ്രത്യേക കാര്‍ഷിക മേഖല സോണുകള്‍, എക്കോഷോപ്പുകള്‍, കേരളാ ഓര്‍ഗാനിക് ബ്രാന്‍ഡിലുളള ഉത്പന്നങ്ങള്‍ തുടങ്ങി പല ചുവടുവയ്പുകള്‍ സംസ്ഥാനത്ത് നടത്തിയിട്ടുളളതായി അദ്ദേഹം അറിയിച്ചു. ചടങ്ങില്‍ കേരളത്തില്‍ നിന്നുളള ജൈവ കര്‍ഷകസമിതിയിലെ പ്രതിനിധിയായി അശോക് കുമാര്‍ രചിച്ച ഡിസീസ് സ്‌പോണിങ് കെമിക്കല്‍ ഫെര്‍ട്ടിലൈസേഴ്‌സ് എന്ന ഗ്രന്ഥം മന്ത്രി പ്രകാശനം ചെയ്തു.

കോണ്‍ഗ്രസ്സിന്റെ ആദ്യ ദിവസം അദ്ദേഹം കേരള പവലിയന്‍ ഉദ്ഘാടനം നടത്തിയിരുന്നു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ലോക ജൈവ കോണ്‍ഗ്രസ്സ് നവംബര്‍ 9 മുതല്‍ 11 വരെയാണ്. ജൈവകോണ്‍ഗ്രസ്സിന്റെ ഉദ്ഘാടനം 9 ന് രാവിലെ നടന്ന ചടങ്ങില്‍ കേന്ദ്ര കൃഷി മന്ത്രി താഹമോഹന്‍സിംഗ് നിര്‍വ്വഹിക്കുകയുണ്ടായി. ഉദ്ഘാടന ചടങ്ങില്‍ സിക്കിം മുഖ്യമന്ത്രി പവന്‍ ചാമ്‌ലിങ്, യു.പി കൃഷിമന്ത്രി സൂര്യപ്രതാപ് ശാസ്ത്രി, അന്താരാഷ്ട്ര ജൈവ കര്‍ഷക സംഘടനയുടെ പ്രസിഡന്റ് ആന്ദ്രലേയു എന്നിവര്‍ പങ്കെടുത്തു.

ഏകദേശം 100 ലധികം രാജ്യങ്ങളില്‍ നിന്നും ജൈവകര്‍ഷകരും കാര്‍ഷിക വിദഗ്ദ്ധരും കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നുണ്ട്. ജൈവകൃഷി സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് 150- ലധികം പഠനപ്രബന്ധങ്ങളും ഈ ദിവസങ്ങളിലായി അവതരിപ്പിക്കുന്നുണ്ട്. നാടന്‍ വിത്തുകളുടെ പ്രദര്‍ശനം, കര്‍ഷകരുടെ കലാവിരുന്ന്, ജൈവഉത്പന്നങ്ങളുടെ പ്രദര്‍ശനം, ചെറുധാന്യങ്ങള്‍ കൊണ്ടുളള ഭക്ഷണം എന്നിവ മേളയുടെ പ്രത്യേകതകളാണ്. കോണ്‍ഗ്രസ്സില്‍ കേരളത്തില്‍ നിന്നുളള 11 ജൈവകര്‍ഷകരുടെ പ്രസന്റേഷനും ഉണ്ടായിരുന്നു. സംസഥാനത്തിന്റെ ജൈവകാര്‍ഷിക നയത്തിന് ശക്തിപകരുന്ന രീതിയിലുളള വ്യാപാര ബന്ധങ്ങള്‍കൂടി സ്ഥാപിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിവകുപ്പ് ഈ ജൈവകോണ്‍ഗ്രസ്സില്‍ പങ്കാളിയായിരിക്കുന്നത്.

Leave a Reply

Your email address will not be published.