അനസൂയ സാരാഭായിയുടെ 132-ാം ജന്മദിനത്തില്‍ അനസൂയക്ക് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍

അനസൂയ സാരാഭായിയുടെ 132-ാം ജന്മദിനത്തില്‍ അനസൂയക്ക് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍

ഇന്ത്യന്‍ വനിതാ തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രഥമ പ്രവര്‍ത്തക അനസൂയ സാരാഭായിയുടെ 132-ാം ജന്മദിനത്തില്‍ അനസൂയക്ക് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍. പാകിസ്താനി കനേഡിയന്‍ ആര്‍ട്ടിസ്റ്റായ മരിയ ഖമര്‍ ആണ് അനസൂയയുടെ അതിമനോഹരമായ ഡൂഡിലിന്റെ സ്രഷ്ടാവ്.
സ്വന്തം പ്രവൃത്തികളിലൂടെ സാമൂഹിക മുന്നേറ്റത്തിന് വഴിതെളിച്ച് ഇന്ത്യന്‍ ചരിത്രത്തില്‍ സ്വന്തം ഇടം നേടിയെടുത്ത നിരവധി വനിതാരത്‌നങ്ങള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ അവരില്‍ ചിലര്‍ക്കെങ്കിലും അര്‍ഹിക്കപ്പെടുന്ന സ്ഥാനം നല്‍കാന്‍ നമുക്ക് സാധിച്ചിട്ടില്ല. അത്തരത്തില്‍ അധികം കൊണ്ടാടപ്പെടാത്ത ഒരു വനിതാരത്‌നമായിരുന്നു അനസൂയ സാരാഭായിയുടേത്.

ഇന്ത്യയിലെ ആദ്യകാല വനിതാ തൊഴിലാളി പ്രസ്ഥാന നേതാക്കളിലൊരാളാണ് അനസൂയ. 1885 നവംബര്‍ 11ന് അഹമ്മദാബാദിലെ ഒരു സമ്പന്ന വ്യവസായ കുടുംബത്തിലാണ് അനസൂയയുടെ ജനനം. അനസൂയക്ക് ഒമ്പത് വയസ്സ് പ്രായമുള്ളപ്പോള്‍ അവള്‍ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു. തുടര്‍ന്ന് അനസൂയയും സഹോദരങ്ങളും അമ്മാവനൊപ്പമായി താമസം.

അനസൂയക്ക് പതിമൂന്ന് വയസ്സുള്ളപ്പോള്‍ തന്നെ അമ്മാവന്‍ അവളെ വിവാഹത്തിന് നിര്‍ബന്ധിച്ചു. പഠിക്കാനായിരുന്നു അനസൂയക്ക് താല്പര്യം. എന്നാല്‍ അവളുടെ ഇഷ്ടത്തെ മറികടന്ന് അമ്മാവന്‍ അവളെ വിവാഹം കഴിപ്പിച്ചയക്കുകയായിരുന്നു ചെയ്തത്. വിവാഹബന്ധം അധികകാലം നീണ്ടുനിന്നില്ല. ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ അവള്‍ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് അനുജന്റെ സഹായത്തോടെ ഇംഗ്ലണ്ടിലേക്ക് പഠനത്തിനായി തിരിച്ചു.

ഒരു മെഡിക്കല്‍ ബിരുദം സമ്പാദിക്കുകയായിരുന്നു അവളുടെ ലക്ഷ്യം. എന്നാല്‍ മെഡിക്കല്‍ പഠനത്തിന്റെ ഭാഗമായി ജന്തുക്കളുടെ ശരീരം കീറിമുറിക്കേണ്ടി വരുമെന്നുള്ളത് ഒരു ജൈനമത വിശ്വാസിയായ അനസൂയക്ക് സാധിക്കുന്ന ഒന്നായിരുന്നില്ല. അവളുടെ വിശ്വാസങ്ങള്‍ക്ക് എതിരായിരുന്നു അത്.

ഇംഗ്ലണ്ടില്‍ വെച്ച് ഫാബിയന്‍ സൊസൈറ്റി അവളെ സ്വാധീനിച്ചു. തുല്യതയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അവള്‍ മനസ്സിലാക്കി. സഫ്രഗേറ്റ് പോരാട്ടിത്തിലും അവല്‍ പങ്കെടുത്തു. ഇന്ത്യയിലേക്ക് തിരിച്ചെത്തിയ അനസൂയയുടെ പ്രവര്‍ത്തന മണ്ഡലം സ്ത്രീകള്‍ക്കിടയിലായിരുന്നു. ഒരിക്കല്‍ 36 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വനിതാ മില്‍ തൊഴിലാളികളോട് സംസാരിക്കാനിടയായതാണ് അനസൂയയെ തൊഴിലാളികള്‍ക്കിടയിലേക്ക് വഴിതിരിച്ച് വിട്ടത്.

ഉയര്‍ന്ന കൂലി ആവശ്യപ്പെട്ട് 1914-ല്‍ അഹമ്മദാബാദിലെ നെയ്ത്തുകാര്‍ ആദ്യമായി സമരം സംഘടിപ്പിച്ചപ്പോള്‍ അതിന് വേണ്ട പിന്തുണ നല്‍കിയത് അനസൂയ ആയിരുന്നു. തുടര്‍ന്ന് തൊഴിലാളികളുടെ ശബ്ദമായി അവള്‍ മാറി. തൊഴിലാളികള്‍ക്ക് മികച്ച തൊഴില്‍ സാഹചര്യങ്ങള്‍ നേടിക്കൊടുക്കാന്‍ അക്ഷീണം പ്രയത്‌നിച്ചു. അവളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മഹാത്മാഗാന്ധിയുടെ അടക്കം പിന്തുണയും ലഭിച്ചു. അതിന്റെ പിന്‍ബലത്തിലാണ് പിന്നീട് സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആവിര്‍ഭവിക്കുന്നത്.

Leave a Reply

Your email address will not be published.