ഗര്‍ഭനിരോധ ഉറ സൗജന്യമാക്കി; 69 ദിവസംകൊണ്ട് ഓര്‍ഡര്‍ ലഭിച്ചത് 10 ലക്ഷത്തിന്

ഗര്‍ഭനിരോധ ഉറ സൗജന്യമാക്കി; 69 ദിവസംകൊണ്ട് ഓര്‍ഡര്‍ ലഭിച്ചത് 10 ലക്ഷത്തിന്

ബംഗളുരു: ഫ്രീ കോണ്ടം സ്റ്റോറിലൂടെ 69 ദിവസത്തിനിടെ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് പത്തു ലക്ഷത്തിലധികം ഗര്‍ഭനിരോധ ഉറകളെന്നു റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏപ്രില്‍ 28നാണ് ഓണ്‍ലൈനിലൂടെ ഗര്‍ഭനിരോധ ഉറകള്‍ വില്‍ക്കുന്നതിനായി ഫ്രീ കോണ്ടം സ്റ്റോര്‍ ആരംഭിച്ചത്. എയിഡ്‌സ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ മുന്‍കൈയെടുത്ത് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡുമായി സഹകരിച്ചാണ് ഈ സംരംഭം നടത്തുന്നത്. ജൂലൈ പകുതി വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

പത്തു ലക്ഷത്തില്‍ 5.14 ലക്ഷം ഗര്‍ഭനിരോധ ഉറകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത് വിവിധ എന്‍ജിഒകളാണ്. ശേഷിക്കുന്ന 4.41 ലക്ഷം ഗര്‍ഭനിരോധ ഉറകള്‍ക്ക് വ്യക്തികള്‍ ഓര്‍ഡര്‍ നല്‍കി. ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളാണ് ഓര്‍ഡറില്‍ മുന്നില്‍നില്‍ക്കുന്നത്.

ഡിസംബര്‍ വരെ നല്‍കുന്നതിനായി 10 ലക്ഷം ഗര്‍ഭനിരോധ ഉറകളാണു സൂക്ഷിച്ചിരുന്നതെന്നും ഇത് ജൂലൈയോടെ ഓര്‍ഡര്‍ പൂര്‍ത്തിയാക്കിയെന്നും അധികൃതര്‍ പറയുന്നു. നവംബര്‍ മാസത്തോടെ 20 ലക്ഷമായി ഓര്‍ഡര്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published.