എന്‍.എന്‍.പിള്ള സ്മാരക സംസ്ഥാന നാടകമത്സരം 14ന്

എന്‍.എന്‍.പിള്ള സ്മാരക സംസ്ഥാന നാടകമത്സരം 14ന്

പിലിക്കോട്: എന്‍.എന്‍. പിള്ള സ്മാരക സംസ്ഥാന പ്രഫഷണല്‍ നാടകമത്സരം 14 മുതല്‍ 22 വരെ മാണിയാട്ട് നടക്കും. കോറസ് മാണിയാട്ട് സംഘടിപ്പിക്കുന്ന ആറാമത് മത്സരത്തില്‍ പ്രമുഖ നാടക സംഘങ്ങള്‍ പങ്കെടുക്കും. നാടകമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 14ന് നടക്കുന്ന ചടങ്ങില്‍ മുന്‍ മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കും. ഈ വര്‍ഷത്തെ എന്‍.എന്‍. പിള്ള അവാര്‍ഡ് പ്രമുഖ സിനിമാതാരം നെടുമുടി വേണു ഏറ്റുവാങ്ങും.

സമാപനദിവസമായ 22ന് പി. കരുണാകരന്‍ എംപി, ചലച്ചിത്ര താരങ്ങളായ മഞ്ജുവാര്യര്‍, വിജയരാഘവന്‍ എന്നിവര്‍ പങ്കെടുക്കും. 21 വരെ മത്സര നാടകങ്ങളും 22ന് വാക്ക് പൂക്കും കാലം പ്രദര്‍ശന നാടകവും അരങ്ങേറും. സിനിമാതാരം ഇ.എ. രാജേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. 21ന് നടക്കുന്ന ചടങ്ങില്‍ പ്രദേശത്തെ വിമുക്ത ഭടന്മാരെ ആദരിക്കും. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉപഹാര സമര്‍പ്പണം നടത്തും. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ‘കരുണ’യാണ് ഒന്നാം ദിവസം അരങ്ങിലെത്തുക.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിര്‍ഭയ, ആഴം, സാക്ഷി, സഹയാത്രികന്റെ ഡയറിക്കുറിപ്പ്, അരങ്ങിലെ അനാര്‍ക്കലി, നോക്കുകുത്തി, എംടിയും ഞാനും എന്നീ നാടകങ്ങള്‍ അവതരിപ്പിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി പുത്തരി നെല്ലുകൊണ്ടുണ്ടാക്കിയ അരിയുണ്ട നാലായിരത്തോളം വരുന്ന കാണികള്‍ക്ക് വിതരണം ചെയ്യും.

പരിപാടിയുടെ ഭാഗമായി 12 ന് തൃക്കരിപ്പൂര്‍, കാലിക്കടവ്, ചെറുവത്തൂര്‍ തുടങ്ങി പന്ത്രണ്ടോളം പ്രദേശങ്ങളില്‍ ഫ്‌ലാഷ് മോബ് സംഘടിപ്പിക്കും. ഉദ്ഘാടന ദിവസം വൈകുന്നേരം നാലിന് അന്നൂര്‍ കെഎംകെ സ്മൃതി മണ്ഡപത്തില്‍നിന്നുള്ള നാടക ജ്യോതി പ്രയാണം തൃക്കരിപ്പൂര്‍ വഴി മാണിയാട്ടെത്തും. കോറസ് കലാസമിതിക്ക് സ്വന്തമായി വാങ്ങിയ സ്ഥലത്ത് കെട്ടിടം പണിയുന്നതിനുള്ള ശിലാസ്ഥാപനവും ഇതിനോട് അനുബന്ധിച്ചു നടക്കും. ഭാരവാഹികളായ എം.വി. കോമന്‍ നന്പ്യാര്‍, ടി.വി.ബാലന്‍, തന്പാന്‍ കീനേരി, സി.നാരായണന്‍, സി. പ്രദീപന്‍, എ.കെ. സതീശന്‍, രാഘവന്‍ മാണിയാട്ട് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published.