കേന്ദ്ര സര്‍വ്വകലാശാലയില്‍ അതിക്രമിച്ചു കയറി ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരെ ബന്ദികളാക്കിയ സംഭവത്തില്‍ നടപടിയില്ല

കേന്ദ്ര സര്‍വ്വകലാശാലയില്‍ അതിക്രമിച്ചു കയറി ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരെ ബന്ദികളാക്കിയ സംഭവത്തില്‍ നടപടിയില്ല

കേന്ദ്രസര്‍വകലാശാലയില്‍ അതിക്രമിച്ചുകയറി ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെ ഓഫീസ് ഉപരോധിക്കുകയും എഞ്ചിനീയര്‍മാരെ ബന്ദികളാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് ബേക്കല്‍ പോലീസിനെതിരെ സര്‍വകലാശാല രജിസ്ട്രാര്‍ ഡി ജി പിക്കും ജില്ലാപോലീസ് മേധാവിക്കും പരാതി നല്‍കി. നവംബര്‍ രണ്ടിനാണ് സംഭവം നടന്നത്.

കേന്ദ്രസര്‍വകലാശാലയില്‍ അതിക്രമിച്ചുകയറിയ സംഘം എഞ്ചിനീയര്‍മാരെ ബന്ദികളാക്കി കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഇതുസംബന്ധിച്ച് സര്‍വകലാശാല അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും രജിസ്ട്രാറുടെ പരാതിയില്‍ വ്യക്തമാക്കി. സംഭവത്തില്‍ കോളനിവാസികളായ ഒമ്പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പിന്നീട് പോലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാരോപിച്ചാണ് സര്‍വകലാശാല അധികൃതര്‍ രംഗത്തുവന്നത്.

എന്നാല്‍ പുനരധിവാസ കോളനിയിലേക്കുള്ള വൈദ്യുതിബന്ധം വിഛേദിച്ചതിന് പിന്നാലെ സര്‍വകലാശാലയുടെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്കുള്ള വൈദ്യുതി കണക്ഷന്റെ ഫ്യൂസും ഊരി ക്രൂരത കാണിച്ച ബന്ധപ്പെട്ടവര്‍ക്കെതിരെ ന്യായമായ ആവശ്യം ഉന്നയിച്ചാണ് ഉപരോധസമരം നടത്തിയതെന്നും കേസുമായി സര്‍വകലാശാല അധികൃതര്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ശക്തമായി തന്നെ നേരിടുമെന്നും കോളനിവാസികള്‍ വ്യക്തമാക്കി. സര്‍വകലാശാലയിലെ രണ്ടുജീവനക്കാര്‍ തന്നെയാണ് ഹോസ്റ്റലിലേക്കുള്ള വൈദ്യുതിബന്ധം വിഛേദിച്ചതെന്നും തങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് ഇങ്ങനെ ചെയ്തതെന്നും കോളനിവാസികള്‍ ആരോപിച്ചു.

പുനരധിവാസകോളനിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് രജിസ്ട്രാറുടെ പേരിലുള്ള വൈദ്യുതികണക്ഷനില്‍ നിന്ന് വൈദ്യുതി ഉപയോഗിക്കുന്നതിനാലാണ് കോളനിയിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചതെന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നു. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ കേന്ദ്രസര്‍വകലാശാലക്ക് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുമെന്നും പുതിയ വീടുകളില്‍ താമസം ആരംഭിക്കുന്നതുവരെ വൈദ്യുതി ആവശ്യമില്ലാത്തതിനാലാണ് കണക്ഷന്‍ വിഛേദിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനുപിറകെയാണ് സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്കുള്ള വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടത്.

Leave a Reply

Your email address will not be published.