കഴിഞ്ഞത് പേറ്റുനോവിന്റെ കാലം

കഴിഞ്ഞത് പേറ്റുനോവിന്റെ കാലം

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

നോട്ടു നിരോധനത്തിന്റെ നാടന്‍ പരിപ്രേഷ്യമായിരുന്നു നാം ഇന്നല്ലെ ചര്‍ച്ച ചെയ്തിരുന്നത്. ഇന്ന് നിരോധനത്തിന്റെ പേറ്റു നോവിനേക്കുറിച്ചാവാം. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നെന്നായിരുന്നു കേരള സര്‍ക്കാരിന്റെയും, സി.പി.എമ്മിന്റെയും നിലപാട്. കോണ്‍ഗ്രസും ഇതിനോടൊട്ടി നിന്നു. അതിനു കാരണമുണ്ട്. നികുതി അടക്കാതെ ഒളിച്ചു വെച്ചിരുന്ന കള്ളപ്പണം ഒളിച്ചിരുന്നത് സഹകരണ ബാങ്കുകളിലായരുന്നുവല്ലോ. പഴയ കറന്‍സി മാറ്റി വാങ്ങാന്‍ പുറത്തെടുത്തപ്പോള്‍ പിടിവീണു. മഹത്തായ സഹകരണ പ്രസ്ഥാനം രജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കുന്നതിനായി കള്ളപ്പണക്കാരുമായി സഹകരിക്കുകയായിരുന്നു. മോദിയുടെ ക്വിക് ആക്ഷന്‍ ഫലിച്ചു. സഹകരണ ബാങ്കുകളും വഴിക്കു വന്നു.

ബാങ്കുകള്‍ അവരുടെ നിക്ഷേപങ്ങളുടെ വിവരങ്ങളും കണക്കുകളും ആദായ നികുതി അധികൃതര്‍ക്ക് നല്‍കണം എന്നാണ് ചട്ടം. തയ്യാറല്ലെങ്കില്‍ ആദായ നികുതി വകുപ്പുകാര്‍ക്കു പരിശോധിക്കാന്‍ കഴിയണം. എന്നാല്‍ പലയിടത്തും അതു നടന്നിരുന്നില്ല. ആ അവസ്ഥ ഇന്നു മാറിയത് മോദിയുടെ മിടുക്കു കൊണ്ടു തന്നെയാണ്.

ഇപ്പോള്‍ റിസര്‍വ്വ് ബാങ്ക് നോട്ടടി തുലോം കുറച്ചിരിക്കുകയാണ് നിലവിലുണ്ടായിരുന്ന നോട്ടിന്റെ 90 ശതമാനവും പിന്‍വലിഞ്ഞു പോയിട്ടുണ്ട്. കറന്‍സിയുടെ ഉപഭോഗം കുറച്ച് വലിയ വലിയ ഇടപാടുകളൊക്കെ ഓണ്‍ലൈന്‍ ഡിജിറ്റലിലേക്ക് മാറ്റി. കള്ളപ്പണം എടുത്തുപയോഗിക്കാനുള്ള അവസരവും അതോടെ പരിമിതപ്പെട്ടു. ഹവാലയും, കുഴല്‍പ്പണ വിപണനവും കുറഞ്ഞു. ഉത്തരേന്ത്യയില്‍ കണ്ടുവന്നിരുന്ന എ.ടി.എം ക്യൂ മിക്കതും കള്ളപ്പണം മാറ്റിയെടുക്കാനുള്ളതായിരുന്നു. ഡല്‍ഹിയിലും മറ്റും കൂലിപ്പണിക്ക് പോകുന്നതിനേക്കാള്‍ ലാഭം നോട്ടുമാറാന്‍ ബാങ്കില്‍ ക്യൂ നില്‍ക്കുന്ന പണിക്കു പോകുന്നതായിരുന്നു. ലോറിയിലും ട്രാക്ടറിലും ആളെക്കൊണ്ടുവന്നിറക്കി ബാങ്കുകള്‍ക്കു മുന്നില്‍ ക്യൂ നിര്‍ത്തുന്നു. അതിന് കരാറുകാര്‍ വരെ ഉണ്ടായി. ഇന്ന് ഒരു ബാങ്കില്‍, നാളെ മറ്റൊരു ബാങ്കില്‍ എന്ന നിലക്ക് ചെറിയ സംഖ്യകളായി കള്ളപ്പണം പുറത്തേക്കു ചാടി. രണ്ടും മൂന്നും ദിവസം എ.ടി.എമ്മിന്റെ മുന്നില്‍ ഒരാള്‍ക്ക് തങ്ങി നില്‍ക്കേണ്ടുന്ന അവസ്ഥയില്‍ വരെയെത്തി. 4500 രൂപയില്‍ അധികം മാറാന്‍ അനുവദിച്ചിരുന്നെങ്കില്‍ നോട്ടു നിരോധനം ഇന്നത്തെ അവസ്ഥയിലേക്ക് വഴിമാറ്റാന്‍ കഴിയുമായിരുന്നില്ല. കള്ളപ്പണം നാട്ടിനെ ഇളക്കി മറിച്ചപ്പോഴും മിക്ക നേതാക്കളും അവരവരുടെ കള്ളപ്പണം സംരക്ഷിക്കുന്നതിന്റെ തിരക്കിലായിരുന്നു. ബദ്ധ ശത്രുക്കളായ സി.പി.എമ്മും, കോണ്‍ഗ്രസും തമ്മില്‍ ഇതിനു വേണ്ടി രഹസ്യവും, പിന്നീട് പരസ്യ ബാന്ധവം പോലുമുണ്ടായി.

പാക്കിസ്ഥാനില്‍ അച്ചടിച്ച് ഇന്ത്യയിലെത്തിക്കുന്ന കറന്‍സി ഇവിടെ ഒരു സമാന്തര സമ്പദ് വ്യവസ്ഥതന്നെയുണ്ടാക്കിയിരിക്കുന്നു. പാകിസ്താനിലെ മിന്റില്‍ (നോട്ടടിക്കുന്ന പ്രസ്) നിന്ന് പ്രതിവര്‍ഷം ഇന്ത്യയിലെത്തിച്ചിരുന്നത് 500 കോടി നോട്ടുകള്‍ ആണത്രേ. ആകെ നാട്ടില്‍ ഓടുന്ന നോട്ടുകളുടെ 45 ശതമാനത്തോളം കള്ളനോട്ടുകളും, കള്ളപ്പണവും ചേര്‍ന്നുള്ളതായിരുന്നു. ഇന്ത്യുടെ സമ്പദ്ഘടനയെത്തന്നെ ആകെ ബാധിച്ച കാന്‍സറായി അതു മാറിയ സാഹചര്യത്തിലാണ് മോദി എത്തുന്നതും, നോട്ടു നിരോധനം നടപ്പിലാകുന്നതും.

രാജ്യം ദരിദ്രമാവുക മാത്രമല്ല, രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനും, ഭീകരവാദത്തിനും ഈ കള്ളപ്പണം വിനിയോഗിക്കപ്പെട്ടു.ലോക രാഷ്ടങ്ങളിലെ ഭീകരന്മാര്‍ പണം കണ്ടെത്താന്‍ ഇന്ത്യന്‍ മാര്‍ക്കറ്റിനെ ആശ്രയിച്ചു. ജമ്മു കാശ്മീരില്‍ എത്തുന്ന ഭീകരര്‍ അവിടെ യഥേഷടം കള്ളനോട്ടു വിനിയോഗിക്കപ്പെട്ടത് പിന്നീട് ഇന്ത്യ തിരിച്ചറിഞ്ഞിരുന്നു. യുവാക്കളെ സ്വാധീനിച്ച് ഇന്ത്യന്‍ പട്ടാളത്തിനെതരെ കല്ലേറ് നടത്താന്‍, പൊതു സ്ഥലങ്ങള്‍ കത്തിക്കാന്‍ ഒക്കെ അവര്‍ കള്ളനോട്ടു നല്‍കി പരിശീലിപ്പിച്ചിരുന്നു. ആദ്യമൊന്നും കല്ലേറിന്റെ ഗൂട്ടന്‍സ് സൈനത്തിനു മനസിലായിരുന്നില്ല. ആയിരത്തിന്റെ നോട്ട് നിരോധിച്ചതോടെ കല്ലേറു നിന്നു. കല്ലെറിയാന്‍ പോയാല്‍ പണം കിട്ടില്ല എന്ന സ്ഥിതി വന്നു. പാക്കിസ്ഥാന്‍ അടിച്ചിറക്കുന്ന നോട്ടുകളായിരുന്നു ജമ്മുകാശ്മീരില്‍ പ്രചാരത്തിലുണ്ടായിരുന്നത്. ഇന്ന് ഭീകരരും പട്ടിണിയിലാണ്. അവരുടെ കയ്യിലുള്ള പാക്കിസ്ഥാന്‍ നല്‍കിയ നോട്ടുകള്‍ വിലപ്പോകുന്നില്ല. ഇന്ത്യന്‍ പണക്കാരില്‍ ഏറിയ പങ്കും രാഷ്ട്രീയക്കാരാണെന്നും അതു കൊണ്ടു തന്നെ രാഷ്ട്രീയ നേതൃത്വത്തേയായിരുന്നു മോദി ഉന്നം വെച്ചിരുന്നതെന്നും, വിധ്വസക- വിഘടനവാദ വാദം രാഷ്ട്രീയ നേതാക്കളിലുടെയാണ് ഇവിടെ വളരുന്നതെന്നും നോട്ടു നിരോധനം വഴി കണ്ടെത്താന്‍ നമുക്ക് കഴിഞ്ഞിരിക്കുന്നു. നമ്മുടെ ചുമലില്‍ ഇരുന്നു ചെവി കരളുകയായിരുന്നു അവര്‍.

മാര്‍ക്കറ്റില്‍ നിന്നും പണം പിന്‍വലിക്കപ്പെട്ടതോടെ സാധാരണക്കാര്‍ക്ക് വന്ന കഷ്ടപ്പാടുകളെ തള്ളിപ്പറയുകയല്ല ഇവിടെ. സ്വാഭാവികമായുണ്ടായ ചില സാമ്പത്തിക പരാധീനതകളായിരുന്നു അവ എന്നു സൂചിപ്പിക്കുകയായിരുന്നു. ജനം പേറ്റു നോവനുഭവിച്ച കാലം. സുഖപ്രസവം കഴിഞ്ഞിരിക്കുന്നു. പുതിയ സാമ്പത്തിക സമ്പ്രദായത്തിന് ഒരു വയസു തികഞ്ഞു. അതിന്റെ ബാലാരിഷ്ടതകളാണ് ഇപ്പോഴും തുടരുകയാണ്. എല്ലാം ശരിയാകുമായിരിക്കും.

Leave a Reply

Your email address will not be published.