കോട്ടപ്പുറത്തെ ജലവിമാന പദ്ധതി ഉപേക്ഷിച്ചു

കോട്ടപ്പുറത്തെ ജലവിമാന പദ്ധതി ഉപേക്ഷിച്ചു

നീലേശ്വരം: കോട്ടപ്പുറത്ത് പ്രഖ്യാപിച്ച ജലവിമാന പദ്ധതി ഒടുവില്‍ ഉപേക്ഷിച്ചു. പദ്ധതിക്കായി കോട്ടപ്പുറത്തെത്തിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന എക്‌സ്‌റേ സ്‌കാനിങ് യൂണിറ്റ് ഇവിടെനിന്ന് കൊണ്ടുപോയി. സ്ഥലത്തെ ബി.ആര്‍.ഡി.സി. ബോട്ട് ടെര്‍മിനല്‍ വളപ്പില്‍ പ്രത്യേക ഷെഡ് പണിത് അതിനകത്താണ് ഇത് സൂക്ഷിച്ചിരുന്നത്. കാവലിന് പോലീസിനെയും നിയോഗിച്ചിരുന്നു.

ജലവിമാനമിറങ്ങി സ്പീഡ് ബോട്ടില്‍ കരയ്‌ക്കെത്തുന്ന സഞ്ചാരികളുടെ ബാഗേജ് പരിശോധനയ്ക്കുള്ള ഉപകരണമായിരുന്നു ഇത്. പുഴയിലെ ജലനിരപ്പ് പ്രശ്‌നമാകാതെ കയറാനും ഇറങ്ങാനുമുള്ള ഫ്‌ലോട്ടിങ് ജെട്ടി, ജലവിമാനങ്ങള്‍ക്ക് പുഴയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള സ്ഥലം അടയാളപ്പെടുത്തിയ ചാനല്‍ മാര്‍ക്കിങ് ബോയെ എന്നിവയാണ് ഇവിടെ എത്തിച്ചിരുന്നത്.

മൂന്നാറിലേക്കാണ് എക്‌സ്‌റേ സ്‌കാനിങ് യൂണിറ്റ് കൊണ്ടുപോയത്. മൂന്നാറില്‍ കെ.ടി.ഡി.സി.യുടെ ഹോട്ടലായ ടീ കൗണ്ടിയിലെത്തുന്ന യാത്രക്കാരുടെ ബാഗേജ് പരിശോധനയ്ക്ക് ഈ യൂണിറ്റ് ഉപയോഗിക്കും. ജില്ലയില്‍ വിനോദസഞ്ചാരത്തിന്റെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് കരുതിയ ജലവിമാന പദ്ധതിയാണ് ഏറെക്കാലത്തെ അനിശ്ചിതത്വത്തിനുശേഷം ഉപേക്ഷിക്കപ്പെട്ടത്.

ബേക്കല്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം വളര്‍ച്ച ലക്ഷ്യമിട്ടാണ് ജലവിമാന പദ്ധതി ആദ്യഘട്ടത്തില്‍ത്തന്നെ ജില്ലയില്‍ അനുവദിച്ചത്. കോഴിക്കോട്, മംഗളൂരു വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന വിദേശസഞ്ചാരികള്‍ക്ക് എളുപ്പമെത്താനാണ് എയറോഡ്രോമിലും വാട്ടര്‍ഡ്രോമിലും ഒരുപോലെ ഇറങ്ങുന്ന ചെറുവിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ഇവിടെയും പദ്ധതിയോട് വിയോജിപ്പ് അറിയിച്ചിരുന്നു. പദ്ധതി ഉപേക്ഷിച്ചതോടെ പെരിയയിലെ മിനി എയര്‍സ്ട്രിപ് പദ്ധതി മാത്രമാണ് ഇനി വിനോദസഞ്ചാരമേഖലയുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published.