ഇന്ന് ശിശു ദിനം; കഷ്ടത അനുഭവിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ സമ്മാനമായി ബാലനിധി

ഇന്ന് ശിശു ദിനം; കഷ്ടത അനുഭവിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ സമ്മാനമായി ബാലനിധി

തിരുവനന്തപുരം: സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്ന കുട്ടികളുടെ സുരക്ഷയ്ക്കും പുനരധിവാസത്തിനും ധനസഹായം നല്‍കാന്‍ ‘ബാലനിധി’ രൂപീകരിച്ച് സാമൂഹ്യനീതി വകുപ്പ്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ പരിധിയില്‍ വരുന്ന കുട്ടികളാണ് ഗുണഭോക്താക്കള്‍. സംയോജിത ശിശുസംരക്ഷണ പദ്ധതി വഴിയാണ് ഇത് നടപ്പാക്കുക.

അച്ഛനോ അമ്മയോ നഷ്ടമായ കുട്ടികള്‍ക്ക് ബാലനിധിയില്‍നിന്ന് മൂന്നുവര്‍ഷം വരെ പഠനസഹായം നല്‍കും. പ്ലസ്വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം- 2000, എട്ട്, ഒന്‍പത്, പത്ത് ക്ലാസിലുള്ളവര്‍ക്ക്-1000, ഏഴു വരെ- 500 രൂപ എന്നിങ്ങനെയാണ് സഹായം. സെറിബ്രല്‍ പള്‍സി, ഓട്ടിസം, എയ്ഡ്‌സ് തുടങ്ങിയ മാരകരോഗബാധിതരായ കുട്ടികള്‍ക്ക് രണ്ടുലക്ഷം രൂപ വരെ അനുവദിക്കും. എയ്ഡ്‌സ് ബാധിതരുടെ കുട്ടികള്‍ക്കും സഹായം നല്‍കും. വൃക്ക, ഹൃദയസംബന്ധമായ രോഗമുള്ള കുട്ടികളുടെ സാന്ത്വന ചികിത്സയ്ക്കും കൂട്ടിരിക്കുന്ന രക്ഷിതാക്കളുടെ താമസം, ഭക്ഷണം എന്നിവക്കും സഹായം ലഭ്യമാക്കും. കുട്ടികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം അടിയന്തര ചികിത്സാസഹായം അനുവദിക്കും.

സാമ്പത്തികമായി പിന്നോക്കമുള്ളവരുടെ കുട്ടികള്‍, മാരകരോഗം പോലുള്ള കാരണങ്ങളാല്‍ സംരക്ഷിക്കാന്‍ ശേഷിയില്ലാത്തവരുടെ കുട്ടികള്‍, സാമ്പത്തിക പരാധീനതയില്‍ വിദ്യാഭ്യാസം നിലച്ചവര്‍, ലൈംഗികചൂഷണം, പീഡനം, കുട്ടിക്കടത്ത്, യാചകവൃത്തി, ബാലവേല എന്നിവയ്ക്ക് ഇരയായവര്‍, താമസിക്കാന്‍ ഇടമില്ലാത്തവര്‍, ശിശുസംരക്ഷണ സ്ഥാപനത്തിലുള്ളവര്‍, മാനസികരോഗം ബാധിച്ച കുട്ടികള്‍ എന്നിവരും ഗുണഭോക്താക്കളാകും.

ലൈംഗികാതിക്രമത്തിന് ഇരയായ കുട്ടികളുടെ ചികിത്സയ്ക്കും കേസ് ചെലവിനും തുക നല്‍കും. 18 വയസ്സായി ക്ഷേമസ്ഥാപനങ്ങളില്‍നിന്നു പുറത്തുപോകുന്നവര്‍ക്ക് 1000 രൂപ പ്രതിമാസസഹായം നല്‍കും. പ്രത്യേക സാഹചര്യങ്ങളില്‍ അകപ്പെടുന്ന കുട്ടികളുടെ പുനരധിവാസത്തിനും സഹായം നല്‍കും.

ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് കുട്ടിയോ അച്ഛനമ്മമാരോ അപേക്ഷ നല്‍കണം. പ്രകൃതിദുരന്തത്തില്‍പ്പെടുന്ന കുട്ടികള്‍ക്കായി നേരത്തെയുണ്ടായിരുന്ന ബാലനിധിയിലെ നീക്കിയിരിപ്പായ പത്തുലക്ഷം, ബജറ്റ്പ്രകാരം അനുവദിക്കുന്ന തുക, വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമുള്ള സംഭാവന, വിവിധസ്ഥാപനങ്ങളുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് എന്നിവയില്‍നിന്നാകും ‘ബാലനിധി’ ക്ക് പണം കണ്ടെത്തുക.

Leave a Reply

Your email address will not be published.