ഗെയ്ല്‍ പൈപ്പ് ലൈന്‍; കുണിയയില്‍ തടഞ്ഞു

ഗെയ്ല്‍ പൈപ്പ് ലൈന്‍; കുണിയയില്‍ തടഞ്ഞു

പെരിയ: ഗെയ്ല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാനെത്തിയ സംഘത്തെ കുണിയയില്‍ നാട്ടുകാര്‍ തടഞ്ഞു. രണ്ടാഴ്ചമുന്‍പ് നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥയുണ്ടെങ്കിലും ആര്‍ക്കും ഒരറിയിപ്പും നല്‍കാതെയാണ് പൈപ്പ് ലൈന്‍ വലിക്കാന്‍ സംഘമെത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഞായറാഴ്ച വീട്ടുടമകളില്ലാത്തയിടങ്ങളില്‍ പോലും മതിലുകള്‍ തകര്‍ത്ത് അനുഭവങ്ങള്‍ നശിപ്പിച്ചതായാണ് പരാതി. കുണിയയിലെ അഷറഫ്, അബുബക്കര്‍ തുടങ്ങിയവരുടെ മതിലുകള്‍ തകര്‍ത്തനിലയിലാണ്. നിരവധി തെങ്ങുകളും കമുകുകളും നശിപ്പിച്ചവയില്‍പ്പെടും. പൈപ്പ് ലൈന്‍ വലിക്കുന്നതിനുള്ള സ്ഥലനിര്‍ണയം മാറ്റണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.

പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കുണിയയില്‍ ജനങ്ങള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തുകൂടി യാതൊരു മുന്നറിയിപ്പും നല്‍കാതെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് അംഗീകരിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഭൂവുടമയറിയാതെ പറമ്ബ് ഇടിച്ചുനിരത്തിയ സംഭവത്തില്‍ കുണിയയിലെ അഷറഫ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച കുണിയയിലെത്തിയ ഗെയ്ല്‍ സംഘത്തെ നാട്ടുകാര്‍ തിരിച്ചയച്ചു.

ജില്ലാ കളക്ടര്‍, എം.എല്‍.എ. എന്നിവരെ പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലി നിര്‍ത്തിവെക്കാന്‍ കളക്ടര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. പ്രദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ചശേഷംമാത്രമേ ജോലി തുടരുകയുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ഉറപ്പുനല്‍കിയതായി നാട്ടുകാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.