റാണി പത്മാവതി സാങ്കല്‍പ്പിക കഥാപാത്രമാണ്: ഇര്‍ഫാന്‍ ഹബീബ്

റാണി പത്മാവതി സാങ്കല്‍പ്പിക കഥാപാത്രമാണ്: ഇര്‍ഫാന്‍ ഹബീബ്

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബല്‍സാലി ചിത്രം പത്മാവതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ പത്മാവതി സാങ്കല്‍പ്പിക കഥാപാത്രമാണെന്ന വാദവുമായി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. ചരിത്രത്തില്‍ റാണി പത്മാവതി എന്ന വ്യക്തിയില്ല. അതൊരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണ്

പത്മാവതി ജീവിച്ചിരുന്നോ എന്ന കാര്യം ഇപ്പോഴും തര്‍ക്ക വിഷയമാണെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. അലാവുദ്ദീന്‍ ഖില്‍ജി ചിറ്റൂര്‍ കീഴടക്കിയ കാലഘട്ടത്തിലെ ചരിത്രത്തില്‍ എവിടെയും പത്മാവതിയെ കുറിച്ച് പരാമര്‍ശമില്ല. അലാവുദ്ദീന്‍ ഖില്‍ജിയുടെ ചിറ്റൂര്‍ വിജയത്തിന് 250 വര്‍ഷങ്ങള്‍ക്ക് ശേഷം മാലിക് മുഹമ്മദ് ജയസി രചിച്ച ‘പത്മാവത്’ എന്ന കൃതിയിലാണ് ആദ്യമായി പത്മാവതിയെ കുറിച്ച് പറഞ്ഞത്. എന്നാല്‍ അത് സിംഗള്‍ദീപിലെ ( ഇന്നത്തെ ശ്രീലങ്ക) രാജകുമാരി പത്മാവതിയെ കുറിച്ചാണ്. ഇവര്‍ മേവാറിലെ രാജാ രത്തന്‍ സിങ്ങിനെ വിവാഹം ചെയ്തതായാണ് അദ്ദേഹം പറയുന്നത്.

പത്മാവത് എന്നത് നമ്മുടെ സാഹിത്യത്തിന്റെ അവിഭവജ്യഘടകമായ ബൃഹത്തായ കവിതാ സമാഹാരമാണ്. മേവാര്‍ ദര്‍ബാറിലെ ചരിത്രകാരനായ ശ്യാംലാല്‍ ദാസും പത്മാവതിയെ കുറിച്ച് പറയുന്നുണ്ടെങ്കിലും അത് മറ്റൊരു അവസരത്തിലാണെന്നും ഇര്‍ഫാന്‍ ഹബീബ് വാദിക്കുന്നു. ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നതാണ് ‘പത്മാവതി’ എന്നാരോപിച്ച് രജപുത്ര വംശജര്‍ സിനിമക്കെതിരെ രംഗത്തെത്തിയിരുന്നു. അതിനു പിറകെ രാഷ്ട്രീയക്കാരും വിവാദം ഏറ്റു പിടിച്ചിരുന്നു. എന്നാല്‍, സിനിമയില്‍ സത്യസന്ധമായ ചരിത്രം അവതരിപ്പിക്കുകയാണെങ്കില്‍ അത് കാണികളെ ആകര്‍ഷിക്കുന്നതായിരിക്കില്ലെന്നും ഹബീബ് പറഞ്ഞു

Leave a Reply

Your email address will not be published.