പൊട്ടിപ്പൊളിഞ്ഞ ഡിവൈഡറുകള്‍; ദേശീയപാതയില്‍ അപകട ഭീഷണി

പൊട്ടിപ്പൊളിഞ്ഞ ഡിവൈഡറുകള്‍; ദേശീയപാതയില്‍ അപകട ഭീഷണി

കണ്ണൂര്‍: പൊട്ടിപ്പൊളിഞ്ഞ ഡിവൈഡറുകള്‍ ദേശീയപാതയില്‍ അപകടഭീഷണി ഉയര്‍ത്തുന്നു. പുതിയതെരു മുതല്‍ താഴെചൊവ്വ വരെയുള്ള ദേശീയപാതയിലാണ് ഇടക്കിടെ ഡിവൈഡറുകള്‍ പൊട്ടിപ്പൊളിഞ്ഞത്. പലയിടത്തും ഡിവൈഡറുകളായി വലിയ ടയറുകളും ഇട്ടിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ അപായസൂചനകള്‍ പോലുമില്ലെന്നത് അധികൃതരുടെ അശ്രദ്ധയുടെ ആഴം വ്യക്തമാക്കുന്നു.

കോണ്‍ക്രീറ്റ് ബീമുകളാണ് ഡിവൈഡറിനായി ഉപയോഗിച്ചിട്ടുള്ളത്. കണ്ണൂരിനും താഴെ ചൊവ്വക്കുമിടയിലാണ് ഡിവൈഡറുകള്‍ കൂടുതല്‍ പൊട്ടിപ്പൊളിഞ്ഞത്. രാത്രിയില്‍ ലോറികളും മറ്റും ഇടിച്ച് ഡിവൈഡര്‍ തകര്‍ന്നാലും ഇത് നന്നാക്കുന്നതിനോ അപകടം നടന്ന സ്ഥലത്തെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ മാറ്റുന്നതിനോ അധികൃതര്‍ ശ്രദ്ധിക്കാറില്ല. ചിലയിടത്ത് കോണ്‍ക്രീറ്റ് ബീമുകള്‍ സ്ഥാനം തെറ്റി കിടക്കുന്നുണ്ട്.

ദിവസങ്ങളായിട്ടും ഇത് നേരെയാക്കിയിട്ടില്ല. നിര്‍മിച്ചപ്പോള്‍ വെള്ളയും കറുപ്പും പെയിന്റടിച്ചിരുന്നെങ്കിലും നിലവില്‍ ഭൂരിഭാഗം ഡിവൈഡറുകളും കരിയും പുകയും പിടിച്ചുകിടക്കുകയാണ്. രാത്രിയില്‍ ഡിവൈഡറുകളില്‍ റിഫ്‌ളക്ടറുകളില്ലാത്തതും അപകടത്തിനിടയാക്കുന്നുണ്ട്. ഡിവൈഡറുകള്‍ സ്ഥാനം തെറ്റിക്കിടക്കുന്നിടങ്ങളിലൂടെ ഇരുചക്രവാഹനങ്ങള്‍ മറുഭാഗത്തേക്ക് കയറുന്നതും പതിവാണ്.

ഡിവൈഡറുകളുടെ പൊട്ടിയ ഭാഗങ്ങള്‍ സ്ഥാനം തെറ്റിക്കിടക്കുന്നത് ഇരുചക്രവാഹനങ്ങള്‍ക്കാണ് ഏറെയും അപകടഭീഷണിയുയര്‍ത്തുന്നത്. വീതി കുറഞ്ഞയിടങ്ങളില്‍പോലും ഡിവൈഡറുകള്‍ നിര്‍മിച്ചതോടെ ഗതാഗതക്കുരുക്കും അപകടങ്ങളും കുറഞ്ഞെങ്കിലും ഇളകിക്കിടക്കുന്ന കോണ്‍ക്രീറ്റ് ബീമുകള്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ്. മേലെചൊവ്വയില്‍ ചൊവ്വ ശിവക്ഷേത്രത്തിനുമുന്നിലും ചാല ക്ഷേത്രത്തിനുമുന്നിലുംഡിവൈഡര്‍ തകര്‍ന്നിട്ടുണ്ട്. ദേശീയപാതയില്‍ മിക്കയിടത്തും സീബ്രാവരകളും മാഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published.