കാറുകളുടെ എണ്ണം ഇരട്ടിയാകും; എണ്ണ ഉപയോഗം കുറയും

കാറുകളുടെ എണ്ണം ഇരട്ടിയാകും; എണ്ണ ഉപയോഗം കുറയും

ന്യൂഡല്‍ഹി: 2040ഓടെ ലോകത്ത് കാറുകളുടെ എണ്ണം ഇരട്ടിയാകും. നിലവിലെ 110 കോടിയില്‍നിന്ന് 200 കോടി കാറുകളായാണ് വര്‍ധിക്കുക. ഭൂമുഖത്ത് ഓരോ അഞ്ചുപേര്‍ക്കും ശരാശരി ഒരുകാര്‍ എന്നനിലയിലേയ്ക്ക് ഉയരുമെന്നര്‍ഥം.ഇതേകാലയളവില്‍ വാണിജ്യവാഹനങ്ങളുടെ എണ്ണം 22.4 കോടിയില്‍നിന്ന് 46.3കോടിയായും വര്‍ധിക്കും.

വാഹനങ്ങളുടെ എണ്ണംവര്‍ധിക്കുമെങ്കിലും ഇന്ധന ഉപഭോഗത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകില്ല. 2030ഓടെ ഇന്ധന ഉപഭോഗം ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തും. പ്രതിദിനം 2.67 കോടി ബാരലായാണ് ഉയരുക. ഒപെകിന്റേതാണ് നിരീക്ഷണം. തുടര്‍ന്നങ്ങോട്ട് ഇന്ധന ഉപയോഗത്തില്‍ നേരിയതോതില്‍ ഇടിവുണ്ടാകും. 2040 ഓടെ 2.64 കോടി ബാരലാകും പ്രതിദിന ഉപഭോഗം. നിലവില്‍ പ്രതിദിന ഉപയോഗം 2.44 കോടി ബാരലാണ്.
വില്‍ക്കുന്നത് മിനുട്ടില്‍ 75 കാറുകള്‍.

ലോകത്ത് ഓരോ മിനുട്ടിലും 75 കാറുകളാണ് വില്‍ക്കുന്നത്. അതായത് ഒരു സെക്കന്റില്‍ 1.18 കാറുകള്‍ വിറ്റുപോകുന്നുവെന്നര്‍ഥം. നിലവില്‍ ഏഴുപേര്‍ക്ക് ഒരു കാറ് എന്നതുമാറി 2040ല്‍ അഞ്ചു പേര്‍ക്ക് ഒരു കാറ് എന്നാകും. ജനപ്പെരുപ്പം, സാമ്പത്തിക വളര്‍ച്ച, വരുമാന വര്‍ധന, നഗരവത്കരണം തുടങ്ങിയവയാണ് കാറ് വില്‍പ്പനയെ സ്വാധീനിക്കുക. കാറുകളുടെ വില്പനയില്‍ ഇന്ത്യയും ചൈനയുമാകും മുന്നില്‍. 15.7 കോടി കാറുകളും 30.6 കോടി യാത്രാവാഹനങ്ങളും ഈരാജ്യങ്ങളില്‍ വര്‍ധിക്കും.

ഇന്ത്യയില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ എട്ട് ഇരട്ടി വര്‍ധനയാകും ഉണ്ടാകുക. 2016ലെ 2.3 കോടിയില്‍നിന്ന് 2040ഓടെ 17.9 കോടിയായി ഉയരും. വാണിജ്യ വാഹനങ്ങളുടെ വില്പനയിലും ഇന്ത്യതന്നെയാകും മുന്നില്‍. 6.3 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. 5.9 കോടിയാകും 2040 ഓടെ ഇന്ത്യയിലെ വാണിജ്യ വാഹനങ്ങളുടെ എണ്ണം.

വാഹനങ്ങള്‍ പെരുകുമെങ്കിലും ഇന്ധന ഉപഭോഗത്തില്‍ അത്രതന്നെ വര്‍ധന ഉണ്ടാകില്ല. 2016ല്‍ 3.5 ലിറ്റര്‍ ഇന്ധനമാണ് പ്രതിദിനം ഉപയോഗിച്ചിരുന്നതെങ്കില്‍ 2040ഓടെ 2.09ലിറ്ററായി കുറയും. ഇന്ധന ക്ഷമത വര്‍ധിക്കുന്നതോടൊപ്പം പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തുമെന്നതുമാണ് എണ്ണ ഉപഭോഗത്തില്‍ കുറവുണ്ടാകാന്‍ കാരണമാകുക. 2040 ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ വില്പനയിലും കുതിപ്പുണ്ടാകും.

Leave a Reply

Your email address will not be published.