വീല്‍ച്ചെയര്‍ കം ബെഡ്: പുത്തന്‍ ആശയവുമായി നാല്‍വര്‍ സംഘം

വീല്‍ച്ചെയര്‍ കം ബെഡ്: പുത്തന്‍ ആശയവുമായി നാല്‍വര്‍ സംഘം

ന്യൂഡല്‍ഹി: ഒരേസമയം വീല്‍ച്ചെയര്‍ ആയും ബെഡ് ആയും ഉപയോഗിക്കാവുന്ന പുത്തന്‍ ആശയത്തിന്റെ സാക്ഷാത്കരവുമായി നാല്‍വര്‍ സംഘം. പ്രഗതി മൈതാനിയില്‍ ആരംഭിച്ച അന്താരാഷ്ട്ര വാണിജ്യമേളയിലെ കേരള പവിലിയിനിലെ തീം സ്റ്റാളിലാണ് ഈ നവീന ആശയം കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
തൃശൂര്‍ കേന്ദ്രമാക്കിയുള്ള ഡിസൈന്റോക്സ് ടെക്നോളജീസിലെ അംഗങ്ങളാണ് ഒരേസമയം വീല്‍ച്ചെയര്‍ ആയും ബെഡ് ആയും ഉപയോഗിക്കുന്ന ചക്രക്കസേരയുടെ പുത്തന്‍ രൂപം അവതരിപ്പിച്ചത്. നിര്‍മാണച്ചെലവ് കണക്കാക്കിയാല്‍ വിപണിയില്‍ 2.8 ലക്ഷം രൂപ വിലവരുന്ന ഈ വീല്‍ച്ചെയറിന് 70000 രൂപ മാത്രമാണ് വില നിശ്ചയിച്ചിരുന്നത്.
ഫോര്‍ ബാര്‍ ലൈന്‍ എന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. സ്വിച്ച് ഉപയോഗിച്ച് തനിയെ ഉയര്‍ത്താനും നിവര്‍ത്താനും കഴിയുന്ന ഈ ചക്രക്കസേര കിടപ്പുരോഗികള്‍ക്കും ശാരീരിക അവശതയനുഭവിക്കുന്നവര്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ്. ഇലക്ട്രോണിക് ലോക്ക് സംവിധാനമുപയോഗിച്ച് ഏതു സ്ഥിതിയിലും ഉറപ്പിച്ചു നിര്‍ത്താന്‍ കഴിയും. ലീനിയര്‍ ആക്സിലേറ്റര്‍ എന്ന ഉപകരണത്തിലൂടെ മോട്ടോര്‍ ചലിപ്പിച്ചാണ് കസേര പ്രവര്‍ത്തിപ്പിക്കുന്നത്. വൈദ്യുതി പോയാലും പ്രശ്നമില്ല, ബാറ്ററിയുണ്ട്. സാധാരണ ഫിസിയോതെറാപ്പിയുടെ ചെലവ് വളരെ കുറയ്ക്കാനും കഴിയും. ഈ ഉപകരണത്തിന് പേറ്റന്റും ലഭിച്ചിട്ടുണ്ട്.
ചെന്നൈയില്‍ കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ദേശീയ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത സംരംഭകരും ഇവരാണ്. വ്യവസായ വകുപ്പിന്റെ മേക്കര്‍ വില്ലേജിലെ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്റര്‍ വഴിയാണ് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്. സ്റ്റാര്‍ട്ടപ്പിനുള്ള അടിസ്ഥാന സൗകര്യങ്ങളും ബാങ്ക് വായ്പാ സൗകര്യങ്ങളും വ്യവസായ വകുപ്പില്‍ നിന്നു ചെയ്തുകൊടുക്കും.
എന്‍ജിനീയറിംഗ് കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു പാലിയേറ്റീവ് കെയര്‍ സ്ഥാപനം സന്ദര്‍ശിച്ചപ്പോള്‍ തന്റെ കുട്ടിയെ സഹായിക്കാനായി ഉപകരണം തയാറാക്കാമോ എന്ന ഒരു അമ്മയുടെ ചോദ്യമാണ് ഇവര്‍ക്ക് വഴിത്തിരിവായത്. പിന്നീട് കൂട്ടുകാരന് അപകടമുണ്ടായി സുഷുമ്്നാ നാഡിക്ക് തകരാര്‍ സംഭവിച്ചപ്പോഴും പുത്തന്‍കണ്ടുപിടിത്തത്തിന് പ്രേരണ ലഭിച്ചു.
യുവസംരംഭകരായ ഡോണ്‍ പോള്‍, രൂപന്‍, സൂരജ്, റിയ എന്നിവരാണ് ഈ സ്റ്റാര്‍ട്ടപ്പ് സംരംഭത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഡോണും രൂപനും കുട്ടിക്കാലം മുതല്‍ ഒന്നിച്ചു പഠിച്ചുവളര്‍ന്നവരാണ്. മറ്റു രണ്ടുപേരും പിന്‍ഗാമികളും. ഈ പുതിയ ചക്രക്കസേര ഈ മാസം മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്ന് ഡോണും രൂപനും അറിയിച്ചു. ഇപ്പോള്‍ത്തന്നെ ആശുപത്രികളില്‍ നിന്നും മറ്റുമായി അന്വേഷണം വരുന്നുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലാണ് ഇവര്‍ പുത്തന്‍ ആശയസാക്ഷാത്കാരവുമായി എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published.