കശുവണ്ടി ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുമെന്നു കേരളത്തിനു കേന്ദ്രത്തിന്റെ ഉറപ്പ്

കശുവണ്ടി ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുമെന്നു കേരളത്തിനു കേന്ദ്രത്തിന്റെ ഉറപ്പ്

ന്യൂഡല്‍ഹി: വിയറ്റ്‌നാമില്‍നിന്നു കശുവണ്ടി ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനു നിയന്ത്രണം കൊണ്ടുവരുമെന്നു കേരളത്തിനു കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പ്. കശുവണ്ടി ഉത്പന്ന ഇറക്കുമതിക്കുള്ള കേന്ദ്ര തീരുമാനം കേരളത്തിലെ കശുവണ്ടി വ്യവസായ മേഖലയ്ക്കു വന്‍ തിരിച്ചടിയാണെന്നും ഇത് ഉടന്‍ പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് സംസ്ഥാന കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കേന്ദ്ര വാണിജ്യ – വ്യവസായ മന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പു ലഭിച്ചത്.

വിയറ്റ്‌നാമുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം വന്‍തോതില്‍ ഉത്പന്നങ്ങള്‍ ഇറക്കുമതിചെയ്യുന്നതു കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കശുവണ്ടി വ്യവസായത്തെ തകര്‍ക്കുമെന്നു കൂടിക്കാഴ്ചയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മൂന്നു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണു കശുവണ്ടി വ്യവസായം. ഇതില്‍ത്തന്നെ 90 ശതമാനം പേര്‍ വനിതകളാണ്. എട്ടു ലക്ഷം മെട്രിക് ടണ്‍ കശുവണ്ടിയാണ് പ്രതിവര്‍ഷം കേരളത്തില്‍ സംസ്‌കരിക്കപ്പെടുന്നത്. ഇതില്‍ 83000 മെട്രിക് ടണ്‍ തോട്ടണ്ടിയാണു സംസ്ഥാനത്ത് ഉത്പാദിപ്പിക്കപ്പെടുന്നത്. ബാക്കി ഇറക്കുമതി ചെയ്യുകയാണ്.

തോട്ടണ്ടി ഇറക്കുമതിക്കുള്ള അഞ്ചു ശതമാനം തീരുവ ഈ മേഖലയെ മാന്ദ്യത്തിലേക്കു തള്ളുമെന്നതിനാല്‍ ഇറക്കുമതി ചുങ്കം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും ചര്‍ച്ചയില്‍ മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം ഗൗരവപൂര്‍വം പരിഗണിക്കാമെന്നും പ്രശ്‌നപരിഹാരം ഉറപ്പു നല്‍കുന്നതായും കേന്ദ്ര മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ചര്‍ച്ചയില്‍ കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ രാജ്യത്തെ കശുവണ്ടി മേഖലയെ പൊതുവില്‍ ബാധിക്കുന്നതാണെന്നും ഇക്കാര്യത്തിന്റെ ഗൗരവം മുന്‍നിര്‍ത്തി അടിയന്തര നടപടിയുണ്ടാകുമെന്നും അദ്ദേഹം മന്ത്രി ജെ. മേഴ്‌സിക്കിട്ടുയമ്മയ്ക്ക് ഉറപ്പു നല്‍കി.

Leave a Reply

Your email address will not be published.