പ്രി ഗോണ്‍കോര്‍ പുരസ്‌കാരം എറിക് വൂയയ്ക്ക്

പ്രി ഗോണ്‍കോര്‍ പുരസ്‌കാരം എറിക് വൂയയ്ക്ക്

ഫ്രാന്‍സിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമായ പ്രി ഗോണ്‍കോര്‍ പുരസ്‌കാരം ഇത്തവണ ഫ്രഞ്ച് സാഹിത്യകാരനായ എറിക് വൂയയ്ക്ക്. ദ ഓദ്രെ ദു ഴൂര്‍ (ഓര്‍ഡര്‍ ഓഫ് ദി ഡേ)എന്ന പുസ്തകമാണ് എറിക് വ്യൂയയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറും കോര്‍പറേറ്റുകളുമായുള്ള അവിശുദ്ധ ബന്ധം വിവരിക്കുന്ന നോവലാണ് ദ ഓദ്രെ ദു ഴൂര്‍.

അധികാരത്തിന്റെ ഇടനാഴികളില്‍ വന്‍കിട കോര്‍പറേറ്റുകളുമായി ബന്ധം കാത്തുസൂക്ഷിച്ച ഹിറ്റ്‌ലറെക്കുറിച്ചും അക്കാലത്തെ സാമൂഹ്യാവസ്ഥയെക്കുറിച്ചുമാണ് ദ ഓദ്രെ ദു ഴൂര്‍ പറയുന്നത്. ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍ കാംഫിലും ഹിറ്റ്‌ലറെക്കുറിച്ചുള്ള മറ്റനവധി പുസ്തകങ്ങളിലും കാണാന്‍ കഴിയാത്ത സവിശേഷതകളാണ് ഈ പുസ്തകത്തിലുള്ളത്.

രണ്ടാം ലോകയുദ്ധത്തിന് മുമ്പ് 1938-ല്‍ ജര്‍മ്മനി ഓസ്ട്രിയയില്‍ അധിനിവേശം നടത്തിയപ്പോള്‍ വന്‍കിട കോര്‍പറേറ്റുകള്‍ അഡോള്‍ഫ് ഹിറ്റ്‌ലറെ സഹായിച്ചിരുന്നത്രെ! ജര്‍മ്മനിയിലെ ഇരുപത്തിനാലില്‍ അധികം വരുന്ന വന്‍കിട കോര്‍പ്പറേറ്റുകളുമായി ഹിറ്റ്‌ലര്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകം പറയുന്നു.

1938ലെ അധിനിവേശ കാലത്ത് ബായറും, അലൈന്‍സും പോലുള്ള ഇക്കാലത്തെ വന്‍കിട കോര്‍പറേറ്റുകളുമായി ഹിറ്റ്‌ലര്‍ കൈകോര്‍ത്തുവെന്നും ദ ഓദ്രെദ്യു ഴൂറിലുണ്ട്. ചരിത്രരേഖകളുടെ ആധികാരികതയില്‍ രചിക്കപ്പെട്ട പുസ്തകം അധികാരത്തിന്റെയും പണത്തിന്റെയും അവിശുദ്ധ കൂട്ടുകെട്ടിനെ തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് പുറത്തെത്തിക്കുന്നു.

Leave a Reply

Your email address will not be published.