ജീവനക്കാരില്ല, പഞ്ചായത്ത് ഭരണസമിതികള്‍ സമരവുമായി തെരുവിലേക്ക്

ജീവനക്കാരില്ല, പഞ്ചായത്ത് ഭരണസമിതികള്‍ സമരവുമായി തെരുവിലേക്ക്

കാസര്‍കോട്: ജീവനക്കാരില്ലാതെ വലയുന്ന പഞ്ചായത്ത് ഭരണസമിതികള്‍ സമരവുമായി തെരുവിലേക്ക്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കുമ്പള പഞ്ചായത്ത് ഭരണസമതിയംഗങ്ങള്‍ ചൊവ്വാഴ്ച പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസിനു മുന്‍പില്‍ ധര്‍ണ നടത്തി. ഒരു മാസം മുന്‍പ് കോടോം-ബേളൂര്‍ പഞ്ചായത്ത് ഭരണസമിതിയും ഇങ്ങനെ സമരം നടത്തിയിരുന്നു.

പദ്ധതിനിര്‍വഹണം യഥാകാലം സാധിക്കാതെ പോകുന്നത് ജീവനക്കാരില്ലാത്തതിനാലാണെന്ന് ഭരണസമിതിയംഗങ്ങള്‍ പറയുന്നു. പുതിയ പുതിയ ജോലികള്‍ പഞ്ചായത്തിലേക്ക് അനുദിനമെന്നോണം വന്നുകൊണ്ടിരിക്കെ ജനന-മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ദൈനംദിന ആവശ്യങ്ങള്‍ നടത്താന്‍ കഴിയുന്നില്ലെന്നാണ് അവരുടെ പരാതി. ജോലിഭാരം കൂടിയതിനനുസരിച്ച് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നില്ലെന്ന് മാത്രമല്ല, ഉള്ള തസ്തികകളില്‍തന്നെ ആളെ നിയമിക്കുന്നുമില്ല. എങ്ങാനും നിയമിച്ചാല്‍ അടുത്തദിവസം സ്ഥലംമാറ്റം വാങ്ങി പോകുകയും ചെയ്യുന്നു. കാരണം അധികം പേരും മറ്റുജില്ലക്കാരാണ്. കുമ്പള ഭരണസമിതി നടത്തിയ ധര്‍ണയില്‍ മുഴങ്ങിയ മുദ്രാവാക്യം ഈ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതായിരുന്നു: ‘സമയബന്ധിത സേവനമില്ല, എല്ലാദിവസവും ട്രാന്‍സഫര്‍ ഓര്‍ഡര്‍, ഇന്നുവരുന്നവര്‍ നാളെപ്പോകും, നാളെ വരുന്നവര്‍ മറ്റന്നാളും, കാലിയായ കസേരകള്‍ കണ്ടുമടുത്തു നാട്ടുകാര്‍.’

ധര്‍ണകൊണ്ടും പ്രയോജനമില്ലെങ്കില്‍ മനുഷ്യാവകാശ കമ്മിഷനെയും ഹൈക്കോടതിയെയും സമീപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍.പുണ്ഡരികാക്ഷ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 40.185 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന് 23 വാര്‍ഡുണ്ടെന്ന് ഭരണസമിതി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. 40168 ആളുകള്‍ താമസിക്കുന്ന ഇവിടെ 41 അങ്കണവാടികളും രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഇരുപതോളം സ്‌കൂളുകളും നിരവധി മറ്റ് സ്ഥാപനങ്ങളുമുണ്ട്. 16 കോടിയോളം രൂപയുടെ വികസനപദ്ധതികള്‍ വര്‍ഷം നടപ്പാക്കുന്നു. ഇതില്‍ ഇരുന്നൂറോളം പദ്ധതികള്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വഹണം നടത്തേണ്ട പശ്ചാത്തല പദ്ധതികളാണ്.

ഇവയ്ക്ക് എസ്റ്റിമേറ്റെടുക്കാന്‍ ഒരു ഓവര്‍സിയറേ ഉള്ളൂ. എന്‍ജിനീയര്‍ക്കാണെങ്കില്‍ മറ്റൊരു പഞ്ചായത്തിന്റെ കൂടി ചുമതലയുണ്ട്. മലയാളവും കന്നഡയും കൈകാര്യം ചെയ്യാനറിയുന്നവര്‍ ഇല്ലാത്തതും ഏറെ പ്രതിസന്ധിയുണ്ടാക്കുന്നു. വിവരാവകാശ അപേക്ഷ അടക്കമുള്ള പല അപേക്ഷകളും കന്നഡയിലാണ്. മറുപടിയും ആ മാധ്യമത്തില്‍തന്നെ നല്‍കണം. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് സെക്രട്ടറി, രണ്ട് ഓവര്‍സിയര്‍, ഒരു കന്നഡ-മലയാളം ക്ലാര്‍ക്ക്, രണ്ട് സീനിയര്‍ ക്ലാര്‍ക്ക്, രണ്ട് ക്ലാര്‍ക്ക് എന്നിവരെ അടിയന്തരമായി നിയമിക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം. കുമ്പള പഞ്ചായത്തിലേക്ക് സെക്രട്ടറിയെ കോഴിക്കോട്ടുനിന്ന് നിയമിച്ചിട്ടുണ്ടെന്നും ഇവിടെ ജോലിക്ക് ചേരാനുള്ള താമസം മാത്രമാണ് ബാക്കിയെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ്കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.