റബ്ബറിന് വിലയില്ല; ടാപ്പിങ് തുടങ്ങാന്‍ മടിച്ച് മലയോരത്തെ കര്‍ഷകര്‍

റബ്ബറിന് വിലയില്ല; ടാപ്പിങ് തുടങ്ങാന്‍ മടിച്ച് മലയോരത്തെ കര്‍ഷകര്‍

രാജപുരം: സീസണ്‍ തുടങ്ങിയിട്ടും ടാപ്പിങ് തുടങ്ങാന്‍ മടിച്ച് മലയോരത്തെ റബ്ബര്‍ കര്‍ഷകര്‍. വിലയിടിവും ഉത്പാദനക്കുറവുമാണ് കര്‍ഷകരെ റബ്ബര്‍ കൃഷിയില്‍നിന്നും പിന്നോട്ടടിപ്പിക്കുന്നത്. കുരുമുളക് മുതല്‍ നെല്‍ക്കൃഷി വരെ വിവിധ വിളകള്‍ കൃഷിനടത്തിയിരുന്ന കര്‍ഷകര്‍ ഇവയില്‍നിന്നും വലിയ മെച്ചം ലഭിക്കാതായതോടെയാണ് റബര്‍ക്കൃഷിയിലേക്ക് തിരിഞ്ഞത്.

2012-14 കാലങ്ങളില്‍ റബ്ബറിന് 240 രൂപ വരെ വിലയുയര്‍ന്നതോടെ കര്‍ഷകരുടെ പ്രതീക്ഷകളും മാനംമുട്ടെ ഉയര്‍ന്നു. ഇതോടെ മലയോരത്ത് റബ്ബര്‍ക്കൃഷി വ്യാപകമാവുകയും മേഖലയില്‍ സാമ്പത്തികാഭിവൃദ്ധി നേടുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി റബ്ബറിന്റെ വില കുത്തനെ കുറഞ്ഞതോടെയാണ് കര്‍ഷകര്‍ വീണ്ടും ദുരിതത്തിലായത്. ഇതോടൊപ്പം റബ്ബറിന് ഭീഷണിയായി കുമിള്‍രോഗവും മരം തന്നെ ഉണങ്ങുന്ന തരത്തില്‍ വേരുരോഗവും ശക്തമായതോടെ പലരും കൃഷി തന്നെ അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വലുതും ചെറുതുമായ നിരവധി തോട്ടങ്ങളാണ് മലയോരത്ത് ടാപ്പിങ് തുടങ്ങാതെ വെറുതെ ഇട്ടിരിക്കുന്നത്. തൊഴിലാളികളുടെ കൂലിയും ഉത്പാദനച്ചെലവും കഴിച്ച് ഒന്നും ലഭിക്കാനില്ല. പിന്നെന്തിനാണ് ടാപ്പിങ് നടത്തുന്നതെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്.

ചില തോട്ടമുടമകള്‍ ഉത്പാദനത്തിന്റെ പകുതി നല്‍കാമെന്ന് അറിയിച്ചാലും സീസണ്‍ പകുതിയാകുന്നതോടെ ഉത്പാദനം കുറയുന്നതിനാല്‍ തൊഴിലാളികളെ ടാപ്പിങ് നടത്താന്‍ ലഭിക്കുന്നില്ല. സബ്‌സിഡിയടക്കം 200 രൂപയെങ്കിലും തറവില നിശ്ചയിച്ചാല്‍ മാത്രമേ റബര്‍ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കൂവെന്ന് രാജപുരത്തെ റബ്ബര്‍ കര്‍ഷകന്‍ ജിജി കുര്യന്‍ പറയുന്നു. ഗുണമേന്‍മയേറിയ ആര്‍.എസ്.എസ്.-നാല് റബ്ബര്‍ഷീറ്റിനു പോലും നിലവില്‍ 123 രൂപയാണ് വില. ആര്‍.എസ്.എസ്.-അഞ്ചിന് 120, ഗുഡ് ലോട്ട്-115, ലോട്ട്-110, ഒട്ടുപാല്‍-70 എന്ന നിരക്കിലാണ് ചൊവ്വാഴ്ച മലയോരത്ത് റബ്ബര്‍ വ്യാപാരം നടന്നത്. സീസണ്‍ തുടക്കമാണെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റബ്ബര്‍ വരവ് വളരെ കുറവാണെന്ന് വ്യാപാരികളും പറയുന്നു.

Leave a Reply

Your email address will not be published.