ഡിസംബര്‍ അഞ്ചിന് ശേഷം മോഹന്‍ലാലിനെ കണ്ടാല്‍ ചിലപ്പോള്‍ തിരിച്ചറിയില്ല

ഡിസംബര്‍ അഞ്ചിന് ശേഷം മോഹന്‍ലാലിനെ കണ്ടാല്‍ ചിലപ്പോള്‍ തിരിച്ചറിയില്ല

ചിത്രം പ്രഖ്യാപിച്ചതു മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ വി. എ. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍. കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒടിയനിലെ കാഷായ വേഷധാരി മാണിക്യനായുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ വന്‍ ഹിറ്റായിരുന്നു. ശരീരഭാരം കുറച്ച്, മുറുക്കി ചുവപ്പിച്ച ചുണ്ടും ക്‌ളീന്‍ ഷേവ് ചെയ്ത മുഖവുമുള്ള മാണിക്യനായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

ചിത്രത്തിലെ മുപ്പത് വയസ്സുകാരനായുള്ള മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ചയ്ക്ക് ഗ്രാഫിക്‌സ് വേണ്ടെന്നാണ് അണിയറ പ്രവത്തകര്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായി മോഹന്‍ലാലിന്റെ ശരീരഭാരം കുറയ്ക്കാന്‍ ഫ്രാന്‍സില്‍ നിന്നും ഇരുപത്തിയഞ്ച് പേരടങ്ങുന്ന വിദഗ്ധ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. നാല്‍പത്തിയഞ്ച് ദിവസമാണ് ഈ മേക്കോവറിന് വേണ്ടിവരുമെന്ന് അറിയിച്ചിരുന്നത്.

ഇപ്പോള്‍ ഡിസംബര്‍ അഞ്ചിന് ആരാധകര്‍ കാത്തിരുന്ന പഴയ മോഹന്‍ലാല്‍ തിരിച്ചുവരുമെന്ന് സ്ഥിരീകരിക്കുകയാണ് സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന്‍ തന്നെ. ഒടിയന്റെ മൂന്നാമത്തെ ഷെഡ്യൂള്‍ ആരംഭിച്ചു. രാത്രി തുടങ്ങി രാവിലെ വരെ നീണ്ടുനില്‍ക്കുന്നതായിരുന്നു ഷെഡ്യൂള്‍. ഡിസംബര്‍ അഞ്ചിന് തന്റെ സുന്ദരമായ രൂപത്തില്‍ ലാലേട്ടന്‍ ചേരും-ശ്രീകുമാര്‍ മേനോന്‍ ട്വീറ്റ് ചെയ്തു.

ശിശുദിനാശംസകള്‍ നേര്‍ന്നുകൊണ്ട് മോഹന്‍ലാല്‍ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇത് തെളിയിക്കുന്നതാണ്. കൂടുതല്‍ മെലിഞ്ഞ് സുന്ദരനായാണ് മോഹന്‍ലാലിനെ ചിത്രത്തില്‍ കാണാനാവുന്നത്. മഞ്ജു വാര്യരാണ് ഒടിയനില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ആന്റണി പെരുമ്ബാവൂരാണ്.

Leave a Reply

Your email address will not be published.