കാസര്‍കോട് നഗരസഭ ലൈബ്രറി അവഗണനയില്‍

കാസര്‍കോട് നഗരസഭ ലൈബ്രറി അവഗണനയില്‍

കാസര്‍കോട്: പുലിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭ ലൈബ്രറിയോട് അധികൃതര്‍ക്ക് അവഗണനയെന്ന് ആക്ഷേപം. ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വാങ്ങാനായുള്ള തുക അനുവദിച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. 2014-15 സാമ്പത്തിക വര്‍ഷമാണ് അവസാനമായി പുസ്തകങ്ങള്‍ വാങ്ങുന്നതിനായി നഗരസഭ ബജറ്റില്‍ തുക അനുവദിച്ചത്. 50,000 രൂപയായിരുന്നു അന്ന് അനുവദിച്ചത്. അതിനുശേഷം 2015-16, 2016-17 സാമ്പത്തിക വര്‍ഷങ്ങളിലെ ബജറ്റുകളിലൊന്നും തന്നെ ഈയിനത്തില്‍ തുക വകയിരുത്തിയിട്ടില്ല.

അതിനാല്‍ ലൈബ്രറിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇറങ്ങിയ മലയാളത്തിലേയൊ മറ്റു ഭാഷകളിലേയൊ പുസ്തകങ്ങള്‍ എത്തിയിട്ടുമില്ല. 14,000 പുസ്തകങ്ങള്‍ മാത്രമാണ് ജില്ല ആസ്ഥാനത്തെ പ്രധാന ലൈബ്രറിയിലുള്ളത്. റഫറന്‍സ് വിഭാഗത്തിലും പുസ്തകങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രം. ഭാഷാ ന്യൂനപക്ഷ പ്രദേശം എന്നനിലക്ക് കന്നട ഭാഷയിലെ പുസ്തകങ്ങളും പത്രങ്ങളും വേണ്ടതാണ്. അവയും എണ്ണത്തില്‍ പരിമിതം. കന്നട പത്രങ്ങള്‍ ഒന്നോ രണ്ടോ എണ്ണം മാത്രമേ ഉണ്ടാകാറുള്ളൂവെന്നും വായനക്കാര്‍ പലപ്പോഴും മടങ്ങാറാണ് പതിവെന്നും ലൈബ്രറിയിലെ സ്ഥിരവായനക്കാരനും എഴുപതുകാരനുമായ കാസര്‍കോട് കുഡ്‌ലു രാംദാസ്‌നഗറിലെ ഉപേന്ദ്ര ആചാര്യ പറയുന്നു.

നിലവില്‍ ആയിരത്തോളം സ്ഥിരാംഗങ്ങളുള്ള ലൈബ്രറിയുടെ അവസ്ഥയാണിത്. രാവിലെ 9.30 മുതല്‍ വൈകീട്ട് ആറുവരെയാണ് ലൈബ്രറിയും അതിനോടനുബന്ധിച്ചുള്ള റീഡിങ് റൂമും തുറന്നു പ്രവര്‍ത്തിക്കുന്നത്. ജോലികഴിഞ്ഞ് എത്തുേമ്ബാഴേക്കും ലൈബ്രറി അടച്ചിട്ടുണ്ടാകാറാണ് പതിവെന്ന് കാസര്‍കോട് സ്വദേശി ശ്രീജിത്ത് പറയുന്നു. പ്രവര്‍ത്തനസമയം രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാക്കണമെന്ന വായനക്കാരുടെ കാലങ്ങളായുള്ള ആവശ്യവും അധികൃതര്‍ മുഖവിലക്കെടുക്കാറില്ല.

Leave a Reply

Your email address will not be published.