മാവോവാദി ഭീഷണി: മലയോരത്ത് നാലു പൊലീസ് സ്റ്റേഷനുകള്‍ക്ക് ജാഗ്രതാനിര്‍ദേശം

മാവോവാദി ഭീഷണി: മലയോരത്ത് നാലു പൊലീസ് സ്റ്റേഷനുകള്‍ക്ക് ജാഗ്രതാനിര്‍ദേശം

പേരാവൂര്‍: മാവോവാദിഭീഷണിയെ തുടര്‍ന്ന് ഇരിട്ടി പൊലീസ് ഡിവിഷന് കീഴിലെ നാലു സ്റ്റേഷനുകള്‍ക്ക് ജാഗ്രതാനിര്‍ദേശം (റെഡ് അലര്‍ട്ട്) നല്‍കി. ഇതിന്റെഭാഗമായി സ്റ്റേഷന്‍പരിധിയില്‍ കനത്തസുരക്ഷ ഒരുക്കും. പേരാവൂര്‍, കേളകം, ആറളം, കരിക്കോട്ടക്കരി എന്നീ സ്റ്റേഷനുകള്‍ക്കാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

നിലമ്പൂര്‍ വനമേഖലയില്‍ പൊലീസ് വെടിവെപ്പില്‍ മാവോവാദികള്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സ്റ്റേഷന്‍ ആക്രമിച്ച് തിരിച്ചടിനല്‍കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് മലയോരത്തെ സ്റ്റേഷനുകള്‍ക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. യന്ത്രത്തോക്കേന്തിയ കമാന്‍ഡോകളെ രാപ്പകല്‍ സ്റ്റേഷനുകളില്‍ സുരക്ഷക്കായി നിയോഗിക്കും. നിലവിലുള്ള സുരക്ഷാസംവിധാനങ്ങളും ഇരട്ടിയാക്കി. വൈദ്യുതി നിലച്ചാല്‍ പകരം വെളിച്ചം ഉള്‍പ്പെടെ പ്രത്യേക സൗകര്യങ്ങളും സ്റ്റേഷനിലും പരിസരത്തും ഏര്‍പ്പെടുത്തി.

കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍, കേരള പൊലീസിലെ രഹസ്യാന്വേഷണവിഭാഗം എന്നിവര്‍ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. മാവോവാദിവേട്ടക്ക് പ്രത്യേക പരിശീലനം ലഭിച്ച കമാന്‍ഡോസംഘങ്ങളെ ഓരോ സബ്ഡിവിഷന്‍തലത്തിലും തയാറാക്കിനിര്‍ത്തിയിട്ടുണ്ട്. ഇനി കര്‍ശന നിരീക്ഷണത്തോടെ മാത്രമേ ജനങ്ങളെ രാത്രി പൊലീസ് സ്റ്റേഷനുകളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. തിരിച്ചറിയല്‍രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കണം. ആദിവാസികള്‍ കൂടുതല്‍ അധിവസിക്കുന്ന ആറളം ഫാമിലും മുന്‍പ്് മാവോവാദി സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത കേന്ദ്രങ്ങളിലും ശക്തമായ പരിശോധനയാണ് നടക്കുന്നത്. ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published.