ഇനി ആശ്വാസത്തോടെ ഹോട്ടലില്‍ കയറാം

ഇനി ആശ്വാസത്തോടെ ഹോട്ടലില്‍ കയറാം

തിരുവനന്തപുരം: ഇന്നുമുതല്‍ ഇത്തിരി ആശ്വാസത്തോടെ ഹോട്ടലില്‍ കയറാം. ഇന്നലെ വരെ കൈപൊള്ളിച്ച ചരക്ക് സേവന നികുതി ഇന്നു മുതല്‍ കുറയും. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെ എല്ലാ റസ്റ്റാറന്റുകള്‍ക്കും ജി.എസ്.ടി അഞ്ച് ശതമാനമായി ഏകീകരിച്ചതിനെ തുടര്‍ന്നാണിത്. 75 ലക്ഷം വരെ വിറ്റുവരവുള്ള എ.സി റസ്റ്റാറന്റുകള്‍ക്ക് 18 ശതമാനവും നോണ്‍ എ.സിയില്‍ 12 ശതമാനവും ആയിരുന്നു നിലവിലെ നികുതി. അതില്‍ താഴെയുള്ളവക്ക് അഞ്ചു ശതമാനവും. ഇവക്കെല്ലാം നികുതി ഏകീകരിച്ചു. ഇതു സംബന്ധിച്ച ഉത്തരവിന് ഇന്നു മുതല്‍ പ്രാബല്യമുണ്ടെന്നും നികുതിവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 28 ശതമാനം നികുതി തുടരും. നികുതി കുറയുന്നതോടൊപ്പം ഹോട്ടലുകള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അനുവദിക്കില്ല. 500 രൂപയില്‍ കൂടുതല്‍ വാടക ഈടാക്കുന്ന മുറികള്‍ക്ക് നികുതി 18 ശതമാനമായി തുടരും. ഔട്ട്‌ഡോര്‍ കാറ്ററിങ്ങിനും 18 ശതമാനമായിരിക്കും. ഇതിന് പുറമെ നിത്യോപയോഗമടക്കം 200 ഉല്‍പന്നങ്ങളുടെ നികുതിയും കുറച്ചിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ 178 ഉല്‍പന്നങ്ങളുടെ നികുതി ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനത്തില്‍നിന്ന് 18 ശതമാനമായാണ് കുറച്ചത്. 228 ഉല്‍പന്നങ്ങള്‍ ഉണ്ടായിരുന്ന 28 ശതമാനം സ്ലാബില്‍ ഇനി 50 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളു.

ചൂയിങ്ഗം, ചോക്ലേറ്റ്, ഷാംപൂ, ഡിയോഡറന്റ്, ഷൂ പോളിഷ്, സോപ്പുപൊടി, ആരോഗ്യ പാനീയങ്ങള്‍, മാര്‍ബിള്‍, ഗ്രാനൈറ്റ്, സാനിറ്ററി ഉല്‍പന്നങ്ങള്‍, വയര്‍, കേബിള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, റിസ്റ്റ് വാച്ച്, കാപ്പി, കസ്റ്റാര്‍ഡ് പൗഡര്‍, ഡന്റെല്‍ ഉല്‍പന്നങ്ങള്‍, വിഗ്, രോമക്കുപ്പായം, കുക്കര്‍, സ്റ്റൗ, ബ്ലേഡ്, വാട്ടര്‍ഹീറ്റര്‍, ബാറ്ററി, കത്തി, കണ്ണട, മെത്ത തുടങ്ങിയവയാണ് 28ല്‍നിന്ന് 18 ശതമാനത്തിലേക്ക് കുറഞ്ഞത്.

ഗ്രൈന്‍ഡറുകള്‍, കവചിത വാഹനങ്ങള്‍ തുടങ്ങിയവയുടെ നികുതി 28ല്‍നിന്ന് 12 ആയും പാല്‍ക്കട്ടി, റിഫൈന്‍ഡ് പഞ്ചസാര, പിസ്ത കറി പേസ്റ്റ്, പ്രമേഹ രോഗികള്‍ക്കുള്ള ഭക്ഷണം, മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍, അച്ചടിമഷി, ഹാന്‍ഡ് ബാഗ്, തൊപ്പി, കണ്ണട, കണ്ണട ഫ്രയിം, ചൂരല്‍-മുള ഫര്‍ണിച്ചറുകള്‍ തുടങ്ങി 13 ഉല്‍പന്നങ്ങളുടെ നികുതി 18ല്‍നിന്ന് 12 ശതമാനമായും കുറച്ചു. ചമ്മന്തിപ്പൊടി, അരി മിഠായി, ഉരുളക്കിഴങ്ങുപൊടി, ൈഫ്‌ല സള്‍ഫര്‍ തുടങ്ങിയവ 18ല്‍നിന്ന് അഞ്ച് ശതമാനമായും കുറച്ചു.

ചിരകിയ തേങ്ങ, ഇഡ്ഡലി-ദോശമാവ്, തുകല്‍, കയര്‍, മീന്‍വല തുടങ്ങിയ ആറ് ഉല്‍പന്നങ്ങളുടെ നികുതി 12ല്‍നിന്ന് അഞ്ചു ശതമാനമാക്കി. കാലിത്തീറ്റ, ഉണക്കമീന്‍, ചിരട്ട തുടങ്ങി ആറു ഉല്‍പന്നങ്ങളുടെ നികുതി ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.