ട്രിപ്പു മുടക്കം: ശ്രദ്ധയില്‍ പെട്ടാല്‍ നടപടി ജോയിന്റ് ആര്‍.ടി.ഒ

ട്രിപ്പു മുടക്കം: ശ്രദ്ധയില്‍ പെട്ടാല്‍ നടപടി ജോയിന്റ് ആര്‍.ടി.ഒ

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

ജില്ലയില്‍ ട്രിപ്പു മുടക്കം പതിവാകുന്നു. പരാതികള്‍ കുമിഞ്ഞു കൂടുമ്പോഴും പലതും ശ്രദ്ധയില്‍ പെടുന്നില്ലെന്നും ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയെടുക്കുമെന്നും കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടിഒ ഷീബ അറിയിച്ചു. ഞായറാഴ്ച്ചകളിലാണ് അധികവും ട്രിപ്പു മുടങ്ങുന്നത്. വിവാഹത്തിനും മറ്റ് അന്ത്യന്താവശ്യങ്ങള്‍ക്കു മാത്രമെ നിയമാനുസൃതമായി താല്‍ക്കാലിക പെര്‍മിറ്റ് നല്‍കാറുള്ളുവെന്നും നിയമം ലംഘിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ശിക്ഷണ നടപടികള്‍ കൈക്കൊള്ളുമെന്നും ജോ.ആര്‍.ടി.ഒ പറഞ്ഞു. ഇതിന് യാത്രക്കാരുടെ നിര്‍ലോഭമായ സഹകരണം ആവശ്യമുണ്ട്. മൊബൈല്‍ സ്‌കോഡിന്റെ പരിമിതമായ പ്രവര്‍ത്തം കൊണ്ട് മാത്രം ഈ രംഗത്തെ കാര്യക്ഷമമാക്കാന്‍ കഴിയില്ല. ജനങ്ങളുടെ സഹകരണം കൂടിയേ തീരു. അതു വേണ്ടത്ര ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ആകസ്മികമായി ട്രിപ്പു മുടക്കുന്നതു കാരണം സ്‌കുള്‍ കുട്ടികളും, നിത്യേന ജോലിക്ക് പോകുന്നവരും ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ കഴിയുന്നവരുമാണ് ഏറെ കഷ്ടപ്പെടുന്നത്. കെ.എസ്.ആര്‍.ടി.സി സര്‍വ്വീസും, സ്വകാര്യ ബസുകള്‍ നാമമാത്രമായി മാത്രം സര്‍വീസ് നടത്തുന്ന മേഖലകളിലാണ് യാത്രാക്ലേശം ഗൂരുതരമായി ബാധിക്കുന്നത്. ബസിനെ വിശ്വസിച്ച് വൈകുന്നേരങ്ങളില്‍ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ വയ്യാത്ത സ്ഥിതിയാണ് കിഴക്കന്‍ മേഖലകളില്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളന ദിവസവസങ്ങളിലും വ്യാപകമായി ട്രിപ്പ് നിശ്ചലമാകുന്നു. മുന്‍കൂട്ടി അറിയിപ്പു ലഭിക്കാത്തതിനാല്‍ പലരും പെരുവഴിയിലാവാറാണ് പതിവ്.

സംസ്ഥാന വ്യാപകമായി ഇത് ഗുരുതരമായി തുടരുന്നത് ശ്രദ്ധയില്‍ പെട്ട മനുഷ്യാവകാശ കമ്മീഷന്‍ 2016 സെപ്തമ്പര്‍ 26ന് നിയമം ലംഘിക്കുന്നവരെ കണ്ടെത്തി ശിക്ഷ ഏര്‍പ്പെടുത്തണമെന്ന് ഉത്തരവിറക്കിയിരുന്നു. അന്നത്തെ കാര്യക്ഷമത അധികൃതരുടെ ഭാഗത്തു നിന്നും ഇപ്പോള്‍ ചോര്‍ന്നു പോയിരിക്കുകയാണ്. പഴയ അവസ്ഥയേക്കാള്‍ ഗുരുതരമായി കൃത്യവിലോപം വ്യാപിക്കുകയാണ്. ലൈസന്‍സ് ഇല്ലാതെയും പുതുക്കാതെയുമുള്ള ബസ് ജീവനക്കാരെ പിടികൂടി പിഴയടപ്പിക്കാന്‍ കാസര്‍കോട് ആര്‍.ടി.ഒക്ക് കഴിഞ്ഞിരുന്നുവെങ്കിലും കാഞ്ഞങ്ങാട് നടപടി തുടങ്ങിയിട്ടില്ല. മൊബൈല്‍ സ്‌കാഡിന്റെ നിരീക്ഷണം കര്‍ശനമാക്കാന്‍ കമ്മീഷന്‍ ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

മുന്‍കാലങ്ങളില്‍ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നെങ്കിലും ഇന്ന് മിക്ക റോഡുകളും ഗതാഗതത്തിന് സജ്ജമാണ്. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന പരിസരങ്ങളിലും കിഴക്കന്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചും കൂടുതല്‍ ജാഗ്രത പുലര്‍ത്തുക, സ്പീഡ് ഗവേര്‍ണര്‍ അഴിച്ചു മാറ്റി മല്‍സര ഓട്ടം സംഘടിപ്പിക്കുന്ന വാഹനങ്ങളെ നിലക്കു നിര്‍ത്തുക, അനധികൃതമായി ട്രിപ്പു കട്ടു ചെയ്യുന്നവരുടെ പെര്‍മിറ്റ് സസ്പെന്റ് ചെയ്യുക, അമിത ശബ്ദത്തില്‍ പാട്ടു വെച്ച് ഓടുന്ന യാത്രാവാഹനങ്ങളിലെ ശബ്ദ ഉപകരണങ്ങള്‍ സ്വീസ് ചെയ്യുക, ആവശ്യമായ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുക, മൊബൈല്‍ സംവിധാനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി പത്ര സ്ഥാപനങ്ങളില്‍ കത്തുകളുടേയും, പരാതികളുടേയും രൂപത്തില്‍ നിരവധി കുറിപ്പുകള്‍ ദിനം പ്രതി ലഭിക്കാറുണ്ട് എന്ന കാര്യവും അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്.

Leave a Reply

Your email address will not be published.