ആഗോളതാപനം; ആദ്യം വെള്ളത്തിനടിയിലാവുന്നത് മംഗളൂരുവും മുംബൈയും!

ആഗോളതാപനം; ആദ്യം വെള്ളത്തിനടിയിലാവുന്നത് മംഗളൂരുവും മുംബൈയും!

ദില്ലി: ആഗോളതാപനത്തില്‍ ഇന്ത്യയ്ക്കും ലോകരാജ്യങ്ങള്‍ക്കും മുന്നറിയിപ്പുമായി നാസ. സമുദ്ര നിരപ്പ് ഉയരുന്നതോടെ ഇന്ത്യയില്‍ ആദ്യം വെള്ളത്തിനടിയിലാവുന്നത് കര്‍ണ്ണാടകത്തിലെ മംഗളൂരുവും മുംബൈയുമാണെന്നാണ് നാസയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിമാനികള്‍ ഉരുകുന്നതോടെ അടുത്ത നൂറ് വര്‍ഷത്തിനുള്ളില്‍ മംഗളൂരുവിലെ സമുദ്ര നിരപ്പ് 15. 26 സെമിയില്‍ നിന്ന് 15.98 സെമിയിലെത്തുമെന്നും മുംബൈയിലെ സമുദ്ര നിരപ്പ് 10.65 സെമിയിലെത്തുമെന്നും നാസയുടെ പഠനം സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ നഗരമായ മുംബൈയും ന്യൂയോര്‍ക്കുമാണ് സമുദ്ര നിരപ്പ് ഉയരുന്നതോടെ ദുരന്തത്തിന്റെ വക്കിലുള്ളത്. ജേണല്‍ സയന്‍സ് അഡ്വാന്‍സാണ് നാസയുടെ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. യുഎസ് ബഹിരാകാശ ഗവേഷണ കേന്ദ്രം നാസയുടെ പ്രോപ്പള്‍ഷന്‍ ലബോറട്ടറി വികസിപ്പിച്ചെടുത്ത ഗ്രേഡിയന്റ് ഫിംഗര്‍ പ്രിന്റ് മാപ്പിംഗ് എന്ന ടൂള്‍ ഉപയോഗിച്ചാണ് നാസ ആഗോള താപനത്തെത്തുടര്‍ന്ന് ലോകത്ത് ഭാവിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുള്ളത്.

ഇന്ത്യയിലെ മൂന്ന് നഗരങ്ങള്‍

ഹിമാനികള്‍ ഉരുകി സമുദ്ര നിരപ്പ് ഉയരുന്നതോടെ ഇന്ത്യയിലെ മൂന്ന് തുറമുഖ നഗരങ്ങളുള്‍പ്പെടെ 293 നഗരങ്ങള്‍ക്കാണ് ഭീഷണിയാവുന്നത്. മുംബൈയ്ക്ക് പുറമേ കര്‍ണ്ണാടകയിലെ മംഗളൂരു, ആന്ധ്രപ്രദേശിലെ കക്കിനാഡ എന്നീ തുറമുഖങ്ങളും നാസ പുറത്തിറക്കിയ പട്ടികയിലുണ്ട്. ആദ്യമായിട്ടാണ് ഇത്തരത്തില്‍ സമുദ്ര നിരപ്പ് ഉയരുന്നത് സംബന്ധിച്ച് ശാസ്ത്രീയമായ കണക്കുകള്‍ ലോകത്ത് ലഭ്യമാകുന്നത്.

ഹിമാനികള്‍ ഉരുകുന്നു

ലോകത്തെ 75 ശതമാനത്തോളം ശുദ്ധജലവും ഹിമാനികളിലും ഐസ് ഷീറ്റുകളിലുമായാണ് ശേഖരിക്കപ്പെടുന്നത്. എന്നാല്‍ ആഗോളതാപനം മൂലം ഈ ഹിമാനികള്‍ ഉരുകുന്നതാണ് സമുദ്ര നിരപ്പ് ഉയരുന്നതിന് ഇടയാക്കുന്നത്. വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറയ്ക്കാന്‍ ലോക രാജ്യങ്ങള്‍ ശ്രമം നടത്തുന്നുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് കമ്ബനികള്‍ ചെയ്യുന്നതുപോലെ അടുത്ത നൂറ് വര്‍ഷത്തേയ്ക്ക് കണക്കാക്കിയുള്ള നീക്കങ്ങളാണ് നടത്തേണ്ടതെന്നും മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ എറിക് ഇവിന്‍സ് ചൂണ്ടിക്കാണിക്കുന്നു.

സമുദ്ര നിരപ്പ് ഉയരും

സമുദ്ര നിരപ്പ് ഉയരുകയും തീരപ്രദേശങ്ങള്‍ തേഞ്ഞു തീരുകയും ചെയ്യുന്നത് കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും ഇടയാക്കുമെന്നാണ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ നല്‍കുന്ന മുന്നറിയിപ്പ്. ഹരിതഗൃഹവാതകങ്ങള്‍ അമിതമായി പുറന്തള്ളുന്നത് മൂലം 2100 ആകുമ്‌ബോഴേയ്ക്ക് സമുദ്ര നിരപ്പ് 0.51- 1.31 മീറ്റര്‍ വരെ ഉയരുമെന്നും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ ചൂണ്ടിക്കാണിക്കുന്നു. സമുദ്രനിരപ്പ് ഒരു മീറ്റര്‍ ഉയരുന്നതോടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ 14,000 ചതുരശ്ര കിലോമീറ്റര്‍ നഷ്ടമാകുമെന്നും ചില കണക്കുകള്‍ സൂചിപ്പിക്കുന്നു.

40 മില്യണ്‍ ജനങ്ങള്‍ക്ക് ഭീഷണി

സമുദ്രനിരപ്പ് ഉയരുന്നത് 2050ഓടെ ഇന്ത്യയിലെ 40 മില്യണ്‍ ജനങ്ങള്‍ക്ക് ഭീഷണിയാവുമെന്നും മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെ ജനങ്ങളെയാണ് ഇത് ബാധിക്കുകയെന്നും ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സമുദ്ര നിരപ്പ് ഉയരുന്നതിന് പുറമേ സ്വത്തിനും ജീവനും ഭീഷണിയാവുന്നതും കണക്കിലെടുത്താണ് മുന്നറിയിപ്പ്. ചെറിയ തീരദേശ നഗരങ്ങളെ അപേക്ഷിച്ച് കൊല്‍ക്കത്തയ്ക്കും മുംബൈയ്ക്കും അപകടസാധ്യത കൂടുതലാണെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സമുദ്രജലത്തിന്റെ താപനില ഉയരുന്നതും സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നതിന് ഇടയാക്കുന്നു.

Leave a Reply

Your email address will not be published.