അസുരതാളത്തിന് കോലുവെച്ച് പഞ്ചാക്ഷരവുമായി പെണ്‍കൊട്ടുകള്‍

അസുരതാളത്തിന് കോലുവെച്ച് പഞ്ചാക്ഷരവുമായി പെണ്‍കൊട്ടുകള്‍

പെരളം: ചെണ്ടമേളം കേരളീയര്‍ക്ക് ഒരു ഹരമാണ്. അസുരവാദ്യത്തിന് കോലുനീട്ടി ഉത്സവപ്പറമ്പില്‍ ഇനി പെണ്‍കൊട്ടുകള്‍ കേള്‍ക്കാം. കരിവെള്ളൂര്‍ പെരളം പഞ്ചായത്തിലെ കുടുംബശ്രീകളില്‍ നിന്നുള്ള പതിനാല് സ്ത്രീകളും ബാലസംഘത്തിലെ കുട്ടികളും ചേര്‍ന്ന് പഞ്ചാക്ഷരി എന്ന പേരില്‍ ചെണ്ടമേളത്തിന് തുടക്കം കുറിച്ചിട്ട് ഒമ്പത് മാസം പിന്നിട്ടു. ഇതിനിടയില്‍ ഇവര്‍ മേളമിടാത്ത സാംസാകാരിക പരിപാടികള്‍ ഇല്ല. പ്രകാശന്‍ വെള്ളച്ചാലിന്റെ ശിക്ഷണത്തിലാണ് പഞ്ചാക്ഷരികള്‍ വാദ്യം പഠിച്ചത്. യുവതികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെയുണ്ട് ഇവര്‍ക്കിടയില്‍. 56 വയസ്സുള്ള ലളിതയും ശ്യാമളയുമാണ് ഇവരുടെ തേര് നയിക്കുന്നത്.

വയസ്സ് കാലത്താണോ മേളം എന്ന് ചേദിച്ചാല്‍, വയസ്സെന്റെ മേളമാണ് മേളമെന്ന് ഒരേ സ്വരത്തില്‍ പറയും ഇരുവരും. ചെണ്ടമേളത്തിലെ സാധ്യതകളും അതിന്റെ പ്രാധാന്യവും മുന്നില്‍ കണ്ടാണ് ഇവര്‍ ഈ മേഖലയിലേക്ക് തിരിഞ്ഞത്. സ്ഥിരവരുമാനം ഉള്ള തൊഴിലുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സ്ത്രീകള്‍ക്ക് ഏറ്റവും നല്ല തൊഴില്‍ മേഖലയാണ് ഇതെന്ന് ഇവര്‍ പറയുന്നു. സീസണുകളില്‍ നല്ല വരുമാനമാണ് ഇതിലൂടെ കിട്ടുന്നത്. എന്നാല്‍ ഇവര്‍ക്ക് ഇത് വെറുമൊരു തൊഴിലല്ല. ദൈവസന്നിധിയില്‍ പോലും വിലമതിക്കുന്ന ഈ കലയെ സമൂഹത്തിന് മുന്നില്‍ നേദിക്കുകയാണ്. ആഘോഷദിവസങ്ങളില്‍ പെരളം പ്രദേശത്ത് ഇവരുടെ മേളപ്രസാദം പതിവാണ്. സാംസ്‌കാരിക, സാമൂഹിക പരിപാടികളില്‍ കൊഴുപ്പേകാന്‍ ഇവര്‍ മുന്‍നിരയില്‍ തന്നെ കാണും. ഓരോ പരിപാടികളിലും പങ്കെടുത്ത് കഴിയുമ്പോള്‍ കാണികള്‍ നല്‍കുന്ന പ്രോത്സാഹനമാണ് ഇവരുടെ ഊര്‍ജം. ഓരോ മേളങ്ങളും ഓരോ പാഠങ്ങളാണ് സമ്മാനിക്കുന്നതെന്ന് ലളിത പറയുന്നു.

ചെണ്ടമേളം എന്നത് പെട്ടെന്ന് പഠിച്ചെടുക്കാന്‍ കഴിയുന്ന കലയാണെങ്കിലും പഠിക്കും തോറും വീണ്ടും വീണ്ടും പഠിച്ചുകൊണ്ടിരിക്കേണ്ട കലയാണിത്. ഒരുവര്‍ഷം പിന്നിടാറായി പഠനം തുടങ്ങിയിട്ട്. എന്നാല്‍ അടുക്കുംതോറും വീണ്ടും വീണ്ടും ആഴങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുമെന്നതാണ് ഈ കലയുടെ പ്രത്യേകത ലളിത കൂട്ടിച്ചേര്‍ത്തു. അടുത്ത ഗ്രാമങ്ങളിലെല്ലാം സ്ത്രീകള്‍ ചെണ്ട പഠിച്ച് മേളം നടത്താനായി നാട്ടില്‍ എത്തിയപ്പോഴാണ് തങ്ങള്‍ക്കും ഇത് വഴങ്ങുമെന്ന് ഇവര്‍ ചിന്തിച്ച് തുടങ്ങിയത്. പിന്നെ അധികം കാലതാമസമുണ്ടായില്ല. അടുത്തുള്ള കുടുംബശ്രീ യൂണിറ്റുകളിലും ചര്‍ച്ചകള്‍ നടത്തി പതിനാല് പേരടങ്ങുന്ന ഒരു സംഘം രൂപീകരിച്ചു.

പ്രകാശന്‍ വെള്ളച്ചാലിനെ സമീപിച്ചപ്പോള്‍ ഇവരുടെ ഉത്സാഹം കണ്ട് ആശാന്‍ മറുത്തൊന്നും പറഞ്ഞുമില്ല. പെട്ടെന്ന് തന്നെ എല്ലാവരും കാര്യങ്ങള്‍ പഠിച്ചെടുക്കുകയും ചെയ്തു. എവിടെയും ഒരു തട്ടിക്കൂട്ട് പരിപാടിയും അവതരിപ്പിക്കില്ലെന്ന് ഉറച്ച തീരുമാനത്തോടെയാണ് പഞ്ചാക്ഷരിയുടെ തുടക്കം. കാര്യങ്ങള്‍ മുഴുവനായും പഠിച്ചശേഷമാണ് കൊട്ട് തുടങ്ങിയത്. എട്ടിക്കുളം ശ്രീനാരായണ ക്ഷേത്രനടയിലാണ് ആദ്യമായി കൊട്ടിയത്. ഇവിടുന്ന് തുടങ്ങിയ കൊട്ട് പാലക്കുന്ന് ശ്രീ മഹാവിഷ്ണു ക്ഷേത്രസന്നിധിയില്‍ അവസാനിപ്പിച്ചു. കാഴ്ചകൊട്ടുമായി കരിവെള്ളൂരിന്റെ ചുവന്നമണ്ണിലൂടെയുള്ള യാത്രയ്ക്ക് ഹരം പകര്‍ന്ന് ബാലസംഘത്തിന്റെ കുട്ടികളും ചേങ്ങിലത്താളം പിടിച്ചു. കാഴ്ചക്കൊട്ടും പഞ്ചാരിമേളവുമാണ് നിലവില്‍ ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇനി ശിങ്കാരിമേളവും പഠിച്ചെടുത്താല്‍ പെരളത്തിന്റെ താളം പഞ്ചാക്ഷരങ്ങള്‍ കീഴടക്കും.

Leave a Reply

Your email address will not be published.