തെങ്ങുകര്‍ഷകര്‍ക്ക് പേടിസ്വപ്നമായി വെള്ളീച്ചരോഗം നാട്ടിന്‍പുറങ്ങളിലേക്കും

തെങ്ങുകര്‍ഷകര്‍ക്ക് പേടിസ്വപ്നമായി വെള്ളീച്ചരോഗം നാട്ടിന്‍പുറങ്ങളിലേക്കും

പൊയിനാച്ചി: തെങ്ങുകര്‍ഷകര്‍ക്ക് പേടിസ്വപ്നമായി വെള്ളീച്ചരോഗം നാട്ടിന്‍പുറങ്ങളിലേക്കും വ്യാപിക്കുന്നു. തെങ്ങുകളെ രോഗം കാര്‍ന്നുതിന്നുമ്പോഴും പ്രതിവിധി ഇല്ലാത്തതിനാല്‍ നിസ്സഹായാവസ്ഥയിലാണ് ഇവര്‍. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുകിടക്കുന്ന ചെമ്മനാട് പഞ്ചായത്തിലാണ് ഇപ്പോള്‍ വെള്ളീച്ചരോഗം പടരുന്നത്. പഞ്ചായത്തിലെ പെരുമ്പള, അണിഞ്ഞ, പൊയിനാച്ചി ഭാഗങ്ങളില്‍ ഉള്‍പ്പെടെ രോഗം രൂക്ഷമായി. പല കര്‍ഷകരും രോഗം പിടിപ്പെട്ടതറിഞ്ഞത് വൈകിയാണ്. എന്തുചെയ്യണമെന്നാരാഞ്ഞ് ഇവര്‍ കൃഷിഭവനില്‍ എത്തുന്നുണ്ട്.

കഞ്ഞിവെള്ളം ഓലയുടെ അടിഭാഗത്ത് സ്‌പ്രേ ചെയ്യാനാണ് അധികൃതര്‍ നല്‍കുന്ന പ്രധാന നിര്‍ദേശം. 20 ശതമാനം വീര്യത്തില്‍ വേപ്പെണ്ണ ചേര്‍ത്ത മിശ്രിതം തളിക്കുന്നതും ഗുണം ചെയ്യുമത്രേ. ഇതുരണ്ടും ഫലപ്രദമായി നടപ്പാക്കാനാവാതെ കുഴങ്ങുകയാണ് കര്‍ഷകര്‍. പൊക്കം കൂടിയതും കുറഞ്ഞതുമായ മിക്ക തെങ്ങുകള്‍ക്കും രോഗം പിടിപ്പെട്ടിട്ടുണ്ട്.

കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തില്‍പ്പോലും വെള്ളീച്ചരോഗം നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണ്. ഇവിടെനിന്നുള്ള തെങ്ങിന്‍തൈ വിതരണംപോലും ഇതുകാരണം നിര്‍ത്തിവെച്ചു. കാസര്‍കോട്, അണങ്കൂര്‍ മേഖലകളില്‍ ഈയിടെ വെള്ളീച്ചയുടെ ആക്രമണം കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഇത് ഏറ്റവും കൂടുതല്‍ തെങ്ങുകൃഷിയുള്ള ചെമ്മനാട് ഭാഗത്തേക്കും പടരുന്നത്. തേങ്ങയ്ക്ക് കുത്തനെ വിലകൂടിയ ഘട്ടത്തില്‍ തെങ്ങിന് രോഗം പിടിപ്പെട്ടത് കര്‍ഷകരെ ആശങ്കയിലാക്കുകയാണ്.

Leave a Reply

Your email address will not be published.