ആഹാരവില്‍പ്പനയ്ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി

ആഹാരവില്‍പ്പനയ്ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി

ആഹാരസാധനങ്ങളുടെ വില്‍പനയ്ക്ക് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ തീരുമാനം. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണിത്. ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമേ ആഹാരസാധനങ്ങള്‍ വില്‍ക്കാനാവൂ എന്നാണ് നിയമമെങ്കിലും ഇത് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ അതോറിറ്റി തീരുമാനിച്ചത്.

ഹോട്ടലുകള്‍ ഭേദം

സംസ്ഥാനത്ത് മിക്കവാറും ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നവയാണ്. എന്നാല്‍, ഇവിടങ്ങളില്‍ പാകംചെയ്യാനുള്ള സാധനങ്ങള്‍ വിതരണം ചെയ്യുന്ന പലര്‍ക്കും ലൈസന്‍സ് ഇല്ല.
ഇറച്ചിയും മീനും പച്ചക്കറിയുമൊക്കെ ചന്തകളില്‍ നിന്നാണ് വാങ്ങുന്നത്. മിക്ക ചന്തകളിലും ലൈസന്‍സ് ഉള്ളവര്‍ കുറവാണ്. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പലഹാരങ്ങള്‍ ഉണ്ടാക്കി എത്തിക്കുന്നവരിലും ലൈസന്‍സ് ഇല്ലാത്തവരാണ് കൂടുതല്‍.
ആഹാരസാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്കും സൂക്ഷിക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കുമെല്ലാം ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണമെന്നാണ് നിയമം.

രേഖകള്‍ സൂക്ഷിക്കണം

അതോറിറ്റിയുടെ നിയമം കര്‍ശനമായി നടപ്പാക്കിയിട്ടുള്ള സംസ്ഥാനമാണ് കേരളം. ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍നിന്നു മാത്രമേ ആഹാരമുണ്ടാക്കാനുള്ള സാധനങ്ങള്‍ വാങ്ങാവൂ.
അതിന്റെ രേഖകള്‍ സൂക്ഷിക്കണമെന്നും ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കും മറ്റും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുമുണ്ട് – കെ. അനില്‍കുമാര്‍, ഭക്ഷ്യസുരക്ഷാ ജോയന്റ് കമ്മീഷണര്‍.

സര്‍ക്കാര്‍ നയം സ്വീകരിക്കണം

സംസ്ഥാനത്തെ തൊണ്ണൂറു ശതമാനത്തിലധികം ഹോട്ടലുകളും ഭക്ഷ്യസുരക്ഷാ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നവയാണ്. അവിടങ്ങളിലേക്ക് സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നവരില്‍ ലൈസന്‍സ് ഉള്ളവരും ഇല്ലാത്തവരുമുണ്ടാകാം.
എല്ലാവര്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കുന്നത് നല്ല കാര്യമാണ്. അത്തരത്തില്‍ ഒരു നയം സര്‍ക്കാര്‍ സ്വീകരിക്കണം – ജി. ജയ് പാല്‍, ജന. സെക്രട്ടറി, കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷന്‍.

സംഘടനയില്‍ ലൈസന്‍സുള്ളവര്‍ മാത്രം

സംസ്ഥാനത്തെ എല്ലാ ബേക്കറികളും ലൈസന്‍സോടെയാണ് പ്രവര്‍ത്തിക്കുന്നത്. അങ്ങനെയുള്ളവരെ മാത്രമേ സംഘടനയില്‍ ഉള്‍പ്പെടുത്തൂ. ബേക്കറികളിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതും രജിസ്‌ട്രേഷന്‍ ഉള്ളവരില്‍ നിന്നാണ്.
അതിന് ഉത്തരവാദിത്വമുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ ചിലപ്പോള്‍ ചെറിയ കുറവുകളുണ്ടാകാം – പി.എം. ശങ്കരന്‍, പ്രസിഡന്റ്, ബേക്കേഴ്‌സ് അസോസിയേഷന്‍.

Leave a Reply

Your email address will not be published.