പെരിയയിലെ തെരുവിനെ സംഗീതസാന്ദ്രമാക്കി അവര്‍ പാടി

പെരിയയിലെ തെരുവിനെ സംഗീതസാന്ദ്രമാക്കി അവര്‍ പാടി

പെരിയ: ഉള്ളിലുറക്കിവെച്ച പാട്ടുകളെ പൊടിതട്ടി ഉണര്‍ത്തി അവര്‍ പാടിയപ്പോള്‍ പെരിയയിലെ തെരുവ് സംഗീതസാന്ദ്രമായി. 60 വയസ്സ് പിന്നിട്ടവര്‍ക്കായി ബേക്കല്‍ ജനമൈത്രി പോലീസിന്റെ സംകരണത്തോടെ സ്മാര്‍ട്ട് പെരിയ സംഘടിപ്പിച്ച മാറ്റൊലിയാണ് വേറിട്ട അനുഭവമായിമാറിയത്.

വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ച മാറ്റൊലി കലാമേളയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി അന്‍പതിലേറെപ്പേര്‍ പങ്കെടുത്തു. പാടിപ്പതിഞ്ഞ പഴയകാല നാടകഗാനങ്ങളും സിനിമാഗാനങ്ങളുമെല്ലാം മത്സരാര്‍ഥികള്‍ ആലപിച്ചു.

ചക്കരപ്പന്തലും, ഇല്ലിമുളംകാടുമെല്ലാം സദസ്സ് ഒന്നായി ഏറ്റുപാടി. പെരിയയിലും പരിസരങ്ങളിലുള്ള വിരമിച്ച ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരുമെല്ലാം മത്സരങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു. ബി.എസ്സി. പരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കിയ ജെ.പൂജ, പ്രവീണ എന്നിവരെ അനുമോദിച്ചു.

പെരിയയിലെ ശൂചിത്വ സമുച്ചയത്തിന്റെ ചുമതലക്കാരന്‍ ഗോവിന്ദനെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്.നായര്‍ ഉദ്ഘാടനംചെയ്തു. സ്മാര്‍ട്ട് പെരിയ പ്രസിഡന്റ് എ.വിജയന്‍ നായര്‍ അധ്യക്ഷനായിരുന്നു.

വിജയികള്‍ക്ക് ബേക്കല്‍ എസ്.ഐ. ദിനേശന്‍ സമ്മാനം വിതരണംചെയ്തു. പി.രാഘവന്‍ നായര്‍, വി.ഷാജു, സുരേഷ്‌കുമാര്‍ ക്ലായിക്കോട് തുടങ്ങിയവര്‍ സംസാരിച്ചു. പെരിയ ഗവ. ഹൈസ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ‘അമ്മ’ നാടകവും മ്യൂസിക് ലവേഴ്‌സ് പെരിയയുടെ ഗാനമേളയും അരങ്ങേറി.

Leave a Reply

Your email address will not be published.