രാഘവന്‍ മാസ്റ്ററുടെ പ്രതിമനിര്‍മാണത്തിന് കമ്മിഷന്‍; വിവാദമായപ്പോള്‍ തിരിച്ചുനല്‍കി

രാഘവന്‍ മാസ്റ്ററുടെ പ്രതിമനിര്‍മാണത്തിന് കമ്മിഷന്‍; വിവാദമായപ്പോള്‍ തിരിച്ചുനല്‍കി

തലശ്ശേരി: സംഗീതസംവിധായകന്‍ കെ.രാഘവന്‍ മാസ്റ്ററുടെ പ്രതിമ നിര്‍മിച്ച ശില്പിയില്‍നിന്ന് പ്രതിമനിര്‍മാണ കമ്മിറ്റിയംഗം കമ്മിറ്റിയറിയാതെ കമ്മിഷന്‍ വാങ്ങി. കമ്മിറ്റി അംഗമായ ജസ്മിഷാണ് കമ്മിഷനായി രണ്ടരലക്ഷം രൂപ വാങ്ങിയതെന്ന് തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ.രമേശന്‍ നഗരസഭാ യോഗത്തില്‍ പറഞ്ഞു. ചൊക്ലി ഗ്രാമത്തി സ്വദേശിയായ ജസ്മിഷ് മ്യുസിഷ്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹിയും കലാപരിപാടികളുടെ സംഘാടകനുമാണ്.

പ്രതിമനിര്‍മാണത്തിന് 25 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. അതിന്റെ പത്ത് ശതമാനമാണ് കമ്മിഷനായി വാങ്ങിയത്. പ്രതിമനിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ രണ്ടുവര്‍ഷം മുന്‍പ് ആദ്യ ഗഡുവായി പത്തുലക്ഷം രൂപ നല്‍കിയപ്പോഴാണ് രണ്ടരലക്ഷം രൂപ കൈപ്പറ്റിയത്.

കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് എന്നു പറഞ്ഞാണ് തുക വാങ്ങിയത്. ഇത് പ്രതിമനിര്‍മാണ കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ സംഭവം ഒത്തുതീര്‍പ്പാക്കി. വാങ്ങിയ രണ്ടരലക്ഷം രൂപ കഴിഞ്ഞദിവസം തലശ്ശേരി നഗരസഭാ അധികൃതരെ ഏല്‍പ്പിച്ചു. തുക തിരിച്ചുവാങ്ങിയെങ്കിലും തുടര്‍നടപടി പ്രതിമനിര്‍മാണ കമ്മിറ്റി തീരുമാനിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ യോഗത്തില്‍ പറഞ്ഞു.

കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് സാംസ്‌കാരിക മന്ത്രിയായിരുന്ന കെ.സി.ജോസഫാണ് പ്രതിമനിര്‍മാണത്തിന് 15 ലക്ഷം രൂപ വാഗ്ദാനം ചെയ്തത്. പത്തുലക്ഷം രൂപ നഗരസഭയും വഹിക്കണമെന്നായിരുന്നു ധാരണ. ഇതുപ്രകാരം പ്രതിമനിര്‍മാണത്തിന് കമ്മിറ്റി രൂപവത്കരിച്ചു. ഗിറ്റാറിസ്റ്റ് എന്ന നിലയിലാണ് ജസ്മിഷ് കമ്മിറ്റിയില്‍ അംഗമായത്. എന്നാല്‍, സര്‍ക്കാര്‍ മാറിയപ്പോള്‍ നഗരസഭാ അധികൃതര്‍ സാംസ്‌കാരികമന്ത്രി എ.കെ.ബാലനെ സമീപിച്ചതിനെത്തുടര്‍ന്ന് പത്തുലക്ഷം രൂപ കൂടി സാംസ്‌കാരികവകുപ്പ് അനുവദിച്ചു.

അതോടെ പ്രതിമനിര്‍മാണത്തിനുള്ള ചെലവുമുഴുവന്‍ സാംസ്‌കാരികവകുപ്പ് നല്‍കി. അനുബന്ധകാര്യങ്ങള്‍ നഗരസഭ ഒരുക്കി. പ്രതിമ അനാവരണവേളയില്‍ ചടങ്ങിനാവശ്യമായ സൗകര്യം ചെയ്യാന്‍ ശില്പി മനോജ്കുമാറിനോട് നഗരസഭാ അധികൃതര്‍ ആവശ്യപ്പെട്ടപ്പോഴാണ് കമ്മിഷന്‍ വാങ്ങിയ വിവരം പുറത്തുവന്നത്. തുടക്കത്തില്‍തന്നെ തുക നല്‍കിയതായി ശില്പി പറഞ്ഞപ്പോഴാണ് കമ്മിഷന്‍ വാങ്ങിയ കാര്യം നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ അറിയുന്നത്. ശനിയാഴ്ച നടന്ന നഗരസഭാ യോഗത്തിലും കമ്മിഷന്‍ വാങ്ങിയത് ചര്‍ച്ചയായി.

തുക തിരികെവാങ്ങിയാല്‍ മാത്രം പോര, മറ്റു നടപടികളും ആവശ്യമാണെന്ന അഭിപ്രായമാണ് കൗണ്‍സില്‍ യോഗത്തിലുയര്‍ന്നത്. തലശ്ശേരി സെന്റിനറി പാര്‍ക്കില്‍ ഒക്ടോബര്‍ 30-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിമ അനാവരണം ചെയ്തത്. ഏറെ കാത്തിരിപ്പിനുശേഷമാണ് പ്രതിമനിര്‍മാണം പൂര്‍ത്തിയായത്. അതിനുശേഷമാണിപ്പോള്‍ കമ്മിഷന്‍ വിവാദം. ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ശില്‍പി.

എന്നാല്‍, പണം നല്‍കിയത് വ്യക്തിപരമായ ബന്ധത്തിന്റെ പേരിലാണെന്ന് ജസ്മിഷ് പറഞ്ഞു. ശില്പി തുക വാഗ്ദാനം ചെയ്തതാണെന്നും അദ്ദേഹം വിശദീകരിച്ചു.

Leave a Reply

Your email address will not be published.