ഹൃദ്യം: കുട്ടികള്‍ക്കായി സൗജന്യ ഹൃദയ ചികിത്സ പദ്ധതി കെ.കെ ശൈലജ ടീച്ചര്‍

ഹൃദ്യം: കുട്ടികള്‍ക്കായി സൗജന്യ ഹൃദയ ചികിത്സ പദ്ധതി കെ.കെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ജനനസമയത്ത് സങ്കീര്‍ണ്ണമായ ഹൃദയരോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഹൃദ്യം പദ്ധതിയുടെ സേവനത്തെ കൂടുതല്‍ ജനകീയമാക്കുന്നതിനായി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. രാജ്യത്താദ്യമായാണ് വെബ്‌സൈറ്റ് രജിസ്‌ട്രേഷന്‍ ഉപയോഗിച്ച് ഇത്തരത്തിലൊരു സൗജന്യ ഹൃദയ ശസ്ത്രക്രിയാ സംവിധാനം നടത്തുന്നത്. കേരള സര്‍ക്കാരും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രമവുമാണ് ഇതിനുള്ള ഫണ്ട് നല്‍കുന്നത്.

രോഗം നിര്‍ണ്ണയിച്ചു കഴിഞ്ഞാല്‍ രക്ഷിതാക്കള്‍ hridyam.in എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അത്യാഹിത സ്വഭാവമുള്ള കേസുകളാണെങ്കില്‍ 24 മണിക്കൂറും ശസ്ത്രക്രിയക്ക് ഒഴിവുള്ള ആശുപത്രികളില്‍ കുഞ്ഞിനെ പ്രവേശിപ്പിക്കാനാവും. കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയാ സൗകര്യമുള്ള ആശുപത്രികളായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് തിരുവനന്തപുരം, കോട്ടയം ഗവഃ മെഡിക്കല്‍ കോളേജ്, കൊച്ചി അമൃത ആശുപത്രി, ആസ്റ്റര്‍ മെഡിസിറ്റി, തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച്, ലിസി ആശുപത്രി എന്നിവിടങ്ങളിലാണ് ഹൃദ്യം പദ്ധതി പ്രകാരം ചികിത്സാ സൗകര്യം ലഭ്യമാകുന്നത്. ഇതിലൂടെ ഹൃദയ സംബന്ധിയായ അസുഖങ്ങള്‍ കാരണം 8 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണം പൂര്‍ണ്ണമായും ഒഴിവാക്കാനാകുമെന്ന്മന്ത്രി പറഞ്ഞു.

പ്രതിവര്‍ഷം 2000 കുട്ടികളാണ് സംസ്ഥാനത്ത് ഹൃദയ സംബന്ധിയായ രോഗങ്ങളുമായി ജനിക്കുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം ശിശുമരണങ്ങള്‍ ഒഴിവാക്കാനായുള്ള പദ്ധതി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുവാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നൂതനമായ സാങ്കേതിക സഹായത്തോടെ ഹൃദ്രോഗം മൂലമുള്ള കുട്ടികളുടെ മരണത്തെ തടയുവാനായാണ് ഈ പദ്ധതി തയ്യാറാക്കിയത്. അതിനായി യുനീസെഫും ബോസ്റ്റണ്‍ അധിഷ്ഠിത ഓര്‍ഗനൈസേഷന്‍ ആയ ചില്‍ഡ്രന്‍സ് ഹാര്‍ട്ട് ലിങ്കുമായി ചേര്‍ന്ന് അവരുടെ സാങ്കേതിക സഹായം ലഭ്യമാക്കുവാനും സാധിച്ചിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയ ഇന്ന് ഏറെ ചിലവേറിയ ചികിത്സയാണ്. അതിനായി സര്‍ക്കാര്‍ സംവിധാനത്തില്‍ ഒട്ടേറെ പരിരക്ഷകളും നല്‍കുന്നുണ്ട്. എന്നിരുന്നാല്‍ തന്നെയും രോഗതീവ്രത കാരണം മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകുമ്പോള്‍ ഒരുപക്ഷേ സാധാരണക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വന്നുചേരുന്നുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരമൊരു സൗജന്യ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഈ പദ്ധതിയിലൂടെ ഇതുവരെ 97 കുട്ടികള്‍ക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്തുവാന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ നൂറോളം പേര്‍ക്ക് ശസ്ത്രക്രിയക്കായി തെരെഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ തീയ്യതി നിശ്ചയിച്ചു നല്‍കിയിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ഒരു കുട്ടിപോലും മരണപ്പെടുവാന്‍ പാടില്ല എന്നതാണ് ഈ ദൗത്യത്തിന്റെ പരമോന്നത ലക്ഷ്യം. അതുകൊണ്ടുതന്നെ ഈ പദ്ധതിയുടെ പ്രയോജനം കുടുംബത്തിലെ സാമ്പത്തിക നിലവാരമോ മറ്റ് മാനദണ്ഡങ്ങളോ ഒന്നും തന്നെ നോക്കാതെ എല്ലാ വിഭാഗത്തിനും ലഭിക്കത്തക്ക രീതിയിലാണ് പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കിവരുന്നത്. മാത്രമല്ല പദ്ധതിയുടെ സേവനം ലഭിക്കുവാനായി ആശുപത്രികള്‍ തോറും കുട്ടികളെയും കൊണ്ട് മാതാപിതാക്കള്‍ ബുദ്ധിമുട്ടുന്ന സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കി സൗജന്യമായി വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുവാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കും.

hridyam.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ ഉടന്‍തന്നെ കുട്ടിയുടെ പേരില്‍ രജിസ്റ്റര്‍ നമ്പര്‍ ലഭിക്കും. ഇതുതന്നെയായിരിക്കും കുട്ടിയുടെ കേസ് നമ്പറും. എല്ലാ ഫോമുകളും പൂരിപ്പിച്ച ശേഷം ജില്ലാ ഓഫീസര്‍ അപേക്ഷ ഓണ്‍ലൈന്‍ വഴി തന്നെ സാക്ഷ്യപ്പെടുത്തി രോഗത്തിന്റെ സ്വഭാവമനുസരിച്ച് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി ചികിത്സാസേവനം എത്രയും വേഗം ലഭ്യമാക്കിയാണ് പദ്ധതി മുന്നോട്ടുപോകുന്നത്. ഇതിനുവേണ്ടി ജില്ലകള്‍തോറും പ്രവര്‍ത്തിക്കുന്ന ഡി.ഇ.ഐ.സി. കളില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കുട്ടികളുടെ രോഗതീവ്രതയുടെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാനത്തെ കൂടുതല്‍ മെഡിക്കല്‍ കോളേജുകളില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ഹൃദ്യം പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പ്രഥമസംരംഭമായ ഈ പദ്ധതി സമൂഹത്തിന്റെ എല്ലാ വിഭാഗത്തിലുമുള്ള ഹൃദയസംബന്ധിയായ രോഗമുള്ള പിഞ്ചുകുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കളുടെ സാമ്പത്തിക നിലവാരം നോക്കാതെ ചികിത്സ ലഭിക്കുമെന്നുള്ളതാണ്. ഒരു കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തേണ്ടത് സാമ്പത്തികഭദ്രതയുടെ ഭാഗമായല്ല മറിച്ച് സര്‍ക്കാറിന്റെ കടമയാണ് എന്ന് ഉത്തമബോധ്യമുണ്ട്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങള്‍ക്കായുള്ള ഈ പദ്ധതി നിരവധി മാതാപിതാക്കള്‍ക്ക് ആശ്രയമാകുകയാണ്. ഏറെ ജനോപകാരപ്രദമായ ഇത്തരം പദ്ധതികള്‍ സമൂഹത്തിന്റെ ഏറ്റവും താഴെതട്ടില്‍ വരെ എത്തിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.