ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കും

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി സമര്‍പ്പിക്കും. അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിക്കുക. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായരും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നുമാണ് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ അറിയിച്ചിരുന്നത്. കാവ്യയുടെ ഡ്രൈവറും കൊച്ചിയിലെ അഭിഭാഷകനും ചേര്‍ന്നാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഒരു സാക്ഷി മൊഴി മാറ്റി, മറ്റ് മൂന്ന് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു. ദിലീപ് വിദേശത്തേക്ക് പോകുന്നത് സാക്ഷികളെ സ്വാധീനിക്കാനാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

അതിനിടെ ദിലീപിന് ഹൈക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. വിദേശത്ത് പോകാന്‍ ഏഴ് ദിവസത്തേക്കാണ് ഹൈക്കോടതി ദിലീപിന് ഇളവ് അനുവദിച്ചിരിക്കുന്നത്. ദിലീപിന്റെ അപേക്ഷ അംഗീകരിച്ച കോടതി വിദേശത്തേക്ക് പോകാന്‍ അനുമതി നല്‍കുകയായിരുന്നു . ദിലീപിന്റെ പാസ്‌പോര്‍ട്ട് ആറ് ദിവസത്തേക്ക് വിട്ടുനല്‍കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാല് ദിവസം മാത്രമേ വിദേശത്ത് തങ്ങാന്‍ അനുവാദമുള്ളൂ.

Leave a Reply

Your email address will not be published.