ജില്ലാ കലോത്സവത്തിന് മാറ്റുകൂട്ടാന്‍ ആദിവാസി ഗോത്ര വിഭാഗത്തിന്റെ മംഗലംകളി

ജില്ലാ കലോത്സവത്തിന് മാറ്റുകൂട്ടാന്‍ ആദിവാസി ഗോത്ര വിഭാഗത്തിന്റെ മംഗലംകളി

കാസര്‍കോട്: ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന 58-ാമത് കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് മാറ്റുകൂട്ടാന്‍ ആദിവാസി പ്രാക്തന ഗോത്ര വിഭാഗത്തിന്റെ മംഗലംകളി. 27ന് ഉദ്ഘാടന ചടങ്ങിന് ശേഷമാണ് 60 പേര്‍ അണിനിരക്കുന്ന മംഗലംകളി അരങ്ങേറുന്നത്. മൈതാനത്തിന് നടുവിലായിരിക്കും പരിപാടി. രാവണേശ്വരം, അട്ടേങ്ങാനം, ബേളൂര്‍, പെരിയ എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്മാരാണ് മംഗലംകളിയില്‍ പങ്കെടുക്കുന്നത്. ആദിവാസി ഗോത്രവിഭാഗങ്ങള്‍ കല്ല്യാണ ചടങ്ങുകളില്‍ അവതരിപ്പിച്ചിരുന്ന തനത് കലാരൂപമാണ് വിസ്മയ വിരുന്നായി ചെമനാടിന് ലഭിക്കുന്നത്. ഇത്തവണ കലോത്സവത്തിന് മുന്നോടിയായുള്ള ഘോഷയാത്ര ഒഴിവാക്കിയിട്ടുണ്ട്.

കുട്ടികളെ വെയിലത്ത് നിര്‍ത്തി ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാനാണ് ഘോഷയാത്ര വേണ്ടെന്ന് വെച്ചത്. പകരം സാംസ്‌കാരിക കമ്മിറ്റി ഉണ്ടാക്കി പൊതുജനങ്ങളെ കലോത്സവത്തോടടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ സംഘാടക സമിതി തീരുമാനിക്കുകയായിരുന്നു. മംഗലംകളിക്ക് ശേഷം ചെമനാട്ടെ നാടന്‍ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കൈകൊട്ടി പാട്ട് ഉണ്ടാവും. 29ന് വൈകിട്ട് 5 മണിക്ക് ഉസ്താദ് ഹസ്സന്‍ ഭായിയുടെ സംഗീത കച്ചേരി അരങ്ങേറും. ചെര്‍ക്കള മാര്‍തോമ സ്‌കൂളിന്റെ ബാന്റ് മേളവും കലോത്സവ ചടങ്ങുകള്‍ക്ക് കൊഴുപ്പേകും. റഹ്മാന്‍ പാണത്തൂര്‍ കണ്‍വീനറും ഹസീന താജുദ്ദീന്‍ ചെയര്‍മാനുമായ സാംസ്‌കാരിക കമ്മിറ്റിയാണ് കലോത്സവത്തിന് പുറമെയുള്ള കലാപരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.

സ്റ്റേജിതര മത്സരങ്ങള്‍ 25ന് തുടങ്ങും. 27 മുതല്‍ 30 വരെ 14 വേദികളിലായി കലാ മത്സരങ്ങള്‍ നടക്കും. 27ന് ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ കലാമേളയുടെ ഔദ്യോഗിക നിര്‍വ്വഹണം നിര്‍വ്വഹിക്കും. മികച്ച പി.ടി.എ.ക്കുള്ള അവാര്‍ഡ് വിതരണം പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ നിര്‍വ്വഹിക്കും. എം. രാജഗോപാലന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു തുടങ്ങിയവര്‍ സംബന്ധിക്കും. 30ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ മുഖ്യാതിഥിയായിരിക്കും.

ജില്ലയിലെ ഏഴ് ഉപജില്ലകളില്‍ നിന്നായി 5000ത്തിലേറെ പ്രതിഭകളാണ് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനെത്തുക. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്താണ് പ്രധാന വേദി. ഹയര്‍ സെക്കണ്ടറി ഹാള്‍, യു.പി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ചെമനാട് പുഴയോരം, ചെമനാട് ഗവ. യു.പി സ്‌കൂള്‍ ഗ്രൗണ്ട്, പട്ടുവത്തില്‍ ഗ്രൗണ്ട്, ചെമനാട് പാതയോരം, ചെമനാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ട്, പരവനടുക്കം വൈ.എം.എം.എ ഹാള്‍ തുടങ്ങിയിടങ്ങളിലാണ് വേദിയൊരുങ്ങുന്നത്. വേദികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
കൗമാരകലയുടെ കനകകാന്തി പരത്തി നിറഞ്ഞാടുന്ന മേളയെ വരവേല്‍ക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് ചെമനാട് നടന്നുവരുന്നത്.

Leave a Reply

Your email address will not be published.