‘അപ്പാച്ചെ ആര്‍ ആര്‍ 310’ അരങ്ങേറ്റം ഡിസംബര്‍ ആറിന്

‘അപ്പാച്ചെ ആര്‍ ആര്‍ 310’ അരങ്ങേറ്റം ഡിസംബര്‍ ആറിന്

കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ ടി വി എസ് പ്രദര്‍ശിപ്പിച്ച ‘അപ്പാച്ചെ ആര്‍ ആര്‍ 310’ അരങ്ങേറ്റം ഡിസംബര്‍ ആറിന്. ആദ്യമായി പ്രദര്‍ശിപ്പിക്കുമ്പോള്‍ ബൈക്കിന് ‘അകുല കണ്‍സപ്റ്റ്’ എന്നായിരുന്നു പേര്. ബി എം ഡബ്ല്യുവിന്റെ സ്‌പോര്‍ട്‌സ് ബൈക്കായ ‘ജി 310 ആറി’ന്റെ എന്‍ജിനും ഫ്രെയിമുമൊക്കെയാണ് ‘അപ്പാച്ചെ ആര്‍ ആര്‍ 310’ കടമെടുക്കുന്നത്.

ടി വി എസ് ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ ബൈക്കെന്ന പെരുമയോടെയാണ് ‘അപ്പാച്ചെ ആര്‍ ആര്‍ 310’ എത്തുന്നത്. ബൈക്കിലെ സിംഗിള്‍ സിലിണ്ടര്‍ 313 സി സി, ലിക്വിഡ് കൂള്‍ഡ് എന്‍ജിനു പമരാവധി 34 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാനാവും; 28 എന്‍ എം ആണ് എന്‍ജിന്‍ സൃഷ്ടിക്കുന്ന പരമാവധി ടോര്‍ക്ക്. ആറു സ്പീഡ് ട്രാന്‍സ്മിഷനാണു ബൈക്കിലുള്ളത്. പ്രകടനക്ഷമതയേറിയ ബൈക്കുകളുടെ വിഭാഗത്തില്‍ ഇടംപിടിക്കുന്ന ‘അപ്പാച്ചെ ആര്‍ ആര്‍ 310’ ഇന്ത്യയില്‍ കെ ടി എം ‘ആര്‍ സി 390’, കാവസാക്കി ‘നിന്‍ജ 300’, ‘ബെനെല്ലി 302 ആര്‍’ തുടങ്ങിയവയോടാണു മത്സരിക്കുക. ചുവപ്പ്, നീല നിറങ്ങളില്‍ ഒറ്റ വകഭേദത്തില്‍ മാത്രമാവും ‘അപ്പാച്ചെ ആര്‍ ആര്‍ 310’ വില്‍പ്പനയ്ക്കുണ്ടാവുക.

‘ജുപ്പീറ്ററി’ലൂടെ ഗീയര്‍രഹിത സ്‌കൂട്ടര്‍ വിഭാഗത്തില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണു ടി വി എസ്. ഹോണ്ട ‘ആക്ടീവ’ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള സ്‌കൂട്ടറായി മാറിയിട്ടുണ്ട് ‘ജുപ്പീറ്റര്‍’. ‘അപ്പാച്ചെ ആര്‍ ആര്‍ 310’ എത്തുന്നതോടെ പ്രകടനക്ഷമതയേറിയ ബൈക്കുകളുടെ വിഭാഗത്തിലും പ്രകടനം മെച്ചപ്പെടുത്താനാവുമെന്ന പ്രതീക്ഷയിലാണു കമ്പനി.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം പാദത്തോടെ തന്നെ ബി എം ഡബ്ല്യുവിനായി ‘ജി 310 ആര്‍’ ബൈക്കുകള്‍ ടി വി എസ് ഹൊസൂരിലെ ശാലയില്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. പ്രതിമാസം 2,000 ബൈക്കുകളാണു കമ്പനി ഇത്തരത്തില്‍ ബി എം ഡബ്ല്യുവിനായി നിര്‍മിക്കുന്നത്. എന്‍ജിന്‍ ശേഷിയേറിയ ബൈക്കുകള്‍ പരസ്പര സഹകരണത്തോടെ രൂപകല്‍പ്പന ചെയ്തു വികസിപ്പിക്കാന്‍ 2013 ഏപ്രിലിലാണ് ടി വി എസും ബി എം ഡബ്ല്യു മോട്ടോറാഡും ധാരണയിലെത്തിയത്.

Leave a Reply

Your email address will not be published.