അഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളില്‍നിന്നു സമ്പാദിക്കാം

അഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളില്‍നിന്നു സമ്പാദിക്കാം

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവരും സെല്‍ഫിക്കു പ്രാധാന്യം നല്‍കുന്നതോടൊപ്പം തന്നെ വീഡിയോകള്‍ പകര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരുമാണ്. എന്നാല്‍ ഇത്തരം വീഡിയോകള്‍ സ്വന്തം ഫോണുകളിലോ വാട്ട്‌സാപ്പ് ഫേയ്‌സ്ബുക്ക് ഗ്രൂപ്പുകളിലോ മാത്രം ഒതുങ്ങി പോവുകയാണു പതിവ്. ഇത്തരം വീഡിയോകള്‍ ഉപയോഗിച്ചു സാമ്പത്തിക ലാഭം ഉണ്ടാക്കാനുള്ള അവസരം ഉണ്ട്.

അഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളില്‍നിന്നു ലാഭം ഉണ്ടാക്കാനുള്ള അവസരം ഒരുക്കുകയാണ് ഗ്ലിംറ്റ് (Glymt) എന്ന ആപ്ലിക്കേഷന്‍. പോര്‍ച്ചുഗലിലെ ബ്രാഗ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഗ്ലിംറ്റ്. നിങ്ങള്‍ പകര്‍ത്തുന്ന അഞ്ച് സെക്കന്റ് മുതല്‍ 20 സെക്കന്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ വിവിധ ബ്രാന്റുകള്‍ക്ക് വില്‍ക്കാന്‍ ഗ്ലിംറ്റ് വഴി സാധിക്കും. വീഡിയോകളുടെ ഉടമസ്ഥാവകാശവും ലഭിക്കും. ഗ്ലിംറ്റില്‍ അപ് ലോഡ് ചെയ്യുന്ന വീഡിയോകള്‍ മനോഹരവും പൂര്‍ണ്ണതയുള്ളതും ആയിരിക്കണമെന്ന നിബന്ധന മാത്രമാണു ഉള്ളത്.

വിവിധ ബ്രാന്റുകളും ചലച്ചിത്രപ്രവര്‍ത്തകരുമായിരിക്കും വീഡിയോയുടെ ആവശ്യക്കാര്‍. അവരുടെ വിവിധ പ്രൊജക്റ്റുകള്‍ക്ക് വേണ്ടിയായിരിക്കും ഈ വീഡിയോകള്‍ വാങ്ങുക. അവര്‍ക്ക് വേണ്ട വീഡിയോ ദൃശ്യങ്ങള്‍ അവര്‍ നേരിട്ട് നിങ്ങളോട് ആവശ്യപ്പെടുകയും ചെയ്യും. നിങ്ങളുടെ താല്പര്യമനുസരിച്ച് അവര്‍ക്ക് ആവശ്യമായ ദൃശ്യം പകര്‍ത്തി നല്‍കിയാല്‍ മാത്രം മതി. ഗ്ലിംറ്റിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ വെബ്‌സൈറ്റ് വഴിയോ വീഡിയോ അപ് ലോഡ് ചെയ്യാം. ആക്ഷന്‍ ക്യാമറയിലോ, ഡിഎസ്എല്‍ആറിലോ പകര്‍ത്തിയ ദൃശ്യങ്ങളാണെങ്കില്‍ അവ ഗ്ലിംറ്റിന്റെ വെബ്‌സൈറ്റ് വഴി അപ് ലോഡ് ചെയ്താല്‍ മതി.

Leave a Reply

Your email address will not be published.