സന്നിധാനത്ത് പ്ലാസ്റ്റിക്ക് ഒഴിവാക്കും; കര്‍ശന പരിശോധനയുമായി ദേവസ്വം ബോര്‍ഡ്

സന്നിധാനത്ത് പ്ലാസ്റ്റിക്ക് ഒഴിവാക്കും; കര്‍ശന പരിശോധനയുമായി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: സന്നിധാനത്ത് പ്ലാസ്റ്റിക്ക് ഇനങ്ങളുമായി വരുന്ന തീര്‍ത്ഥാടകരെ പമ്പയില്‍ വെച്ചുതന്നെ പരിശോധന നടത്തി പ്ലാസ്റ്റിക് ഒഴിവാക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്. അടുത്ത വര്‍ഷം പ്ലാസ്റ്റിക്കിന് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്താനും ദേവസ്വം ബോര്‍ഡ് പദ്ധതിയിടുന്നു. പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായും ഒഴിവാക്കി ശബരിമലയെ വിശുദ്ധിയുടെ കേന്ദ്രമാക്കിമാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തുടക്കമിട്ടിരിക്കുന്നത്. ഇരുമുടിക്കെട്ടേന്തി വരുന്ന ഭക്തരെല്ലാം ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് ഒരു ദിവസം സന്നിധാനത്ത് എത്തിക്കുന്നത്.

പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചു എന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഈ വിഷയത്തില്‍ കടുത്ത നടപടികള്‍ എടുക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. പമ്പയില്‍ ലഹരിവസ്തുക്കള്‍ പരിശോധിച്ച് കണ്ടെത്തുന്നതിന്റെ മാതൃകയില്‍ പ്ലാസ്റ്റിക് വസ്തുക്കളും കണ്ടെത്തി ഒഴിവാക്കും. മകരവിളക്ക് കാലം മുതലായിരിക്കും ഈ പരിഷ്‌കരണം കര്‍ശനമായി നടപ്പാക്കുക. സന്നിധാനത്തും പരിസരത്തും സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യും. സന്നിധാനത്തെ 13 മേഖലകളായി തിരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള നടപടികളും ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തും

Leave a Reply

Your email address will not be published.