വിജ്ഞാന വ്യവസായ രംഗത്ത് കേരളം മുന്നേറാന്‍ ഫ്യൂച്ചര്‍ ഉച്ചകോടി

വിജ്ഞാന വ്യവസായ രംഗത്ത് കേരളം മുന്നേറാന്‍ ഫ്യൂച്ചര്‍ ഉച്ചകോടി

തിരുവനന്തപുരം: വിജ്ഞാനവ്യവസായ മേഖലയിലെ നൂതനപ്രവണതകള്‍, അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍, ഡിജിറ്റല്‍ നൂതനാശയങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും അനുകൂലമായ ഹബ് ആയി കേരളത്തെ ഉയര്‍ത്തിക്കാട്ടാനുള്ള വഴികള്‍ എന്നിവ ചര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ പിന്തുണയോടെ ഫ്യൂച്ചര്‍ എന്ന പേരില്‍ നടക്കുന്ന ഉച്ചകോടിക്ക് കൊച്ചി വേദിയാകുന്നു. മാര്‍ച്ച് 22, 23 തീയതികളില്‍ നടക്കുന്ന ഉച്ചകോടിയില്‍ വിവരസാങ്കേതിക വ്യവസായ മേഖലയിലെ ആഗോള പ്രമുഖരുടെ സാന്നിധ്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളെ മാറ്റിമറിക്കാന്‍ തക്ക അനന്ത സാധ്യതകളാണ് വിവരസാങ്കേതിക വ്യവസായമേഖലയ്ക്കുള്ളത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഉപദേശം നല്‍കാന്‍ ഉന്നതാധികാര വിവരസാങ്കേതിക സമിതി(എച്ച്പിഐസി)ക്കു രൂപം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ പിന്തുണയോടെയാണ് കൊച്ചിയില്‍ #ഫ്യൂച്ചര്‍ ഉച്ചകോടി അരങ്ങേറുക. കെ ഫോണ്‍, പബ്ലിക് വൈഫൈ, എസ്ഡിപികെ തുടങ്ങിയ സര്‍ക്കാര്‍ സംരംഭങ്ങളെ മുന്‍നിര്‍ത്തി കേരളത്തിന്റെ സാധ്യതകള്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനോടൊപ്പം വിവരസാങ്കേതികതയുടെ വികസനത്തിന് നിക്ഷേപങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉച്ചകോടിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിനും രാജ്യത്തിനും പ്രയോജനകരമാകുന്ന രീതിയില്‍ ഡിജിറ്റല്‍ യുഗത്തില്‍ പ്രസക്തമായ വിഷയങ്ങളില്‍ വിജ്ഞാനവിനിമയങ്ങള്‍ നടത്തുന്നതിനുള്ള സംവിധാനം സൃഷ്ടിക്കാന്‍ വിജ്ഞാന വ്യവസായ മേഖലയിലെ മുന്‍നിര നേതാക്കളെ ഒരുമിച്ചു കൊണ്ടുവരുന്നതിനും ഉച്ചകോടിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടുദിവസത്തെ ഉച്ചകോടിയില്‍ ആഗോളതലത്തില്‍ പ്രശസ്തരായ പ്രഫഷനലുകളും സംരംഭകരും വിദഗ്ധരും അഭ്യുദയാകാംക്ഷികളുമുള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ പങ്കെടുക്കും. ഡിജിറ്റല്‍ ലോകത്ത് മല്‍സരക്ഷമത തെളിയിക്കാനും മുന്നേറ്റം സൃഷ്ടിക്കാനും സംരംഭങ്ങളെ സഹായിക്കുന്ന രീതിയില്‍ തങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കാന്‍ ആഗോള വിജ്ഞാന വ്യവസായ മേഖലയില്‍ കയ്യൊപ്പു പതിപ്പിച്ച ആരോഗ്യ, ബാങ്കിങ്, ടെലകോം, ട്രാവല്‍-ട്രാന്‍സ്പോര്‍ട്ട് തുടങ്ങി മുപ്പതിലേറെ ബിസിനസ് രംഗങ്ങളിലെ പ്രമുഖരേയും ക്ഷണിച്ചിട്ടുണ്ട്. മാറുന്ന പശ്ചാത്തലത്തിനനുസരിച്ച് സംസ്ഥാനത്തെ ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും നൈപുണ്യ വികസത്തിനായി കൈക്കൊള്ളേണ്ട നടപടികളിലും ഉച്ചകോടി ശ്രദ്ധ പതിപ്പിക്കും. കേരളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഭാവി സംരംഭകര്‍ എന്നിവര്‍ക്ക് ഡിജിറ്റല്‍ ലോകത്തെ നൂതനപ്രവണതകളെയും തങ്ങളുടെ വളര്‍ച്ചാസാധ്യതകളെയുംപറ്റി ഈ രംഗത്തെ സമുന്നത വ്യക്തികളില്‍നിന്ന് നേരിട്ടു മനസ്സിലാക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്ന് എച്ച്പിഐസി ചെയര്‍മാനും ഇന്‍ഫോസിസ് സ്ഥാപക അംഗവുമായ ശ്രീ.എസ്.ഡി. ഷിബുലാല്‍ പറഞ്ഞു. ഐടി അനുബന്ധ മേഖലകളിലെ കേരളത്തിനകത്തും പുറത്തുമുള്ള സംരംഭകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരിട്ടുള്ള പ്രയോജനമാണ് ലഭിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവരസാങ്കേതിക ഉച്ചകോടി രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്താനാണ് പദ്ധതി. ഡിജിറ്റല്‍ ലോകത്ത് നേട്ടങ്ങള്‍ സൃഷ്ടിച്ചവരുടെ ശൃംഖലയ്ക്കു രൂപംകൊടുക്കാനും നിലനിര്‍ത്താനും സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ താല്‍പര്യങ്ങളെ പിന്തുണയ്ക്കുന്ന പ്രചോദനകേന്ദ്രങ്ങളാകാന്‍ പ്രേരണ ചെലുത്താനും ലക്ഷ്യമിട്ടാണിത്. ഡിജിറ്റല്‍ രംഗത്തെ സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ പ്രദര്‍ശനവേദിയാകാനും ഉപഭോഗ തല്‍പരര്‍ നിറഞ്ഞ ഡിജിറ്റല്‍ മാര്‍ക്കറ്റ് എന്ന നിലയിലുള്ള സംസ്ഥാനത്തിന്റെ സാധ്യതകളെ പരിപോഷിപ്പിക്കാനും ഉച്ചകോടിയിലൂടെ കഴിയും. ഉച്ചകോടിയുടെ ഓരോ പതിപ്പും ഓരോ പ്രത്യേക പ്രമേയത്തെ ആധാരമാക്കിയാകും നടക്കുക. പ്രമേയം സംബന്ധിച്ച് വിദഗ്ധര്‍ തീരുമാനം കൈക്കൊള്ളും. പ്രമേയങ്ങളെപ്പറ്റി പരമാവധി ധാരണകള്‍ സ്വരൂപിക്കുകയും കണ്ടെത്തലുകള്‍ പങ്കാളികളുമായി പങ്കുവയ്ക്കുകയും ചെയ്യും.

നൂതനമായ ഡിജിറ്റല്‍ എക്സ്പീരിയന്‍സ് തിയറ്റര്‍ ഉച്ചകോടിയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാകും. ഇത് സമ്മേളനവേദിയില്‍ സജ്ജീകരിക്കും. ഡിജിറ്റല്‍ രൂപാന്തരണത്തിലൂടെ കടന്നുപോകുന്ന ആരോഗ്യ, ബാങ്കിങ്, ടെലകോം രംഗത്തെ ആഗോള കമ്പനികളും വ്യത്യസ്തമായ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും സന്ദര്‍ശകര്‍ക്ക് സമഗ്ര ഡിജിറ്റല്‍ ജീവിതശൈലി അനുഭവം സമ്മാനിക്കും. ഈ നൂതനമായ, സമാനതകളില്ലാത്ത അനുഭവം ഭാവിയില്‍ അതത് മേഖലകള്‍ എങ്ങനെ മാറും എന്നതിനെപ്പറ്റി സന്ദര്‍ശകര്‍ക്ക് സൂചന നല്‍കുന്നതാവും. ഡിജിറ്റല്‍ രംഗത്ത് വിജയംവരിച്ച കേരളീയ സംരംഭകരുടെ ശൃംഖല രൂപീകരിക്കാന്‍ കഴിയുമെന്നത് ഉച്ചകോടിയുടെ സുപ്രധാന നേട്ടങ്ങളിലൊന്നാകും. ഈ ശ്രേണിയിലെ അംഗങ്ങള്‍ ഒറ്റയ്ക്കും സംഘമായും കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരുമാകും. വിജ്ഞാനവ്യവസായ രംഗത്തെ മുന്‍നിര കേന്ദ്രമാവുക എന്ന കേരളത്തിന്റെ ലക്ഷ്യത്തിനായി ആശയരൂപീകരണങ്ങള്‍ക്കും ഇവരുടെ പിന്തുണ ലഭിക്കും.

കേരളത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിവരസാങ്കേതിക പരിപാടിയും ഇത്തരത്തിലുള്ള ഏറ്റവും സമുന്നതമായ ചടങ്ങുമാകും ഫ്യൂച്ചര്‍ ഉച്ചകോടി. നിക്ഷേപക സമ്മേളനമെന്നതിലുപരി വൈജ്ഞാനിക അവലോകനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായിരിക്കും പ്രാമുഖ്യം ലഭിക്കുക. മേഖലയിലെ സമുന്നത വ്യക്തിത്വങ്ങളുമായുള്ള സമ്പര്‍ക്കം നിലനിര്‍ത്താനും അവസരം സൃഷ്ടിക്കപ്പെടും. രാജ്യത്തും ആഗോളതലത്തിലും നിലവില്‍ നടക്കുന്ന ആശയവിനിമയങ്ങളുടെ കേന്ദ്രബിന്ദു എന്ന നിലയില്‍ ‘ഡിജിറ്റല്‍ ഭാവിയിലേക്ക്’ എന്ന ഉച്ചകോടിയുടെ പ്രമേയം ഏറെ ജാഗതയോടെ തിരഞ്ഞെടുത്തതാണ്. വിപ്ലവാത്മകമായി ഇടപെടുന്ന സാങ്കേതിക പ്രബലര്‍ വിപണി കീഴടക്കുമ്പോള്‍ കേരളത്തിനു പിന്‍തിരിഞ്ഞു നില്‍ക്കാന്‍ കഴിയില്ലെന്നു എച്ച്പിഐസി അംഗവും ഉച്ചകോടിയുടെ കണ്‍വീനറുമായ ശ്രീ. വി.കെ. മാത്യൂസ് പറഞ്ഞു. വിജ്ഞാനകേന്ദ്രീകൃതമായ ഡിജിറ്റല്‍ ഭാവിയിലേക്ക് ജനങ്ങളെ കൈപിടിച്ചു നടത്താനുള്ള ശ്രമമാണിത്. അവരില്‍ ഉണര്‍വു സൃഷ്ടിക്കാനായാല്‍ അത് സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ സംരംഭങ്ങള്‍ക്കും ഐടി വളര്‍ച്ചയ്ക്കും കുതിപ്പുണ്ടാക്കും. സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ കാഴ്ചപ്പാട് തിരിച്ചറിഞ്ഞു പ്രചോദിതരായി പ്രവര്‍ത്തിക്കാന്‍ കേരളത്തില്‍നിന്നുള്ള പ്രഫഷനലുകളും തയാറാകുമെന്നും വി.കെ.മാത്യൂസ് പറഞ്ഞു.

കെഫോണ്‍(20 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ഒപ്ടിക് ഫൈബര്‍ നെറ്റ്വര്‍ക്ക്), പബ്ലിക് വൈഫൈ(2000 പൊതുസ്ഥലങ്ങളില്‍ വൈഫൈ ഹോട്സ്പോട്ടുകള്‍, എസ്ഡിപികെ(എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ നൈപുണ്യവര്‍ധനയ്ക്കായുള്ള നൈപുണ്യ വികസന സംവിധാനം) എന്നിവയാണ് ഐടി വ്യവസായത്തിന് വിശാല അടിത്തറ സൃഷ്ടിക്കാനുദ്ദേശിച്ചുള്ള നിലവിലെ സര്‍ക്കാര്‍ പദ്ധതികള്‍. മുഖ്യ വ്യവസായ സംഘടനകളായ നാസ്‌കോം, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, ടിഐഇ, കേരള മാനേജ്മെന്റ് അസോസിയേഷന്‍, ജി ടെക്, ചേംബര്‍ ഓഫ് കൊമേഴ്സ് എന്നിവ #ഫ്യൂച്ചറില്‍ പങ്കാളികളാകും. ഏണസ്റ്റ് ആന്‍ഡ് യങ് ആണ് വൈജ്ഞാനിക പങ്കാളി. കണക്ടിവിറ്റി പരിധിയില്‍ വരുന്ന, ഉപഭോഗതല്‍പ്പരരായ മുപ്പതു ദശലക്ഷത്തോളം ജനങ്ങളുള്ള കേരളം ഡിജിറ്റല്‍ വ്യവസായികള്‍ക്ക് ഏറ്റവും നല്ല ബിസിനസ് മേഖലയാണെന്ന് വ്യക്തമാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശ്രീ കെ. എം. എബ്രഹാം പറഞ്ഞു. പാരിസ്ഥിതിക ദോഷങ്ങളുണ്ടാക്കാത്ത ഐടി വ്യവസായം ജനസാന്ദ്രതയേറിയ കേരളത്തിന് ഏറ്റവും അനുകൂലവുമാണ്. ഡിജിറ്റല്‍ ലോകത്തെ ഉന്നതസ്ഥാനീയര്‍ ഒരുമിച്ചുകൂടുമ്പോള്‍ കേരളത്തിന്റെ ഡിജിറ്റല്‍ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഏറ്റവും മികച്ച വേദിയാണു ലഭിക്കുന്നത്. വിജ്ഞാനവ്യവസായത്തിന് ഏറ്റവും അനുയോജ്യമായ കേന്ദ്രമായി കേരളത്തെ ഉയര്‍ത്തിക്കാട്ടാനും കഴിയുമെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.