മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ഏദനും രണ്ടുപേരും

മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ഏദനും രണ്ടുപേരും

മാനുഷിക ബന്ധങ്ങളുടെ തീവ്രതയും വൈരുദ്ധ്യങ്ങളും ആവിഷ്‌ക്കരിക്കുന്ന ലോകോത്തര സിനിമകളുടെ മത്സരവിഭാഗമാണ് 22 മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. മലയാളത്തില്‍ നിന്ന് ‘ഏദനും’രണ്ടുപേരും’ ഉള്‍പ്പെടെ 14 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഭാഷയിലും ഭാവത്തിലും പുത്തന്‍ പരീക്ഷണങ്ങളുമായി എത്തുന്ന ഈ സിനിമകള്‍ നിത്യ ജീവിത പ്രശ്‌നങ്ങളിലേക്കും അവ ഉണ്ടാക്കുന്ന ആത്മസംഘര്‍ഷങ്ങളിലേക്കും വാതില്‍ തുറക്കുന്നു. പ്രണയം, മരണം, ലൈംഗികത തുടങ്ങിയ മനുഷ്യജീവിതത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് ശക്തമായ ദൃശ്യഭാഷ നല്‍കുകയാണ് സംവിധായകര്‍. അമിത് വി മസുര്‍കര്‍ സംവിധാനം ചെയ്ത ന്യൂട്ടണ്‍, നില മാധബ് പാണ്ഡയുടെ ഡാര്‍ക്ക് വിന്‍ഡ് ‘ എന്നിവയാണ് മത്സരവി’ാഗത്തിലെ മറ്റ് ഇന്ത്യന്‍ സിനിമകള്‍. ഈ വി’ാഗത്തിലെ മലയാള ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശന വേദികൂടിയാണ് ചലച്ചിത്രോത്സവം.

മരണത്തെ കേന്ദ്രപ്രമേയമാക്കി സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത മലയാള ചിത്രമാണ് ‘ഏദന്‍’. കഥയ്ക്കുള്ളില്‍ നിന്ന് പുതിയ കഥകള്‍ വിരിയിക്കുന്ന ഇന്ത്യന്‍ ഇതിഹാസങ്ങളുടെ ആഖ്യാനരീതിയാണ് സിനിമ സ്വീകരിച്ചിരിക്കുന്നത്. പ്രേം ശങ്കര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ‘രണ്ടുപേര്‍’. സംവിധായകനാകാന്‍ ആഗ്രഹിച്ച നായകന്‍ സ്വന്തം ജീവിതത്തിലെ പ്രതിസന്ധികള്‍ നിറഞ്ഞ രാത്രിയെ കാമറയില്‍ പകര്‍ത്താന്‍ തീരുമാനിക്കുന്നു. ആ രാത്രിയില്‍ നായകന്‍ നേരിടുന്ന നോട്ട് പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന് ആധാരം.

തെരഞ്ഞെടുപ്പിന്റെ സ്വതന്ത്രവും നീതിയുക്തവുമായുള്ള നടത്തിപ്പ് നേരിടുന്ന വെല്ലുവിളികളാണ് ‘ന്യൂട്ടണി’ല്‍ പ്രതിപാദിക്കുന്നത്. ഇന്ത്യയുടെ ബൃഹത്തായ രാഷ്ട്രീയ പാരമ്പര്യവും സൂക്ഷ്മമായ സാമൂഹിക പ്രശ്‌നങ്ങളും സംവിധായകന്‍ തിരശ്ശീലയില്‍ എത്തിക്കുന്നു.

ഡെലിഗേറ്റ് പാസ് വിതരണവും ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനവും 4 ന്

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് പാസ്സ് വിതരണവും ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനവും ഡിസംബര്‍ 4 ന് ടാഗോര്‍ തിയേറ്ററില്‍ നടക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ആദ്യ ഡെലിഗേറ്റ് പാസ്സ് ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന് നല്‍കും. ഫെസ്റ്റിവല്‍ ഓഫീസിന്റെ് ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.

ചലച്ചിത്ര അക്കാദമിയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടായ ‘സ്മരണിക 2016 17’ ചെയര്‍മാന്‍ കമല്‍ മന്ത്രി എ.കെ ബാലന് നല്‍കി പ്രകാശനം ചെയ്യും. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം സിബി മലയില്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ വി കെ ജോസഫ്, സജിത മഠത്തില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും.

സമകാലീന ഏഷ്യന്‍ സിനിമാ കാഴ്ചകളുമായി സിനിരമാ

വെനീസില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരത്തിന് അര്‍ഹമായ ‘ദി വുമണ്‍ ഹു ലെഫ്റ്റ്’ 22 മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഏഷ്യന്‍ സിനേരമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും . മുപ്പതു വര്‍ഷത്തിന് ശേഷം ജയില്‍ മോചിതയായ സ്ത്രീയുടെ ജീവിതത്തിലൂടെ 90 കളിലെ ഫിലിപ്പൈന്‍സിലെ സംഘര്‍ഷാന്തരീക്ഷം ചിത്രം ചര്‍ച്ച ചെയ്യുന്നു. ഫിലിപ്പൈന്‍ ‘സ്ലോ സിനിമ’ പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാളായ ലവ് ഡയസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഹോംഗ് കോങ് , ബുസാന്‍ തുടങ്ങിയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചതില്‍ നിന്നും തിരഞ്ഞെടുത്ത ആറു ചിത്രങ്ങളടങ്ങുന്നതാണ് ഏഷ്യന്‍ സിനേരമാ വിഭാഗം. ഏഷ്യയിലെ വിവിധ രാജ്യങ്ങളുടെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക വൈവിധ്യങ്ങള്‍ ദൃശ്യ ‘ഭാഷയിലൂടെ ലോക സിനിമാ ‘ഭൂപടത്തില്‍ അടയാളപ്പെടുത്തുകയാണ് സംവിധായകര്‍. ‘ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ ഈ ചിത്രങ്ങള്‍ ക്യൂറേറ്റ് ചെയ്യുന്നത് ഏഷ്യന്‍ ഫിലിം അവാര്‍ഡ്‌സ് അക്കാദമിയാണ്.

ആന്‍ഡി ലോ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഹോംഗ് കോങ് ചിത്രമായ ഹാപ്പിനെസ്സ് , ലാവോ ഷീയുടെ ചെറുകഥയെ ആസ്പദമാക്കി തിരക്കഥാകൃത്തുകൂടിയായ മീ ഫെങ് സംവിധാനം ചെയ്ത മിസ്റ്റര്‍ നോ പ്രോബ്ലം, ചൈനയിലെ കുപ്രസിദ്ധരായ മൂന്ന് അധോലോക നായകരുടെ യഥാര്‍ത്ഥ ജീവിതം പ്രമേയമായ ‘ട്രിവിസ’, 89 മത് ഓസ്‌കര്‍ അവാര്‍ഡിലെ മികച്ച വിദേശ ഭാഷ വിഭാഗത്തിലേക്ക് സിംഗപ്പൂര്‍ നാമനിര്‍ദേശം ചെയ്ത ബൂ ജുന്‍ഫെങിന്റെ അപ്രെന്റിസ്, കാമാതുരമായ പ്രണയം ചിത്രീകരിച്ച യോന്‍ഫാന്റെ ‘കളര്‍ ബ്ലോസംസ്’ എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റ് ചിത്രങ്ങള്‍.

ഉത്സവത്തിന് നിശാഗന്ധി ഒരുങ്ങുന്നു

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തെ വരവേല്‍ക്കാന്‍ നിശാഗന്ധിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ലോകോത്തര നിലവാരത്തിലുള്ള തുറന്ന വേദിയില്‍ ഇത്തവണ ഡെലിഗേറ്റുകള്‍ക്ക് സിനിമകള്‍ ആസ്വദിക്കാനാകും. 2500 പേര്‍ക്കുള്ള ഇരിപ്പിടങ്ങാളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ബാര്‍ക്കോ ഇലക്ട്രോണിക്‌സിന്റെ നൂതനമായ ലേസര്‍ ഫോസ്ഫര്‍ ഡിജിറ്റല്‍ പ്രോജക്ടറാണ് ഇത്തവണ പ്രദര്‍ശനത്തിന് ഉപയോഗിക്കുന്നത്. അതേ ഗുണനിലവാരമുള്ള പുതിയ സ്‌ക്രീനും ഉപയോഗിക്കും.

മേളയിലെ ജനപ്രിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് നിശാഗന്ധി പ്രയോജനപ്പെടുത്തുക. ദിവസേന മൂന്ന് പ്രദര്‍ശനം ഉണ്ടായിരിക്കും. മേളയുടെ ചരിത്രത്തിലാദ്യമായി അര്‍ദ്ധരാത്രിയില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്തോനേഷ്യന്‍ ഹൊറര്‍ ചിത്രം ‘സാത്താന്‍സ് സ്ലേവും നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് . മേളയുടെ നാലാം ദിനം രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുക. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന-സമാപന ചടങ്ങുകള്‍ നടക്കുന്നതും നിശാഗന്ധിയിലാണ്.

പൊതുവിഭാഗത്തിന് 1000 പാസുകള്‍ കൂടി അനുവദിക്കും: രജിസ്‌ട്രേഷന്‍

ഡിസംബര്‍ 4ന്

തിരുവനന്തപുരം: ചലച്ചിത്രപ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുവിഭാഗത്തിനായി 1000 ഡെലിഗേറ്റ് പാസുകള്‍ കൂടി അനുവദിക്കാന്‍ കേരള സംസ്ഥാന ചലച്ചിത്ര
അക്കാദമി തീരുമാനിച്ചു. ഇതിനായി 800 സീറ്റുകളുള്ള ഒരു തിയറ്റര്‍ കൂടി പ്രദര്‍ശനത്തിന് സജ്ജമാക്കിയിട്ടുണ്ട്. പൊതുവിഭാഗത്തിലുള്ളവര്‍ക്ക് ഡിസംബര്‍ 4 തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ രജിസ്‌ട്രേഷന്‍ നടത്താം.

സംസ്ഥാനത്തെ 2700 ലേറെ വരുന്ന അക്ഷയ ഇ-കേന്ദ്രങ്ങളിലും രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.  ഈ വര്‍ഷം രജിസ്‌ട്രേഷന്റെ ആദ്യഘട്ടത്തില്‍ യൂസര്‍ അക്കൗണ്ട് തുറന്നവര്‍ക്ക് അതേ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴിയും അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിയും പണമടയ്ക്കാം. ഡെലിഗേറ്റ് ഫീ അടയ്ക്കുന്നതോടെ മാത്രമേ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുകയുള്ളൂ.

Leave a Reply

Your email address will not be published.