കെ എസ് ആര്‍ ടി സി വോള്‍വോ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു

കെ എസ് ആര്‍ ടി സി വോള്‍വോ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു

കാസര്‍കോട്: കാസര്‍കോട്ടു നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി വോള്‍വോ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ കാസര്‍കോട് സ്വദേശിനിയടക്കം മൂന്നു പേര്‍ മരണപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ കര്‍ണാടക സഹലാപുരത്തിനും ഹാസനും ഇടയില്‍ ആലൂര്‍ എന്ന സ്ഥലത്താണ് അപകടമുണ്ടായത്.

ചെങ്കള ഗ്രാമപഞ്ചായത്ത് മെമ്ബര്‍ അബ്ദുല്‍ സലാം പാണലത്തിന്റെ മകള്‍ ഫാത്വിമത്ത് സമീറ (25) ഉള്‍പെടെ മൂന്നു പേരാണ് അപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഫാത്വിമത്ത് സമീറയും പിതാവ് അബ്ദുല്‍ സലാമും കാസര്‍കോട്ടു നിന്നും ബംഗളൂരുവിലേക്കുള്ള കെ എസ് ആര്‍ ടി സി വോള്‍വോ ബസില്‍ കയറിയത്. ബസ് ആലൂരിലെത്തിയപ്പോള്‍ എതിരെ വരികയായിരുന്ന ദുര്‍ഗാംബ സ്ലീപ്പര്‍ കോച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സമീറ തല്‍ക്ഷണം തന്നെ മരണപ്പെടുകയായിരുന്നു. പിതാവ് അബ്ദുല്‍ സലാം ഉള്‍പെടെ 25 യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ അബ്ദുല്‍ സലാം അടക്കം ആറു പേരുടെ പരിക്ക് ഗുരുതരമാണ്. അബ്ദുല്‍ സലാമിനു പുറമെ മംഗളൂരു കദ്രിയിലെ വിദ്യ, പുത്തൂര്‍ കട്ടക്കലിലെ രവികുമാര്‍ (33), കദ്രിയിലെ സതീശ് കാമത്ത് (60), അത്താവര്‍ സ്വദേശി സനല്‍ (25), സോമപേട്ടയിലെ നവീന്‍ പ്രകാശ് (33), മല്ലേശ്വരത്തെ നാരായണന്‍ (40) എന്നിവരും പരിക്കേറ്റവരില്‍ ഉള്‍പെടുന്നു. അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരെല്ലാം ഹാസനിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

Leave a Reply

Your email address will not be published.