മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് പുനഃസ്ഥാപിച്ചു

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് പുനഃസ്ഥാപിച്ചു

മലപ്പുറം: കോഴിക്കോട് ഓഫിസില്‍ ലയിപ്പിച്ച മലപ്പുറം റീജനല്‍ പാസ്‌പോര്‍ട്ട് ഓഫിസ് കേന്ദ്രസര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. മലപ്പുറം മേഖല ഓഫിസ് പ്രവര്‍ത്തനം പുനഃസ്ഥാപിച്ചുള്ള ഉത്തരവ് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പുറപ്പെടുവിച്ചത്. ഇനി ഉത്തരവുണ്ടാകുന്നതുവരെ ഓഫിസ് മലപ്പുറത്ത് തുടരാനും ഡിസംമ്ബര്‍ 31 വരെ മലപ്പുറത്ത് ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ കരാര്‍ പുതുക്കാനും അതേ കെട്ടിടത്തില്‍ തുടരാനും ഉത്തരവില്‍ പറയുന്നു. എന്നാല്‍, ഓഫിസ് എന്തു കാരണത്താലാണ് മലപ്പുറത്ത് വീണ്ടും തുറക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നില്ല. എത്രകാലം ഓഫിസ് മലപ്പുറത്ത് പ്രവര്‍ത്തിക്കുമെന്നും എന്ന് പ്രവര്‍ത്തനം പുനഃസ്ഥാപിക്കുമെന്നും വ്യക്തമല്ല.

2006ലാണ് മലപ്പുറത്ത് മേഖല പാസ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഓഫിസ് പ്രവര്‍ത്തന ചെലവും കോഴിക്കോട് ഓഫിസില്‍ ലയിപ്പിച്ചാലുള്ള നേട്ടവും ചൂണ്ടിക്കാട്ടി മലപ്പുറം ഓഫിസ് അടച്ചുപൂട്ടാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. തുടര്‍ന്ന് നവംബര്‍ 17ന് ഓഫിസ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. നവംബര്‍ 24 വരെ എന്‍ക്വയറി വിഭാഗവും 30 വരെ പാസ്‌പോര്‍ട്ട് ഓഫിസറും മലപ്പുറത്ത് തുടര്‍ന്നു. ഇതിനിടെ ഓഫിസിലെ മുഴുവന്‍ ജീവനക്കാരും രേഖകളും വസ്തുക്കളും കോഴിക്കോട്ടേക്ക് മാറ്റി. കോഴിക്കോട് ഓഫിസിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ ഉത്തരവ്.

അതേസമയം, ഇതേ കെട്ടിടത്തില്‍ ഓഫിസ് പുനരാരംഭിക്കാന്‍ ഉടമയുടെ സമ്മതവും പഴയ സംവിധാനങ്ങള്‍ തിരികെ എത്തിക്കേണ്ടതുമുണ്ട്. കോഴിക്കോടില്‍ ലയിപ്പിച്ചതോടെ മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫിസര്‍ ജി. ശിവകുമാറിന് കോയമ്ബത്തൂരിലേക്ക് സ്ഥലംമാറ്റമാവുകയും ചെയ്തു. ഇവ പുനഃസ്ഥാപിക്കുമെന്നതിനെ കുറിച്ച് ജീവനക്കാരും ആശയക്കുഴപ്പത്തിലാണ്. മലപ്പുറത്ത് ഏറെപേര്‍ ആശ്രയിച്ചിരുന്ന പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചുപൂട്ടലിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ കണ്ടിരുന്നു. കുഞ്ഞാലിക്കുട്ടി ഹൈകോടതിയെ സമീപിച്ചിട്ടുമുണ്ട്. നിയമ തടസ്സങ്ങള്‍ മറികടക്കുന്നതിന്റെ ഭാഗമായാണ് ഓഫിസ് മലപ്പുറത്ത് പുനഃസ്ഥാപിക്കുന്നതെന്നും സൂചനയുണ്ട്.

Leave a Reply

Your email address will not be published.