2020 ഓടെ സംസ്ഥാനത്തെ ക്ഷയരോഗ വിമുക്തമാക്കും കെ.കെ.ശൈലജ ടീച്ചര്‍

2020 ഓടെ സംസ്ഥാനത്തെ ക്ഷയരോഗ വിമുക്തമാക്കും കെ.കെ.ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി 2018 മാര്‍ച്ച് വരെ സംസ്ഥാനത്തെ മുഴുവന്‍ ഭവനങ്ങളിലും സന്നദ്ധ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിന് അവബോധം സൃഷ്ടിക്കാനുള്ള കര്‍മ്മ പരിപാടിക്ക് തുടക്കം കുറിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി നമ്മുടെ സംസ്ഥാനത്ത് ക്ഷയരോഗബാധ ഓരോ വര്‍ഷവും കുറഞ്ഞുവരികയാണ്. കേരളത്തിന്റെ ആരോഗ്യസൂചകങ്ങളില്‍ സമീപകാലത്തായി ക്ഷയരോഗബാധയില്‍ വര്‍ഷംതോറും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന കുറവ് അന്താരാഷ്ട്രാ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ഒരു വസ്തുതയാണ്.

ഭാരതത്തില്‍ ഏറ്റവും കുറഞ്ഞ ക്ഷയരോഗബാധ രേഖപ്പെടുത്തിയിട്ടുള്ളത് കേരളത്തിലാണ്. അതുകൊണ്ടുതന്നെ വര്‍ഷംതോറും 4 ശതമാനം എന്ന നിരക്കില്‍ ക്ഷയരോഗബാധ കുറഞ്ഞുകൊണ്ടിരിക്കുന്നു. കുട്ടികളിലെ ക്ഷയരോഗം വര്‍ഷംതോറും 6.5 ശതമാനം എന്ന നിരക്കിലാണ് കുറയുന്നത്. 2009 ല്‍ 27500 പേര്‍ക്ക് ക്ഷയരോഗ ചികിത്സ നല്‍കിയ സംസ്ഥാനത്ത് 2016 ല്‍ ക്ഷയരോഗബാധിതരുടെ എണ്ണം 20000 ആക്കി കുറയ്ക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. എങ്കിലും ക്ഷയരോഗത്തെ പൂര്‍ണ്ണമായും തുടച്ചുനീക്കാതെ സമഗ്രപുരോഗതിക്കായുള്ള നമ്മുടെ ലക്ഷ്യം കൈവരിക്കാന്‍ സാധ്യമല്ല. കാരണം പകര്‍ച്ചവ്യാധി എന്നതിനേക്കാള്‍ സാമ്പത്തിക സാമൂഹ്യ മേഖലയില്‍ ക്ഷയരോഗം ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്.

നമ്മുടെ സംസ്ഥാനം കൈവരിച്ച മികച്ച സാക്ഷരത, ആരോഗ്യനിലവാരം, സ്വന്തമായ വീട്, ചേരി നിര്‍മ്മാര്‍ജ്ജനം, പോഷകാഹാര ലഭ്യത ഇവയൊക്കെ ക്ഷയരോഗബാധ കുറക്കുന്നതിനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. കേരളത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി ക്ഷയരോഗമുക്ത കേരളത്തിനായുള്ള ഒരു കര്‍മ്മ പദ്ധതിക്ക് സര്‍ക്കാര്‍ ഇപ്പോള്‍ രൂപം നല്‍കിയിട്ടുണ്ട്. കേരളത്തിലെ മുഴുവന്‍ കുടുംബങ്ങളിലും സന്നദ്ധ പ്രവര്‍ത്തകര്‍ എത്തി ഓരോ കുടുംബത്തേയും നേരില്‍ കണ്ട് ക്ഷയരോഗത്തെപ്പറ്റി അവബോധം നല്‍കുകയും ക്ഷയരോഗത്തിന് അനുകൂലമായ സാഹചര്യങ്ങളുണ്ടെങ്കില്‍ അത് കണ്ടെത്തുകയും ക്ഷയരോഗബാധയ്ക്കുള്ള വിദൂര സാധ്യതയുള്ളവര്‍ക്കുപോലും സംശയനിവാരണത്തിനായുള്ള സൗജന്യ പരിശോധനകളും ലഭ്യമാക്കുകയും ചെയ്യും. ക്ഷയരോഗബാധ സ്ഥിരീകരിക്കപ്പെടുന്നവര്‍ക്കുള്ള ചികിത്സയും അനുബന്ധ പരിശോധനയും പൂര്‍ണ്ണമായും സൗജന്യമായാണ് നല്‍കുന്നത്. 2020 അവസാനത്തോടെ ക്ഷയരോഗത്തെ സംസ്ഥാനത്തു നിന്നും പൂര്‍ണ്ണമായും തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയുടെയും ലോകാരോഗ്യ സംഘടനയുടെയും സംയുക്ത പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സംസ്ഥാന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ദൗത്യത്തിന്റെ മുദ്രാവാക്യം ‘ക്ഷയരോഗ വിമുക്തമായ എന്റെ കേരളം’ എന്നതാണ്.

കേരളത്തിലെ ഓരോ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പ്രദേശങ്ങള്‍ എന്നിവ രോഗവിമുക്തമായെങ്കില്‍ മാത്രമേ നമുക്ക് ഈ ലക്ഷ്യം കൈവരിക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനായി ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ദൗത്യം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.