മുണ്ട്യത്തടുക്കയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതരം

മുണ്ട്യത്തടുക്കയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതരം

ബദിയടുക്ക: മുണ്ട്യത്തടുക്ക പള്ളത്തിന് സമീപം ഗുണാജെയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പെര്‍ളക്ക് സമീപം മണിയംപാറയിലെ അബ്ബാസ് മുസ്ലിയാര്‍-റുഖിയ ദമ്പതികളുടെ മകന്‍ മിദ്ലാജാ(18)ണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരമണിയോടെയായിരുന്നു അപകടം. എതിര്‍ ബൈക്കിലെ യാത്രക്കാരായ മുണ്ട്യത്തടുക്ക അരിയപ്പാടിയിലെ അന്‍പേഷ് എന്ന പുട്ടു(24), സഹോദരന്‍ ജിജേഷ് എന്ന മുദ്ദു(18) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ നിന്ന് 58 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത മദ്യം കണ്ടെത്തിയിട്ടുണ്ട്.

പിതൃസഹോദരിയുടെ മകന്‍ ഇന്ന് രാവിലെ ഗള്‍ഫില്‍ പോകുന്നതിനാല്‍ അവനെ കാണാനായി ഇന്നലെ രാത്രി എത്തിയതായിരുന്നു മിദ്ലാജ്. ഇവിടെ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മിദ്ലാജ് സഞ്ചരിച്ച ബൈക്ക് പെര്‍ള ഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ മിദ്ലാജിനെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഹസീന, ഫൈറൂസ്, ഫര്‍സാന, ഹമീദ്, അമീര്‍, ഫാറൂഖ്, ഇര്‍ഷാദ്, ഷബീര്‍, ഹര്‍ഷാദ് എന്നിവര്‍ മിദ്ലാജിന്റെ സഹോദരങ്ങളാണ്. അപകടത്തിനിടയാക്കിയ ബൈക്കില്‍ കണ്ടെത്തിയ മദ്യം പൊലീസ് കസ്റ്റഡിയിലെടുത്തു. അഡ്യനടുക്ക ഭാഗത്ത് നിന്ന് ചെന്നഗുളിക്ക് സമീപം ചിമാറില്‍ വില്‍പ്പന നടത്താനാണ് മദ്യം കൊണ്ടുപോയതെന്ന് സംശയിക്കുന്നു. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.