അര്‍ജുന്‍ ടെണ്ടുക്കര്‍ കസറി, മുംബൈ മിന്നി

അര്‍ജുന്‍ ടെണ്ടുക്കര്‍ കസറി, മുംബൈ മിന്നി

മുംബൈ: ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ വീണ്ടും തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഞെട്ടിച്ചു. സച്ചിന്‍ ബാറ്റ് കൊണ്ടാണ് വിസ്മയം തീര്‍ത്തിരുന്നതെങ്കില്‍ മകന്‍ അര്‍ജുന്റെ കരുത്ത് ബൗളിങാണ്. അണ്ടര്‍ 19 കൂച്ച് ബെഹര്‍ ട്രോഫിയില്‍ അര്‍ജുന്റെ ബൗളിങ് മികവില്‍ മുംബൈ ജയം കൊയ്തു. റെയില്‍വേസിനെതിരായ കളിയില്‍ അഞ്ചു വിക്കറ്റാണ് അര്‍ജുന്‍ പിഴുതത്. ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് താരം ഈ നേട്ടം കൈവരിക്കുന്നത്.

ഇടംകൈയന്‍ പേസറായ അര്‍ജുന്‍ 44 റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റെടുത്തത്. ഇതോടെ റെയില്‍വേസ് രണ്ടാമിന്നിങ്‌സില്‍ 136 റണ്‍സിനു പുറത്താവുകയും ചെയ്തു. ഇന്നിങ്‌സിന്റെയും 103 റണ്‍സിന്റെയും ആധികാരിക വിജയമാണ് മുംബൈ ആഘോഷിച്ചത്. ഒന്നാമിന്നിങ്‌സില്‍ 23 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും നേടാന്‍ കഴിയാതിരുന്ന അര്‍ജുന്‍ രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് പോക്കറ്റിലാക്കി ഇതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു.

മൂന്നാഴ്ച മുമ്ബ് മധ്യപ്രദേശിനെതിരേ നടന്ന മല്‍സരത്തിലും അര്‍ജുന്‍ മുംബൈക്കു വേണ്ടി അഞ്ചു വിക്കറ്റുകള്‍ പിഴുതിരുന്നു. ഇതിനു മുമ്ബ് അസ്സമിനെതിരേ നാലു വിക്കറ്റും താരം നേടി.

Leave a Reply

Your email address will not be published.