പാലക്കുന്നില്‍ പൂരോത്സവത്തിന് കുലകൊത്തി; 17 മുതല്‍ 23 വരെയാണ് ഉത്സവം

24ന് ഉത്രവിളക്കും 25ന് ഭണ്ഡാര വീട്ടില്‍ തെയ്യവും

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ പൂരോത്സവത്തിന് കാര്‍ത്തിക നാളില്‍ ഭണ്ഡാര വീട്ടില്‍ കുലകൊത്തല്‍ ചടങ്ങ് നടന്നു. മുല്ലച്ചേരിയില്‍ നിന്നാണ് കുലകള്‍ കൊത്തി ഭണ്ഡാര വീട്ടില്‍ എത്തിച്ചത്. 17ന് മേലേ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടുന്നത്തോടെ 7 ദിവസം നീളുന്ന ഉത്സവത്തിന് ആരംഭം കുറിക്കും.17മുതല്‍ 20 വരെ രാത്രിയില്‍ പൂരക്കളി ഉണ്ടാകും. 21ന് പകല്‍ പെരുമുടിത്തറയിലെയും മേല്‍ത്തറയിലെയും 22ന് പകല്‍ പെരുമുടിത്തറയിലെയും , കീഴ്ത്തറയിലെയും പണിക്കന്മാരുടെ മറുത്തു കളി നടക്കും. 23ന് മൂന്ന് പണിക്കന്മാരും ചേര്‍ന്നുള്ള ഒത്തുകളിയും നടക്കും.
തറകള്‍ കേന്ദ്രീകരിച്ചുള്ള മറുത്തു കളി കഴിഞ്ഞമാസം 19നും 21നും അതത് തറയില്‍ വീടുകളില്‍ നടന്നിരുന്നു. രാജീവന്‍ കൊയങ്കര (പെരുമുടിത്തറ), രാജേഷ് അണ്ടോള്‍ (മേല്‍ത്തറ), ബാബു അരയി(കീഴ്ത്തറ ) എന്നിവരാണ് മറത്തു കളി പണിക്കന്മാര്‍. പി. വി. കുഞ്ഞിക്കോരനാണ് ക്ഷേത്രത്തിലെ സ്ഥിരം പണിക്കര്‍. 5 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാലക്കുന്നില്‍ പുറമെ നിന്നുള്ള പണിക്കന്മാരെ വെച്ച് മറുത്തു കളി നടത്തുന്നത് . രാത്രി പൂരംകുളിയും 24ന് പുലര്‍ച്ചെ ഉത്രവിളക്കും പൂര്‍ത്തിയാകും. തുടര്‍ന്ന് തിരിച്ചെഴുന്നള്ളത്തോടെ സമാപനം. അന്ന് രാത്രി ഭണ്ഡാര വീട്ടില്‍ തെയ്യം കൂടും.25ന് വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, മൂവാളംകുഴി ചാമുണ്ഡി തെയ്യങ്ങള്‍ കെട്ടിയാടും

Leave a Reply

Your email address will not be published. Required fields are marked *