ബി.ജെ.പിയുടെ യാഗാശ്വം കര്‍ണാടക ലക്ഷ്യമാക്കി: ടിപ്പുവിന്റെ പടയോട്ടം പോലെയാണ് അമിത്ഷായുടെ പിടിച്ചടക്കല്‍

ബി.ജെ.പിയുടെ യാഗാശ്വം കര്‍ണാടക ലക്ഷ്യമാക്കി: ടിപ്പുവിന്റെ പടയോട്ടം പോലെയാണ് അമിത്ഷായുടെ പിടിച്ചടക്കല്‍

നേര്‍ക്കാഴ്ച്ചകള്‍…. പ്രതിഭാരാജന്‍

ഗുജറാത്ത് നിലനിര്‍ത്തിയും ഹിമാചല്‍ പിടിച്ചെടുത്തും അമിത്ഷാ കെട്ടഴിച്ചു വിട്ട യാഗ്വാശ്വം കര്‍ണാടക ലക്ഷ്യമിട്ടു കുതിക്കുകയാണ്. 2018 ഏപ്രിലിലാണ് അവിടെ തെരെഞ്ഞെടുപ്പ്. ഒപ്പം മിസോറാമിലും, ത്രിപുരയിലും മേഘാലയിലും തെരെഞ്ഞെടുപ്പു നടക്കുമെങ്കിലും ദക്ഷിണേന്ത്യയുടെ കൈയ്യില്‍ കോണ്‍ഗ്രസിനായി ബാക്കി നില്‍ക്കുന്ന കര്‍ണാടകയാണ് ഇനി ഏക പിടിവള്ളി. അവിടേക്കാണ് ഷായുടെ യുദ്ധസന്നാഹങ്ങള്‍ പാഞ്ഞടുക്കുന്നത്. കോണ്‍ഗ്രസിന്റെ കൈയ്യില്‍ ആകെ ബാക്കി നില്‍ക്കുന്ന നാലും സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക.
വരാനിരിക്കും കര്‍ണാടക തെരെഞ്ഞെടുപ്പിന് അമിത് ഷാ പുതിയൊരു പേരു നല്‍കിയിരിക്കുകയായാണ്. ‘ഓപ്പറേഷന്‍ 20’ . അഥവാ ബി.ജെ.പിയുടെ കൈപ്പിടിയിലെത്താനുള്ള 20-ാമത് സംസ്ഥാനമെന്ന് അര്‍ത്ഥം. ഇന്ത്യയില്‍ 19 സംസ്ഥാനങ്ങളാണ് നിലവില്‍ ബി.ജെ.പി ഭരിക്കുന്നത്. 14 ഇടത്ത് നേരിട്ടും, അഞ്ചിടത്ത് സഖ്യവും.

മോദി-ഷാ കൂട്ടുകെട്ടിന്റെ വേലത്തരങ്ങള്‍ ഏശാതെ പിടിച്ചു നില്‍ക്കുകയാണ് ഇവിടുത്തെ മുഖ്യമന്ത്രി സീതാറാമയ്യ. ഇദ്ദേഹം കോണ്‍ഗ്രസുകാരായിരുന്നില്ലെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസിന്റെ എല്ലാമെല്ലാമാണ്. ഗുജറാത്തില്‍ 99 സീറ്റുമാത്രം കൈവശപ്പെടുത്തി ബി.ജെ.പി അധികാരം പിടിച്ചപ്പോള്‍ സിദ്ധാാരാമയ്യ കര്‍ണാടകയിലിരുന്നു നെടുവീര്‍പ്പിട്ടു. മോദി-ഷാ തരംഗമൊന്നും രാജ്യത്ത് പഴയപടിയില്ല. അങ്ങനെയെങ്കില്‍ പ്രതീക്ഷിച്ച 150 സീറ്റ് കിട്ടുമായിരുന്നല്ലോ.

20 വര്‍ഷം ബി.ജെ.പി ഭരിച്ച ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം തറ-പറയില്‍ വെച്ചു തുടങ്ങിയാണ് രാഹുല്‍ ഇത്രയെങ്കിലും നേട്ടം കൊയ്തത്. ഗുജറാത്തിനെ അപേക്ഷിച്ച് ബൂത്ത് തലം മുതല്‍ സുശക്തമായ സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ഇടമാണ് കര്‍ണാടക. മല്‍സരിക്കുന്ന ആളെ നിശ്ചയിച്ചാല്‍ മതി ജയവും തോല്‍വിയും കണക്കു കൂട്ടി നേരത്തെ അറിയിക്കാന്‍ പാകത്തില്‍ പ്രാദേശിക സംഘടനാ സംവിധാനം വരെ കര്‍ണാടകയില്‍ സജ്ജമാണ്. എങ്കില്‍ കൂടി മുഖ്യമന്ത്രി ആകെ ഭയപ്പെടുന്നത് കൂട്ടത്തിലുണ്ടായിരുന്ന എസ്.എം. കൃഷ്ണയേയാണ്. പി.സി.സി പ്രസിഡണ്ട് പരമേശ്വനേയും, ഡി.കെ. ശിവകുമാറിനേയും മറ്റും കൂട്ടു പിടിച്ച് എസ്.എം. കൃഷ്ണ പാളയത്തിനകത്ത് കേറി കളിച്ചേക്കുമോ എന്നാണ് ഭയം. കൂടെ കിടന്നവനല്ലെ രാപ്പനിയറിയു. കറിവേപ്പില പോലെ ദൂരെക്കളയുകയാരുന്നു കൃഷ്ണയെ. മരം കേറാന്‍ കുരങ്ങിനെന്തിനു കോണി. കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രിയായിരുന്ന എസ്.എം. കൃഷ്ണ ഇപ്പോള്‍ ബി.ജെ.പി പാളയത്തിലാണ്.

മറ്റൊരു പേടിസ്വപ്നം ദേവഗൗഡയുടെ ദക്ഷിണ കന്നടയില്‍ ഏറെ സ്വാധീനമുളള ജെ.ഡി.എസാണ്. അല്‍പ്പം സീറ്റൊക്കെ പിടിക്കുമായിരിക്കും. അവസരം കിട്ടിയാല്‍ ഏതു ഭാഗത്തേക്കും കുറുമാറാനും മടിക്കാത്ത ഇവരുടെ സീറ്റു കൂടി മുട്ടിക്കൂടിയാല്‍ കോണ്‍ഗ്രസ് ഉപയോഗിച്ചെന്നും വരും. തൂക്കു മന്ത്രി സഭവന്നാല്‍ ഓര്‍ക്കാപ്പുറത്ത് ലോട്ടറി അടിക്കുക ജെ.ഡി.എസിനായിരിക്കും. അവരുടെ സീറ്റുകള്‍ ബി.ജെ.പി തൂക്കിയെടുത്തു കൊണ്ടു പോകാതിരിക്കാന്‍ യെദ്യൂരപ്പക്കു നേരെയാണ് ഒരു കരുതല്‍ വേണ്ടതെന്നാണ് സിദ്ധാരാമയ്യയുടേയും മന്ത്രി യു.ടി ഖാദറിന്റേയും പക്ഷം.

ബി.ജെ.പിയുടെ പടയോട്ടമെല്ലാം മലപോലെ വന്ന് പോലും എലിപോലെ പോകുമെന്നാണ് സിദ്ധാറാമയ്യ ആശ്വസിക്കുന്നത്. കാരണം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് തമ്മില്‍ തല്ലും, പോരും കോണ്‍ഗ്രസിനെ അപേക്ഷിച്ച് പത്തിരട്ടി കൂടുതലാണ് ഇവിടെ ബി.ജെ.പിയില്‍. ദക്ഷിണേന്ത്യയിലേക്ക് ബി.ജെ.പിയെ കൂട്ടിക്കൊണ്ടു വന്ന യദ്യൂരപ്പയും, മുതിര്‍ന്ന നേതാവ് ഈശ്വരപ്പയും ഇവിടെ കീരിയും പാമ്പുമാണ്. അമിത്ഷാ ഇടപെട്ടിട്ടു പോലും അതിനൊരു ശാന്തിയും വന്നട്ടില്ല. ഭരണം തിരിച്ചു കിട്ടണമെങ്കില്‍ ഇവിടേയും ഒറ്റമൂലിയായി മോദി ഇഫക്റ്റു തന്നെ വേണ്ടി വരും. മോദി വന്നാല്‍ ആകെ കലങ്ങി മറിയും. ഒരു സിങ്കത്തിനു മുന്നില്‍ വിജയ ചിഹ്നം ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന മോദിയുടെ ചിത്രം കര്‍ണാടകയുടെ കവലകളിലെല്ലാം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.

സിദ്ധാരാമ ഉള്ളതിനാല്‍ തെരെഞ്ഞെടുപ്പിനു മുമ്പേ ഗുജറാത്തെന്ന പോലെ രാഹുലിന് പാര്‍ട്ടിയെ അടിമുടി മാറ്റി മിറക്കേണ്ട ആവശ്യമമൊന്നുമില്ല. ഒറ്റച്ചരടില്‍ ചങ്ങല പോലെ നെയ്തെടുത്ത പാര്‍ട്ടിയാണ് ഇവിടെ കോണ്‍ഗ്രസ്. അമിത്ഷാ തുറന്നു വിട്ട യാഗാശ്വത്തെ നിയന്ത്രിക്കാന്‍ മോദിതന്നെ ഞാണൊലിയുമായി കടന്നു വന്നാല്‍ അതിനു തടയിടാന്‍ രാഹുലിന്റെ യുവത്വത്തിന് ബാല്യമുണ്ടാകുമോ അഥവാ ഓപ്പറേഷന്‍ 20 വിജയിക്കുമോ എന്നു കണ്ടു തന്നെയറിയാന്‍ കാത്തിരിക്കുകയാണ് രാജ്യം. വെറുതെ കൊതിച്ചതു കൊണ്ടു മാത്രമായില്ലല്ലോ. വിധിച്ചതെന്തെന്ന് ആര്‍ക്കറിയാം

Leave a Reply

Your email address will not be published.