പോലീസ് പരിശോധിക്കാന്‍ നിര്‍ത്തിയ ബൈക്കില്‍ കാറിടിച്ച് പരിക്കേറ്റ എംബിഎ വിദ്യാര്‍ത്ഥി മരിച്ചു

പോലീസ് പരിശോധിക്കാന്‍ നിര്‍ത്തിയ ബൈക്കില്‍ കാറിടിച്ച് പരിക്കേറ്റ എംബിഎ വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്: പരിശോധനക്കായി പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ട ബൈക്കിന് പിറകില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന എംബിഎ വിദ്യാര്‍ത്ഥി മരിച്ചു. അണങ്കൂര്‍ കൊല്ലമ്പാടിയിലെ സുഹൈലാ(20)ണ് മരിച്ചത്. കൊല്ലമ്പാടിയിലെ ഇബ്രാഹിമിന്റെയും സുഹ്‌റയുടെയും മകനാണ്. സുഹൈലിന്റെ അപകട മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. അപകടമരണത്തിന് കാരണമായത് പൊലീസിന്റെ അനവസരത്തിലുള്ള വാഹനപരിശോധനയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. മംഗളൂരുവിലെ കോളേജിലെ എംബിഎ വിദ്യാര്‍ത്ഥിയാണ് സുഹൈല്‍. സഹോദരങ്ങള്‍: സഫ്വാന്‍, സാനിയ.

അപകട മരണത്തിനിടയാക്കിയ കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ട്രാഫിക് പൊലീസ് പറഞ്ഞു. അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ ടിപി യൂസഫി(54)നെതിരെ പൊലീസ് കേസെടുത്തു. പുലര്‍ച്ചെ രണ്ടര മണിക്കാണ് അപകടം നടന്നത്. കെ.എല്‍ 14 യു 7997 മോട്ടോര്‍ സൈക്കിളില്‍ സുഹൈല്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റോഡില്‍ കൈകാണിച്ച് നിര്‍ത്തി എങ്ങോട്ടാണെന്ന് പൊലീസ് ചോദിച്ചത്.

പിന്നാലെ വന്ന കെ എല്‍ 14 യു 2326 സൈലോ കാര്‍ സുഹൈലിന്റെ മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു. പൊലീസ് നാട്ടുകാരുടെ സഹായത്തോടെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടു പോവുകയായിരുന്നു. അപകടം വരുത്തിയ കാര്‍ ഓടിച്ചിരുന്ന ടി.പി യൂസഫിനെ പുലര്‍ച്ചെ മൂന്നര മണിക്ക് പൊലീസ് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പരിശോധനക്ക് വിധേയനാക്കി. മദ്യപിച്ചിരുന്നതായി ഡോക്ടര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് യൂസഫിനെതിരെ പൊലീസ് കേസെടുത്തു

Leave a Reply

Your email address will not be published.