വയനാട് ഫ്‌ളവര്‍ ഷോ കല്‍പ്പറ്റയില്‍ നാളെ സമാപിക്കും

വയനാട് ഫ്‌ളവര്‍ ഷോ കല്‍പ്പറ്റയില്‍ നാളെ സമാപിക്കും

കല്‍പ്പറ്റ: കല്‍പ്പറ്റ ബൈപാസ് മൈതാനത്ത് കഴിഞ്ഞ 22 മുതല്‍ നടന്നു വരുന്ന വയനാട് ഫ്‌ളവര്‍ ഷോ ഞായറാഴ്ച സമാപിക്കും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ക്രമീകരണങ്ങള്‍ ചെയ്തതിനാല്‍ ആദ്യത്തെ പത്ത് ദിവസത്തിനുള്ളില്‍ തന്നെ അര ലക്ഷത്തിലധികം പേര്‍ ഫ്‌ളവര്‍ ഷോ സന്ദര്‍ശിച്ചു.

അഞ്ചര ഏക്കറില്‍ നടക്കുന്ന ഫ്‌ളവര്‍ ഷോയില്‍ വിവിധങ്ങളായ ഒരു ലക്ഷത്തിലധികം ചെടികളുടെ പ്രദര്‍ശനമാണ് ഉള്ളത്. അമ്പലവയല്‍, സുല്‍ത്താന്‍ബത്തേരി, കാക്കവയല്‍, ഗുണ്ടല്‍പ്പേട്ട, ബാംഗ്ലൂര്‍, ബോംബെ, പൂനൈ എന്നിവിടങ്ങളിലെ നഴ്‌സറികളില്‍ നിന്നും ചെടികള്‍ കൊണ്ടുവന്നാണ് മനോഹരമായ ഉദ്യാനം ഒരുക്കിയത്. ബൈപ്പാസ് മൈതാനത്ത് തന്നെ കൃഷി ചെയ്ത ചെടികളും സന്ദര്‍ശകരെ ആകര്‍ഷിച്ചു. ഡാലിയ, സീനിയ, ജമന്തി, സൊലൂഷ്യ, മേരിവള്‍ഡ്, കാന തുടങ്ങിയവയാണ് മൈതാനത്തെ നഴ്‌സറിയില്‍ തന്നെ നട്ടുവളര്‍ത്തിയത്. പ്രദര്‍ശനത്തില്‍ 60 ഇനം വ്യത്യസ്ത പൂക്കളാണ് കൗതുക കാഴ്ചയായിട്ടുള്ളത്.

ഫ്‌ളവര്‍ ഷോയ്ക്ക് ഒപ്പം വിവിധ കൃഷികളുടെ പ്രദര്‍ശനവും ഇത്തവണത്തെ പ്രത്യേകതയാണ്. വെളുത്തുള്ളി, ചെറിയ ഉള്ളി, സവോള, ബീറ്റ്‌റൂട്ട്, കാരറ്റ്, ക്യാപ്‌സികം തുടങ്ങിയവയാണ് മൈതാനത്ത് കൃഷിചെയ്ത വിളകള്‍. അന്യസംസ്ഥാനങ്ങളില്‍ കൃഷി ചെയ്യുന്ന ഇത്തരം വിളകള്‍ നമ്മുടെ നാട്ടിലും കൃഷി ചെയ്യാന്‍ സാധിക്കുമെന്ന് ജനങ്ങളെ അറിയിക്കാന്‍ കൂടിയാണ് കാര്‍ഷിക വിളകളുടെ പ്രദര്‍ശനം കൂടെ നടത്തിയത് പ്രധാന സംഘാടകരിലൊരാളായ സിബി പറഞ്ഞു. വിവിധയിനം പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍, പൂച്ചെടികള്‍ തുടങ്ങിയവയുടെ തൈകളുടെയും വിത്തുകളുടെയും പ്രദര്‍ശനവും, വില്‍പ്പനയും ഇവിടെയുണ്ട്. ഇതിനായി 10 സ്റ്റാളുകളാണ് തയ്യാറാക്കുന്നത്. ഫ്‌ളവര്‍ ഷോയ്ക്ക് എത്തുന്നവര്‍ക്ക് ആസ്വദിക്കാനായി വിവിധ വിനോദ പരിപാടികളും ഉണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരം നാദഗംഗ സംഘത്തിന്റെ കലാവിരുന്നും സമാപന ദിവസമായ ഞായറാഴ്ച നന്തുണ്ണി കലാ സംഘത്തിന്റെ കലാ പരിപാടികളും ഉണ്ടാകും.

കുട്ടികള്‍ക്കായി പൊളാരിസ് ജീപ്പ് സവാരി, വാട്ടര്‍ ബോള്‍ തുടങ്ങിയവയാണ് ഒരുക്കിയത്. എല്ലാ ദിവസവും വൈകുന്നേരം ആറ് മണിമുതല്‍ സ്റ്റേജ് ഷോകള്‍, വൈകുന്നേരം അഞ്ച് മണിമുതല്‍ കാര്‍ഷിക ക്വിസ് മത്സരം എന്നിവയും ഉണ്ട്. ക്വിസ് മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കി വരുന്നുണ്ട്. കൂടാതെ ഇരുചക്രവാഹനങ്ങളുടേയും. നാലുചക്ര വാഹനങ്ങളുടെയും പ്രദര്‍ശനവും ഉണ്ട്.

Leave a Reply

Your email address will not be published.