വസന്തോത്സവം- 2018 തലസ്ഥാനത്തിന്റെ സ്വന്തം പുഷ്പമേള

വസന്തോത്സവം- 2018 തലസ്ഥാനത്തിന്റെ സ്വന്തം പുഷ്പമേള

(ജനുവരി 7-14 കനകക്കുന്ന്)

തിരുവനന്തപുരം: ലോകകേരള സഭയ്ക്ക് തലസ്ഥാന നഗരം ആതിഥേയത്വം വഹിക്കുന്ന വേളയില്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വസന്തോത്സവം സംഘടിപ്പിക്കുകയാണ്. പൂക്കളുടെ വര്‍ണ്ണ വസന്തം തിരുവനന്തപുരത്ത് രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് നടക്കാന്‍ പോകുന്നത്. ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ‘വസന്തോത്സവം’ എന്ന പേരിലൊരുക്കുന്ന പുഷ്പമേളയില്‍ പതിനായിരത്തില്‍പരം വര്‍ണ്ണപുഷ്പങ്ങളും മുപ്പതിനായിരത്തില്‍പരം ഇനങ്ങളിലുള്ള ചെടികളും അണിനിരത്തും. നാളെ് (ജനുവരി 7) കനകക്കുന്നില്‍ വസന്തോത്സവം- 2018 ന് തുടക്കമാകും. കേരള ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ടയേര്‍ഡ്) പി.സദാശിവം നാളെ (ജനുവരി 7 ഞായറാഴ്ച) രാവിലെ 10.30 ന് വസന്തോത്സവം ഉദ്ഘാടനം ചെയ്യും. കനകക്കുന്ന് പ്രധാന കവാടത്തിലാണ് ഉദ്ഘാടന ചടങ്ങ്. നിശാഗന്ധി ആഡിറ്റോറിയത്തിന് സമീപം പ്രത്യേകം ഒരുക്കുന്ന വേദിയിലാണ് മേളയുടെ ഉദ്ഘാടന സമ്മേളനം നടക്കുക. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എസ്.സുനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജനുവരി 14 വരെയാണ് മേള നടക്കുക.

പുഷ്പമേള കൂടാതെ, കേരളത്തിന്റെ ജൈവ വൈവിധ്യത്തിന്റെ പ്രതീകമായ കാവുകളുടെ പുനരാവിഷ്‌ക്കാരം, ഗോത്രവര്‍ഗ്ഗ സംസ്‌ക്കാരത്തിന്റെ നേര്‍ക്കാഴ്ചയുമായി ഗോത്രവര്‍ഗ്ഗ ഊരിന്റെ മാതൃക, വയനാടന്‍ വിത്തുപുര, തേന്‍കൃഷിയും പരിപാലനവും വിപണനവുമായി ‘തേന്‍കൂട്’, വനക്കാഴ്ചകള്‍, ശലഭോദ്യാനം, കാര്‍ഷികോത്പന്നങ്ങളുടെ പ്രദര്‍ശനം, ഭക്ഷ്യമേള എന്നിവയും ഒരുക്കുന്നു.

സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന പുഷ്പമേളയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരത്തില്‍പരം വര്‍ണ്ണപുഷ്പങ്ങള്‍ ഉണ്ടാകും. കേരളത്തില്‍ തന്നെ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പുഷ്പമേളയാകും ഇത്തവണ വസന്തോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നത്. മുപ്പതിനായിരത്തില്‍പരം ഇനങ്ങളിലുള്ള ചെടികള്‍ പുഷ്പോത്സവത്തിന്റെ ശോഭ കൂട്ടും. പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പൂജപ്പുര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ നേതൃത്വത്തില്‍ ആയിരത്തില്‍പരം ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം സൂര്യകാന്തിയുടെ ആദ്യ തട്ടില്‍ ഒരുക്കുന്നു.

ദശപുഷ്പങ്ങളും ദശമൂലവും നക്ഷത്രവനവും ആരോഗ്യപ്പച്ചയുമൊക്കെ ഉള്‍പ്പെടുന്ന ഔഷധ സസ്യപ്രദര്‍ശനം ഇവയുടെ സംരക്ഷണത്തിന്റെ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിധത്തിലാവും ഒരുക്കുക. വിശുദ്ധ വനങ്ങളെന്നറിയപ്പെടുന്ന ജൈവവൈവിധ്യത്തിന്റെ ചെറുമാതൃകകളായ കാവുകളുടെ പുനരാവിഷ്‌ക്കാരം സന്ദര്‍ശകര്‍ക്ക് അപൂര്‍വ്വ വിരുന്നായിരിക്കും. കുളവും പ്രതിഷ്ഠയും കാവിനു മാത്രം സ്വന്തമായ ചെടികളും അണിയിച്ചൊരുക്കുന്നത് ടി.ബി.ജി.ആര്‍.ഐ.യാണ്. സസ്യലോകത്തിലെ അത്ഭുതമായ ഇരപിടിയന്‍ സസ്യങ്ങളാണ് മറ്റൊരു ആകര്‍ഷണം. കെണിയൊരുക്കി പ്രാണികളായ ഇരകള്‍ക്കുവേണ്ടി കാത്തിരിക്കുന്ന ‘ഡ്രൊസീറ’യും ‘നെപ്പന്തസ്സും’ തുടങ്ങി അനേകം ജനുസ്സുകള്‍ സന്ദര്‍ശകര്‍ക്ക് വിസ്മയത്തിന്റെ നിമിഷങ്ങള്‍ സമ്മാനിയ്ക്കും. ഓര്‍ക്കിഡുകളും, ആന്തൂറിയവും, ബോണ്‍സായിയും അടങ്ങുന്ന അപൂര്‍വ്വ ശേഖരം തീര്‍ത്തും വ്യത്യസ്തമായ അനുഭവമാകും .

പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന ശലഭങ്ങളുടെ പറുദീസയായ ‘ശലഭോദ്യാനം’ മറ്റൊരു പ്രധാന ആകര്‍ഷണമായിരിക്കും. ശലഭങ്ങളുടെ ആഹാരക്രമം, പ്രജനന രീതി ,ആവാസ വ്യവസ്ഥ എന്നിവയൊക്കെ മനസ്സിലാക്കാനുള്ള അപൂര്‍വ്വ അവസരമാണ് സമ്മാനിക്കുക.

ഗോത്രവര്‍ഗ്ഗ സംസ്‌ക്കാരത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കി കിര്‍ത്താട്സും വസന്തോത്സവത്തില്‍ പങ്കാളികളാകുന്നു. തനത് ഗോത്രവര്‍ഗ്ഗ ഈരിന്റെ പുനഃസൃഷ്ടിയില്‍ കുടിലും ദൈവപ്പുരയും ഏറുമാടവും കലാരൂപങ്ങളും ഉണ്ടായിരിക്കും.

ഹോര്‍ട്ടി കോര്‍പ്പിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന ‘തേന്‍കൂടെ’ന്ന പ്രദര്‍ശനത്തില്‍ തേനീച്ച വളര്‍ത്തല്‍, പരിപാലനം, വിപണനം തുടങ്ങിയവ തനത് രീതിയില്‍ പുനരാവിഷ്‌കരിയ്ക്കപ്പെടും. വനക്കാഴ്ചകളുടെ സൗന്ദര്യവുമായി വനം വകുപ്പും വൈവിധ്യമാര്‍ന്ന കാര്‍ഷികോത്പന്നങ്ങളുടേയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടേയും പ്രദര്‍ശനം ഒതുക്കി സംസ്ഥാന കൃഷിവകുപ്പും മേളയില്‍ പങ്കാളികളാകും.

സൂര്യകാന്തിയില്‍ അരങ്ങേറുന്ന ഭക്ഷ്യമേള രുചിയുടെ വകഭേദങ്ങള്‍ ഒരുക്കും. തെക്കന്‍ കേരളത്തിന്റെ തനത് രുചികളും, കുട്ടനാടന്‍ വിഭവങ്ങളും, മലബാറിന്റെ തനിമയാര്‍ന്ന വിഭവങ്ങളും, ബിരിയാണികളും മുതല്‍ വ്യത്യസ്ത പായസങ്ങള്‍ വരെ സൂര്യകാന്തിയിലെ ഭക്ഷ്യമേളയില്‍ ഉണ്ടാകും. നിശാഗന്ധിയില്‍ വ്യത്യസ്തങ്ങളായ കലാപരിപാടികളും വസന്തോത്സവത്തിന്റെ ഭാഗമായി നടത്തും. വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളുടെ പങ്കാളിത്തവും കലാപരിപാടികളില്‍ ഉണ്ടാകും.

കല്‍പ്പറ്റയിലെ എം.എസ്.സ്വാമി നാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സാമൂഹിക കാര്‍ഷിക ജൈവ വൈവിധ്യ കേന്ദ്രം ഒരുക്കുന്ന വയനാടന്‍ വിത്തുപുരയില്‍ ജീരകശാല, ഗ്രന്ഥശാല തുടങ്ങിയ അപൂര്‍വ്വ നെല്‍ വിത്തിനങ്ങളും തനത് പയര്‍ വിത്തിനങ്ങളും ഉണ്ടാകും.

ഹരിത കേരളം, ആര്‍ദ്രം, വിദ്യാഭ്യാസം, ജീവനം തുടങ്ങിയ മിഷനുകളുടെ സ്റ്റാളുകളും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകളും വ്യാപാര സ്റ്റാളുകളും വസന്തോത്സവത്തില്‍ ഉണ്ടാകും. കരകൗശല ഉത്പന്നങ്ങള്‍ ഇരിങ്ങല്‍ ക്രാഫ്റ്റ്സ് വില്ലേജിന്റെ പ്രത്യേക സ്റ്റാളിലുണ്ടാകും.

തിരുവനന്തപുരം സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ കനകക്കുന്നിലും സൂര്യകാന്തിയിലുമായി വസന്തോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. സിസി ടി വി അടക്കമുള്ളവ കനകക്കുന്നിലും സൂര്യകാന്തിയിലും സജ്ജീകരിക്കും. ഞായറാഴ്ച മുതല്‍ വസന്തോത്സവം സമാപിക്കുന്ന ഈ മാസം 14 വരെ 7 ദിവസം കനകക്കുന്നിലെ പ്രഭാത-സായാഹ്ന നടത്തത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവരും ഇതുമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

മേളയിലേയ്ക്കുളള പ്രവേശനം ടിക്കറ്റ് മുഖേനയാണ്.

ടിക്കറ്റ് നിരക്കുകള്‍

5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യം
5 വയസ്സു മുതല്‍ 12 വയസ്സ് വരെ – രൂപ 15/ (ഒരാള്‍ക്ക്)
12 വയസ്സിന് മുകളില്‍ – രൂപ 40/ (ഒരാള്‍ക്ക്)

ഫാമിലി ടിക്കറ്റ്

(അച്ഛന്‍, അമ്മ കൂടാതെ 5 വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള രണ്ട് കുട്ടികള്‍) – 100 രൂപ

സ്‌ക്കൂള്‍ കുട്ടികള്‍ക്ക് പരമാവധി 50 പേര്‍ അടങ്ങുന്ന സ്‌ക്കൂള്‍ കുട്ടികളുടെ സംഘം 500 രൂപ (5 സ്‌ക്കൂള്‍ സ്റ്റാഫിന് സൗജന്യം).
ടിക്കറ്റുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആല്‍ത്തറ, കവടിയാര്‍, വഴുതയ്ക്കാട്, നന്തന്‍കോട് (എല്‍.എം.എസ്.കോമ്പൗണ്ട്), ജവഹര്‍ നഗര്‍ തുടങ്ങിയ ബ്രാഞ്ചുകളില്‍ നിന്നും ലഭ്യമാണ്. കൂടാതെ ഓണ്‍ലൈന്‍ വഴിയും ടിക്കറ്റ് ലഭ്യമാണ്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ് www.vasantholsavamkerala.org എന്ന വെബ്സൈറ്റ് സന്ദര്‍ശിയ്ക്കാവുന്നതാണ്. സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ കനകക്കുന്ന് പ്രധാന കവാടത്തിന് ഇരുവശങ്ങളിലായി 12 ടിക്കറ്റ് കൗണ്ടറുകള്‍ എസ്.ബി.ഐ.യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിയ്ക്കും. രാവിലെ 10 മുതല്‍ രാത്രി 8 വരെയാണ് മേളയിലേയ്ക്കുള്ള പ്രവേശനം.

Leave a Reply

Your email address will not be published.