നൊബേല്‍ സമ്മാന ജേതാവ് ഹാര്‍ ഗോബിന്ദ് ഖൊറാനയെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍

നൊബേല്‍ സമ്മാന ജേതാവ് ഹാര്‍ ഗോബിന്ദ് ഖൊറാനയെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍

മുംബൈ: ഡിഎന്‍എയെക്കുറിച്ച് നടത്തിയ ഗവേഷണത്തിലും സിന്തറ്റിക് ജീന്‍ നിര്‍മ്മിക്കുന്നതിലും പ്രരശസ്തനായിരുന്ന നൊബേല്‍ സമ്മാന ജേതാവ് ഹാര്‍ ഗോബിന്ദ് ഖൊറാനയുടെ 96-ാം ജന്മവാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. ജീവന്റെ ഭാഷമനസ്സിലാക്കാനുള്ള മനുഷ്യന്റെ അന്വേഷണത്തിനും പരീക്ഷണത്തിനും നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ ഇന്ത്യന്‍ ശാസ്ത്രജ്ഞനാണ് അദ്ദേഹം.

1922 ജനുവരി 9-ന് ഇപ്പോഴത്തെ പാക്കിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന പഞ്ചാബിലെ റായ്പൂരിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് ബ്രിട്ടീഷ് ഇന്ത്യ ഗവണ്‍മെന്റില്‍ കാര്‍ഷികാദായ നികുതി ഗുമസ്തനായിരുന്നു. മുള്‍ട്ടാന്‍ ഡി.എ.വി സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ ഖൊറാന ഭാരത സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറല്‍ ബിരുദം നേടി. തുടര്‍ന്ന് സൂറച്ചില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണവും നടത്തി. ഭാരത്തിലെത്തി ഡല്‍ഹി സര്‍വകലാശാലയില്‍ അദ്ധ്യാപകനാകാന്‍ ആഗ്രഹിച്ചെങ്കിലും അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് വിദേശത്ത് തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു. പിന്നീട് അമേരിക്കന്‍ പൗരത്വം സ്വീകരിക്കുകയും ചെയ്തു.

1952-ല്‍ കാനഡയിലെ വാന്‍കോവറിലെ ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയില്‍ അദ്ധ്യാപകനായി. ശരീരത്തില്‍ ജീവശാസ്ത്രപ്രവര്‍ത്തനത്തിന് ആവശ്യമായ ‘കോഎന്‍സൈം എ’ എന്ന രാസവസ്തു കണ്ടെത്തി. പരീക്ഷണശാലയില്‍ ജനിതകരേഖ മനസ്സിലാക്കാന്‍ സാധിച്ചത് ജൈവസാങ്കേതിക രംഗത്തെ അമൂല്യ നേട്ടമായി. ഈ സംഭാവനക്ക് 1968-ല്‍ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കിട്ടു. 1970ല്‍ അമേരിക്കയിലെ എം.ഐ.ടിയില്‍ ആല്‍ഫ്രഡ് സ്ലോവന്‍ പ്രൊഫസര്‍ എന്ന അദ്ധ്യാപക സ്ഥാനം സ്വീകരിച്ചു.

1968ല്‍ ജനിതക കോഡും അവയുടെ പ്രോട്ടീന്‍ സംയുക്തവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന് നോബല്‍ സമ്മാനം നേടി. ഡോ. ഖൊറാനയോടൊപ്പം റോബര്‍ട്ട് ഡബ്ല്യു ഹോളി, മാര്‍ഷല്‍ ഡബ്ല്യൂ. നെയ്ര്ന്‍ബെര്‍ഗ് എന്നീ രണ്ട് ശാസ്ത്രജ്ഞന്മാര്‍ക്കും നോബല്‍ സമ്മാനം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published.