വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന് യുവതിയെ സഹജീവനക്കാരന്‍ കുത്തിക്കൊന്നു

വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന് യുവതിയെ സഹജീവനക്കാരന്‍ കുത്തിക്കൊന്നു

ഹൈദരാബാദ്: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയായ യുവതിയെ സഹജീവനക്കാരന്‍ കുത്തിക്കൊന്നു. സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയായ ബോനു ജാനകി (24) ആണ് കൊല്ലപ്പെട്ടത്. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സഹപ്രവര്‍ത്തകനായ ആനന്ദ് ആനന്ദപ്പ നിരന്തരമായി ജാനകിയെ ശല്യപ്പെടുത്താറുണ്ടായിരുന്നു. ഇത് സംബന്ധിച്ച് സഹജീവനക്കാരോട് ജാനകി പരാതി പറയാറുമുണ്ടായിരുന്നു. വിവാഹം നിരസിച്ചതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.

നിരന്തരമായ ശല്യപ്പെടുത്തല്‍ ഫലം കാണാതായപ്പോള്‍ ആനന്ദ് ജാനകിയുടെ വീട്ടില്‍ പോയി, യുവതിയുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തു. ഇതിനിടയില്‍ അടുക്കളയിലുണ്ടായിരുന്ന കത്തി കൊണ്ട് മൂന്ന് തവണ ജാനകിയെ മാരകമായി കുത്തി പരിക്കേല്‍പിച്ചു. അരിശം തീരാതെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. മരണാസന്ന നിലയില്‍ തറയില്‍ വീണു കിടക്കുകയായിരുന്നു ജാനകിയെ ജോലി കഴിഞ്ഞെത്തിയ റൂം മേറ്റ് രൂപ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

കുത്തിയതിന് പുറമെ അക്രമി കഴുത്ത് ഞെരിച്ചതാണ് ജാനകിയുടെ മരണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മുറിവില്‍ നിന്നും ധാരാളം രക്തം വാര്‍ന്നതും മരണം നേരത്തെയാക്കി. ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്രീകുളം ജില്ലയാണ് ജാനകിയുടെ സ്വദേശം. മൂന്ന് വര്‍ഷം മുമ്ബാണ് ജോലിക്കായി ഹൈദരാബാദിലേക്ക് വന്നത്. ദരിദ്ര സാഹചര്യത്തില്‍ നിന്നും വരുന്ന ജാനകിയുടെ തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞ് പോകുന്നത്. സംക്രാന്തി ഉത്സവത്തിന്റെ ഭാഗമായി നാട്ടില്‍ പോവാനിരുന്നതായിരുന്നു ജാനകി. കഴിഞ്ഞ വര്‍ഷാവസാനമായിരുന്നു സിക്കന്തരാബാദില്‍ സന്ധ്യ എന്ന യുവതിയെ മുന്‍ സഹപ്രവര്‍ത്തകന്‍ പ്രണയം നിഷേധിച്ചതിനെ തുടര്‍ന്ന് പൊതു സ്ഥലത്ത് വെച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published.