ദൈവത്തിന്റെയും കെ.കുമാറിന്റെയും ജീവിതത്തിലെ സുവിശേഷങ്ങള്‍, സലിംകുമാര്‍ ട്രാക്ക് മാറുന്നു! ശൈലന്റെ റിവ്യു

സലിം കുമാറിനെ വിശേഷപ്പിക്കാന്‍ ദേശീയ പുരസ്‌കാരം കിട്ടിയ കണക്കൊന്നും പറയണമെന്നില്ലെങ്കിലും സിനിമയെ ജീവിതമാക്കിയ താരം രണ്ട് സിനിമകളാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആരും സഞ്ചരിക്കാത്ത സിനിമയുടെ മായലോകത്തൂടെ സഞ്ചരിക്കുന്ന സലിം കുമാര്‍ കറുത്ത ജൂതന് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് ദൈവമേ കൈതൊഴാം k.കുമാറാകണം. ജയറാമാണ് നായകന്‍, ഒപ്പം അനുശ്രീ, സലിം കുമാര്‍, നെടുമുടി വേണു, ശ്രീനിവാസന്‍ പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നര്‍മ്മത്തില്‍ ചാലിച്ചെടുത്ത കഥയും കഥാപാത്രങ്ങളുമാണ് സിനിമയിലൂടെ നീളം കാണിച്ചിരുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ…

കറുത്ത ജൂതന്‍ എന്ന സിനിമയിലൂടെ മലയാളം കണ്ട ഏറ്റവും ഗൗരവതരമായ ഒരു സബ്ജക്റ്റ് മുന്നോട്ട് വച്ച് ശ്രദ്ധേയനാവുകയും സംസ്ഥാന അവാര്‍ഡ് (ഒറിജിനല്‍ സ്റ്റോറി) നേടുകയും ചെയ്ത സലിം കുമാര്‍ തന്റെ പുതിയ സിനിമയായ ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’ തീര്‍ത്തും വ്യത്യസ്തമായ ഒരു ട്രാക്കിലൂടെ ആണ് കൊണ്ട് പോവുന്നത്. പേരു സൂചിക്കുന്ന പോലെ തന്നെ തികച്ചും വിചിത്രമായ ഒരു ഴോണര്‍ ആണ് പടത്തിന്റെത്. കോമഡിയുടെയും സറ്റയറിന്റെയും ഫാന്റസിയുടെയും ബ്ലെന്‍ഡിംഗിലൂടെ പടം പലപ്പോഴും ആനുകാലികവും പൊളിറ്റിക്കലുമായ ശുദ്ധഹാസ്യവും തെളിഞ്ഞ ചിരിയും സമ്മാനിക്കുന്നു.

ഒരു മതത്തിന്റെയും പ്രതിനിധിയല്ല എന്ന് മുന്‍കൂര്‍ ജാമ്യമെടുത്തുകൊണ്ട് ദൈവത്തെ ഒരു മുഖ്യകഥാപാത്രമായി അവതരിപ്പിച്ചു കൊണ്ടാണ്’ 150 മിനുറ്റുള്ള ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’ ആരംഭിക്കുന്നത്. നെടുമുടി വേണുവാണ് ദൈവത്തിന്‍ റോളില്‍. അനുചരന്‍ ആയി കോട്ടയം പ്രദീപിന്റെ മായാദത്തനുമുണ്ട്. ദൈവവും മായാദത്തനും കൂടി കേരളത്തിലുള്ള ഉണ്ണായിപുരം ഗ്രാമത്തിലെ നടുവിലകത്ത് വീട്ടില്‍ ഉള്ള കൃഷ്ണകുമാറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താനും അവിടെ അല്പ കാലം ചിലവഴിക്കാനും തീരുമാനമെടുക്കയും ഭൂമിയിലേക്ക് യാത്ര തിരിക്കുകയും ചെയ്യുന്നു. കേരളത്തില്‍ ഒരു മലയോര പാതയില്‍ വന്നിറങ്ങിയ അവര്‍ക്ക് ഒരു സംഘം ബംഗാളികളെ ആണ് കാണാന്‍ കഴിയുന്നത്. മലയാളികളൊക്കെ എവിടെ എന്ന സംശയത്തിനുത്തരമായി ബംഗാളി കൈചൂണ്ടുന്നത് ‘ജാതിഭേദം മതദ്വേഷം ഒന്നും കൂടാതെ സോദരത്വേന’ വരി നില്‍ക്കുന്ന ബീവറേജിന്റെ ക്യൂവിലേക്കാണ്.

ഉണ്ണായിപുരം ഗ്രാമത്തിലെ ഗ്രാമസേവകനായ നടുവിലകത്ത് കൃഷ്ണകുമാര്‍ ദൈവം എത്തിച്ചേരുമെന്ന വാട്ട്‌സപ്പ് മെസേജ് കിട്ടിയതിനെ തുടര്‍ന്ന് ഗംഭീര സ്വീകരണം ഒരുക്കുന്നു. ആനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ വിലക്ക് ഉള്ളതിനാല്‍ പകരം ജെസിബി വച്ചൊക്കെയാണ് പരിപാടി കളറാക്കുന്നത്. കുഴിമടിയനും വിചിത്ര സ്വഭാവിയും ഭാര്യയായ നിര്‍മ്മലയ്ക്ക് കൈയൊഴിയാതെ പണി കൊടുക്കുന്നവനുമായ കെ.കുമാര്‍ എന്ന കൃഷ്ണ കുമാറിന് ആ വീട്ടില്‍ താമസമാക്കുന്ന ദൈവം കൊടുക്കുന്ന എട്ടിന്റെ പണികളാണ് സിനിമയുടെ ഇതിവൃത്തം.

തന്റെ ഡിസ്‌ക് പ്രോബ്ലവും ജൈവികമായ ജീവിത രീതിയും പറഞ്ഞ് നിര്‍മ്മലയെ ചക്രശ്വാസം ചവുട്ടിക്കുന്ന കെ.കുമാറിന്റെ മുന്നില്‍ ഒരു കരാര്‍ വെക്കുകയും അവരുടെ ജോലികള്‍ തമ്മില്‍ വച്ചുമാറുകയും ചെയ്യുന്നതോടെ അയാളുടെ ജീവിതം ആരും പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളിലേക്ക് പോവുകയാണ്. ദൈവത്തിന്റെ വിക്രിയകള്‍ അയാളുടെയും നിര്‍മ്മലയുടെയും ജീവിതം പ്രതിസന്ധിയിലാഴ്ത്തുകയും കൈവിട്ടുപോകും വിധം പ്രശ്‌നഭരിതമാക്കുകയും ചെയ്യുമ്പോള്‍ സിനിമ ഡാര്‍ക്ക് കോമഡി ആയി മാറുന്നു.

കെ. കുമാറിന്റെ അമ്മാവന്റെ മകനും വണ്‍ഗ്രാം ആഭരണക്കടയായ മെസ്സി-കരിമണ്ണൂര്‍ ജ്വല്ലറിയുടെ ഉടമസ്ഥനുമായ ഗോപി കരിമണ്ണൂരിന്റെ കുടുംബജീവിതവും സാമൂഹികജീവിതവുമൊക്കെ പാരലലായി വരുന്നുണ്ട്. മെസ്സിയുടെയൊപ്പം അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീമില്‍ മിന്നിത്തിളങ്ങും സ്‌ട്രൈക്കറായുള്ള ഗോപിയുടെ അരങ്ങേറ്റമൊക്കെ ക്ലാസ് ആണ്.. ഭാര്യ സീമയും മകനുമൊത്തുള്ള കുടുംബജീവിതവും നന്നായിത്തന്നെ കാണിക്കുന്നു. സലിം കുമാര്‍ പഴയ ഫോമിലേക്കും ഗ്രെയ്‌സിലേക്കും തിരിച്ചെത്തുന്നു ഗോപി കരിമണ്ണൂരിലൂടെ. അഞ്ജലി ആണ് സീമ.

സലിം കുമാര്‍ പുതിയ പടത്തിലേക്ക് ജയറാമിനെ കാസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത വന്നപ്പോള്‍ പുള്ളിക്കിതെന്ത് പറ്റി എന്ന് വാ പൊളിച്ചവരാകും ഒരുപാട് പേര്‍. കെ.കുമാറാവാന്‍ ജയറാം തന്നെ ധാരാളം. അനുശ്രീ തന്റെതായ തനതുശൈലിയില്‍ തന്നെ നിര്‍മ്മല ആയിരിക്കുന്നു. ദൈവമായ നെടുമുടിക്ക് തന്റെതായ ഗ്രെയ്‌സ് ഉണ്ട്. ചെറു റോളുകള്‍ ചെയ്ത് ചെയ്ത് ആളുകളെ തന്റെ വരുതിയിലാക്കിയ കോട്ടയം പ്രദീപിന് ഇതാദ്യമായി ഒരു മുഴുനീളറോള്‍ ലഭിച്ചിരിക്കുന്നു.

സിനിമയിലെ ഏക ഗാനം ടൈറ്റില്‍ സമയത്താണ് ഉള്ളത്. നാദിര്‍ഷ ചിട്ടപ്പെടുത്തിയിരിക്കുന്ന ട്യൂണ്‍ കൊള്ളാം. വിജയ് യേശുദാസിനൊപ്പം അത് പാടിയിരിക്കുന്നത് കാവ്യ മാധവന്‍ ആണെന്നത് ഒരു കൗതുകം. പടത്തിന്റെ പശ്ചാത്തല സംഗീതം ബിജിബാലിന്റെ ആണ്. ബീജിയം മിക്കപ്പോഴും ഒരു ബാധ്യതയായി മാറുന്നതായി തോന്നുകയും ചെയ്തു.